thrissur local

തൊഴിലാളികള്‍ക്ക് കൂലി നല്‍കാനുള്ള ഉത്തരവ് നിഷേധിച്ചതായി ആക്ഷേപം

പുതുക്കാട്: അടിക്കാട് വെട്ടിയ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് കൂലി നല്‍കാനുള്ള കോടതി ഉത്തരവ് വനം വകുപ്പ് നിഷേധിച്ചതായി ആക്ഷേപം.
പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ അടിക്കാട് വെട്ടിയ തൊഴിലാളികളാണ് കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയിട്ടും പണിക്കൂലി കിട്ടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കാലില്‍ വീഴുന്നത്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള 14 തൊഴിലാളികള്‍ക്കാണ് ഒരു വര്‍ഷം മുന്‍പ് അടിക്കാട് വെട്ടിയ ഇനത്തില്‍ വനം വകുപ്പ് കൂലി നല്‍കാനുള്ളത്. രണ്ട് ലക്ഷത്തിലേറെ രൂപ കൂലിയായി നല്‍കാനുണ്ടായിട്ടും പല കാരണങ്ങള്‍ പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നുവെന്ന് പറയുന്നു.
തൊഴിലാളികളുടെ പ്രശ്‌നം മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നതിനെതുടര്‍ന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി സ്വമേധയാ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് ജനുവരിയില്‍ വരന്തരപ്പിള്ളിയില്‍ നടന്ന അദാലത്തില്‍ തൊഴിലാളികളുടെ കൂലി കൊടുത്തു തീര്‍ക്കാന്‍ കോടതി ചാലക്കുടി ഡിഎഫ്ഒയ്ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ കൂലി നല്‍കാമെന്ന് പറഞ്ഞ് ശനിയാഴ്ച തൊഴിലാളികളെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും കോടതി നിര്‍ദേശിച്ച കൂലി നല്‍കാതെ ഉദ്യോഗസ്ഥര്‍ അവഹേളിക്കുകയും ചെയ്തുവെന്ന് ഗ്രൂപ്പ് ലീഡര്‍ ലീലാമ്മ അറിയിച്ചു. 2 ലക്ഷത്തി അയ്യായിരം രൂപ നല്‍കാനുള്ള സാഹചര്യത്തില്‍ ഒരു ലക്ഷത്തി അമ്പത്തിയാറായിരം രൂപ നല്‍കി. എല്ലാ തുകയും കിട്ടിയെന്ന് സമ്മതിച്ച് ഒപ്പിട്ടു നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായും തൊഴിലാളികള്‍ പറയുന്നു. പണം തിരികെ നല്‍കിയ തൊഴിലാളികള്‍ കോടതി നിര്‍ദേശം അവഗണിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ന് പരാതി നല്‍കുമെന്നും അറിയിച്ചു. എന്നാല്‍ തൊഴിലാളികളുടെ കൂലി പ്രശ്‌നം നേരത്തേ പരിഹരിച്ചതാണെന്ന് ഡിഎഫ്ഒ ആര്‍ കീര്‍ത്തി പറയുന്നു. കാടുവെട്ടിയതിനുള്ള കൂലിയാണ് ഇപ്പോള്‍ കൊടുക്കാമെന്നേറ്റത്. 1,56,000 രൂപ തൊഴിലാളികള്‍ തിങ്കളാഴ്ച വാങ്ങുമെന്നും ഡിഎഫ്ഒ പറഞ്ഞു. തൊഴിലാളികള്‍ കിട്ടാനുണ്ടെന്നു പറയുന്ന 2,05,000 രൂപയെക്കുറിച്ച് അറിയില്ലെന്നും ഡിഎഫ്ഒ പറഞ്ഞു.
Next Story

RELATED STORIES

Share it