thrissur local

തൊഴിലാളികള്‍ക്ക് കരാര്‍ കമ്പനി വേതനംനല്‍കിയില്ലെന്നു പരാതി

ഗുരുവായൂര്‍: ഗുരുവായൂര്‍ അഴുക്ക്ചാല്‍ പദ്ധതിയില്‍ പണിയെടുത്ത തൊഴിലാളികള്‍ക്ക് നിര്‍മാണകരാറെടുത്ത കമ്പനി വേതനം നല്‍കിയില്ലെന്ന് പരാതി. 21 തൊഴിലാളികളാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കരാറുകാരന്‍ കൂലി നല്‍കിയില്ല എന്ന് കാണിച്ച് ഗുരുവായൂര്‍ ടെമ്പിള്‍ പോലിസില്‍ പരാതി നല്‍കിയത്. അഴുക്ക്ചാല്‍ പദ്ധതി കരാറെടുത്ത വാസ്‌കോ എന്‍വയോണ്‍മെന്റ് കമ്പനിക്കുവേണ്ടി അഞ്ച് മാസം മുമ്പാണ് ഇവര്‍ ഗുരുവായൂരിലെത്തിയത്. രാത്രിയും പകലുമായി മാന്‍ഹോള്‍, സൈഡ്‌ചേമ്പര്‍ എന്നിവക്കുവേണ്ടി ആഴത്തില്‍ കുഴിയെടുക്കുന്നതടക്കമുള്ള പ്രവൃത്തികളാണിവര്‍ ചെയ്തിരുന്നത്. ആഴ്ചയില്‍ വീട്ടിലേക്ക് പോകുന്ന സമയത്ത് മാത്രമാണ് ഇവര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. കഴിഞ്ഞ ശനിയാഴ്ച അഴുക്കുചാല്‍ പദ്ധതിയുടെ പണികളെല്ലാം പൂര്‍ണമായി തീര്‍ത്തെങ്കിലും വേതനം ലഭിക്കാത്തിനാല്‍ ഇവര്‍ക്ക് നാട്ടിലേക്ക് പോകാനായില്ല. ഭക്ഷണത്തിനു പോലും കാശില്ലാത്ത അവസ്ഥയിലാണ് ഓരോ തൊഴിലാളിയും. ഓരോരുത്തര്‍ക്കും 8000 രൂപ മുതല്‍ 20,000 രൂപ വരെ കമ്പനി അധിക്യതര്‍ നല്‍കാനുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇവരെ കൊണ്ടു വന്ന കൊല്ലം സ്വദേശിയായ സൈറ്റ് എഞ്ചിനീയര്‍ക്കും രണ്ടു മാസത്തെ ശമ്പളകുടിശ്ശിക കമ്പനി നല്‍കുവാനുണ്ട്. കഴിഞ്ഞ ദിവസം അസുഖം ബാധിച്ച തൊഴിലാളിയെ ആശുപത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കാന്‍ പോലും കാശില്ലാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ പോലിസില്‍ പരാതി നല്‍കിയത്. താമസിക്കുന്ന സ്ഥലത്തു നിന്ന് ഇറക്കിവിടുമെന്ന ഭീഷണിയും ഉള്ളതായി തൊഴിലാളികള്‍ പറയുന്നു. ചാവക്കാട് ലേബര്‍ ഓഫിസര്‍ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it