Pravasi

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനു ഖത്തര്‍ പ്രതിജ്ഞാബദ്ധം



ദോഹ: പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ മനുഷ്യാവകാശ വിഭാഗം ഉപമേധാവി ഫൈസല്‍ അബ്ദുല്ല ആല്‍ ഹിന്‍സാബ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഖത്തറിലെ വികസനം യാഥാര്‍ഥ്യമാക്കുന്നതിന്റെ പ്രധാന കേന്ദ്രീകരണം മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിലൂടെയാണെന്നും അറബ് മനുഷ്യാവകാശ സമിതി അധ്യക്ഷന്‍ മുഹമ്മദ് ഫസീഹുമായി ചേര്‍ന്ന് അറബ് ലീഗിന്റെ കെയ്‌റോ ആസ്ഥാനത്ത് വച്ച് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. അറബ് മനുഷ്യാവകാശ സമിതിയുടെ പതിമൂന്നാമത് യോഗ തീരുമാനം വിശദീകരിക്കുകയായിരുന്നു ഇരുവരും. ഖത്തറിന്റെ ഒന്നാമത് പീരിയോഡിക് റിപോര്‍ട്ടാണ് യോഗത്തില്‍ പ്രധാന ചര്‍ച്ചയായത്. ഖത്തര്‍ റിപോര്‍ട്ടിനോടുള്ള ചര്‍ച്ചകളിലെ പൊതുസമീപനത്തെ ഫൈസല്‍ ആല്‍ ഹിന്‍സാബ് സ്വാഗതം ചെയ്തു. രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു നിരവധി നിയമ ഭേദഗതികളും നിയമ നിര്‍മാണവും ഖത്തര്‍ നടപ്പാക്കിയിട്ടുണ്ട്. തര്‍ക്ക പരിഹാര സമിതികള്‍ രൂപീകരിക്കുകയും സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയെ കരാര്‍ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തു. അന്താരാഷ്ട്ര തൊഴില്‍ സംഘടന ഖത്തറിന്റെ ഈ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വികസന കുതിപ്പിലെ അടിസ്ഥാന പങ്കാളിയായാണ് പ്രവാസി തൊഴിലാളിയെ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രവാസി തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനു ഖത്തര്‍ സ്വീകരിച്ച നിയമ ഭേദഗതിയെ മുഹമ്മദ് ഫസീഹ് സ്വാഗതം ചെയ്തു. തൊഴിലാളികളുടെ ശമ്പളം ബാങ്കുകള്‍ വഴിയാക്കിയത് മാതൃകാ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, അറബ് സമിതിക്കു മുമ്പാകെ മനുഷ്യാവകാശ റിപോര്‍ട്ട് സമര്‍പ്പിക്കാത്ത രാജ്യങ്ങള്‍ എത്രയും പെട്ടെന്ന് അത് സമര്‍പ്പിക്കണമെന്ന് മുഹമ്മദ് ഫസീഹ് ആവശ്യപ്പെട്ടു. അറബ് മനുഷ്യാവകാശ കരാറിനു അംഗീകാരം നല്‍കാത്ത രാജ്യങ്ങള്‍ ഉടനടി അംഗീകാരം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it