palakkad local

തൊഴിലാളികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മയില്‍ താല്‍ക്കാലിക വീടുകള്‍ ഉയര്‍ന്നു

ആലത്തൂര്‍: തൊഴിലാളികളുടെ കരുത്തും സന്നദ്ധ സംഘടനകളുടെ സാമ്പത്തിക സഹായവും ഒരുമിച്ചപ്പോള്‍ ആലത്തൂരില്‍ ഒരു ദിവസം കൊണ്ട് എട്ട് താല്‍ക്കാലിക വീടുകള്‍ ഉയര്‍ന്നു. പുതിയങ്കം തെക്കുമുറി ലക്ഷം വീട് കോളനിയിലാണ് താല്‍ക്കാലിക ഷെഡുകള്‍ നിര്‍മിച്ചത്. പെരുങ്കുളത്തെ മൂന്ന് വീടുകള്‍ പിന്നീട് നിര്‍മിക്കും.
ലയണ്‍സ് ക്ലബ്, കാവശ്ശേരി ചുണ്ടക്കാട് പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്, മൂച്ചിക്കാട് ബ്രദേഴ്‌സ് ക്ലബ്,ഗുരുകുലം സ്‌കൂള്‍, പഞ്ചായത്ത് ജീവനക്കാര്‍, വ്യാപാരികള്‍, വ്യക്തികള്‍, രാഷ്ട്രീയ കക്ഷികള്‍ എന്നിവര്‍ സാമ്പത്തിക സഹായവുമായെത്തിയപ്പോള്‍ കുനിശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കേഡ് ബില്‍ഡേഴ്‌സ് 100 തൊഴിലാളികളുടെ സേവനമാണ് സംഭാവന ചെയ്തത്.
ആശാരിമാര്‍, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, വെല്‍ഡിംഗ് തൊഴിലാളികള്‍ ഉള്‍പ്പടെ ശ്രമദാനമായി നിര്‍മാണം ഏറ്റെടുത്തു. കനത്ത മഴയില്‍ ഗ്രാമപഞ്ചായത്തിലെ 16 വീടുകള്‍ പൂര്‍ണ്ണമായും 19 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു.
ഇവരില്‍ താല്‍ക്കാലിക ഷെഡ് ആവശ്യമായി വന്നത്. ഇവരില്‍ തെക്കുമുറിയിലെ സഫിയ, സുഹറ, സീനത്ത്, ഐസുമ്മ, സാലുദ്ദീന്‍ ജബ്ബാര്‍, കാജാ ഹുസൈന്‍, മെഹബൂബ്, സൈനബ എന്നിവരുടെ താല്‍ക്കാലിക വീടാണ് പൂര്‍ത്തിയായത്.
കെ ഡി പ്രസേനന്‍ എംഎല്‍എ നിര്‍മാണം ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ രമ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം എ നാസര്‍, പി വി കൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ വനജ, റംല ഉസ്മാന്‍, ആര്‍കേഡ് ബില്‍ഡേഴ്‌സ് ഉടമ ആര്‍ രാജേഷ്‌കുമാര്‍, വെല്‍ഫെയര്‍ പാര്‍ടി പ്രതിനിധി ഷെരീഫ്, ബി എസ് എസ് ഗുരുകുലം മേധാവി വിജയന്‍, വി ആനന്ദ്, സുനു ചന്ദ്രന്‍, ആര്‍ രമേഷ് കുമാര്‍, സി ഭവദാസന്‍ എന്നിവര്‍ സംസാരിച്ചു.



Next Story

RELATED STORIES

Share it