Flash News

തൊപ്പികള്‍ വലിച്ചൂരി, മാട്ടിറച്ചി കഴിക്കുന്നവരല്ലേ എന്ന് ചോദിച്ച് മുഖത്തടിച്ചു: ജുനൈദിന്റെ സഹോദരന്‍

തൊപ്പികള്‍ വലിച്ചൂരി, മാട്ടിറച്ചി കഴിക്കുന്നവരല്ലേ എന്ന് ചോദിച്ച് മുഖത്തടിച്ചു: ജുനൈദിന്റെ സഹോദരന്‍
X


ന്യൂഡല്‍ഹി: അവര്‍ തങ്ങളുടെ തൊപ്പികള്‍ വലിച്ചൂരി, മാട്ടിറച്ചി കഴിക്കുന്നവരല്ലേ തങ്ങള്‍ എന്ന് ചോദിച്ച് മുഖത്തടിച്ചു, തന്റെ സഹോദരന്റെ താടി പിടിച്ചുവലിച്ചു...”ഡല്‍ഹി മഥുര പാസഞ്ചര്‍ ട്രെയിനില്‍ ഹിന്ദു വര്‍ഗീയവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 15കാരന്‍ ജുനൈദ് ഖാന്റെ സഹോദരന്‍ ഷാഖിര്‍ ട്രെയിനിലെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ഡല്‍ഹി എഐഐഎംഎസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് ഷാഖിര്‍. സാക്കിറിനു പുറമേ മറ്റൊരു സഹോദരനായ ഹാഷിമിനും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അവര്‍ തങ്ങളെ മാട്ടിറച്ചി കഴിക്കുന്നവരെന്ന് പറഞ്ഞാണ് ഉപദ്രവിച്ചത്. എന്നാല്‍ തങ്ങളുടെ വീട്ടില്‍ മാത്രമല്ല ഗ്രാമത്തില്‍പോലും ഇപ്പോള്‍ മാട്ടിറച്ചി പാകംചെയ്യാറില്ലെന്ന് ഷാഖിര്‍ പറഞ്ഞു. ട്രെയിന്‍ ബല്ലഭ്ഘടിലെത്തിയപ്പോള്‍ അവര്‍ കത്തി പുറത്തെടുത്തു. തങ്ങളേക്കാള്‍ പ്രായമുള്ളവരായിരുന്നു അവര്‍ 30 വയസ്സിലധികം പ്രായമുള്ളവര്‍. അവരുടെ മുന്നില്‍ തങ്ങള്‍ക്ക് നിസ്സഹായരായി നില്‍ക്കാനേ കഴിഞ്ഞുള്ളൂവെന്നും ഷാഖിര്‍ പറഞ്ഞു. ചെറിയപെരുന്നാളിനു മുന്നോടിയായി ഡല്‍ഹിയില്‍ ഷോപ്പിങിനു പോയി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ട്രെയിനിലെ സഹയാത്രികരില്‍ ചിലര്‍ തങ്ങളുടെ പക്കല്‍ മാട്ടിറച്ചിയുള്ളതായി സംശയിച്ചു. തുടര്‍ന്ന് സഹയാത്രികരില്‍ ചിലര്‍ പ്രശ്‌നമുണ്ടാക്കാനാരംഭിച്ചു. അതിനെ എതിര്‍ത്തപ്പോള്‍ അവര്‍ ആക്രമിക്കാന്‍ ആരംഭിക്കുകയായിരുന്നെന്നും സാക്കിര്‍ അറിയിച്ചു.  സമാധാനം ആഗ്രഹിക്കുന്ന ഒരു കുട്ടിയായിരുന്നു ജുനൈദെന്ന് മൂത്ത സഹോദരന്‍ ഇസ്മയില്‍ പറഞ്ഞു. വളരുമ്പോള്‍ മൗലവിമാരാവണമെന്നായിരുന്നു ജുനൈദിന്റെയും ഹാഷിമിന്റെയും ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു.ഖുറാന്‍ മനപ്പാഠമാക്കി ഹാഫിസ് പദവി ലഭിച്ചതിന് ജുനൈദിന് മാതാവ് പാരിതോഷികമായി നല്‍കിയ 1500 രൂപയുമായായിരുന്നു തന്റെ മക്കള്‍ ഡല്‍ഹിയില്‍ പോയതെന്ന്  പിതാവ് ജലാലുദ്ദീന്‍ പറഞ്ഞു. ചെറിയപെരുന്നാളിനായി മിഠായികളും മധുരപലഹാരങ്ങളും വാങ്ങാന്‍ പോയതായിരുന്നു തന്റെ മക്കള്‍. ഈദുല്‍ ഫിത്വ്‌റിനേക്കായി മികച്ച മധുരപലഹാരങ്ങള്‍ വാങ്ങാനാണ് അവരുടെ മാതാവ് പറഞ്ഞിരുന്നത്. ഡല്‍ഹിയില്‍ പോയി നേരത്തേ വീട്ടില്‍ തിരിച്ചെത്താമെന്ന് ജുനൈദ് വാക്കു പറഞ്ഞിരുന്നു. പക്ഷേ, തിരിച്ചെത്തിയത് അവന്റെ മൃതദേഹമായിരുന്നു-ജലാലുദ്ദീന്‍ പറഞ്ഞു. എങ്ങനെയാണവര്‍ക്ക് തന്റെ മകനെ കൊലപ്പെടുത്താന്‍ തക്കവണ്ണം ക്രൂരന്‍മാരാവാന്‍ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it