Pathanamthitta local

തൊണ്ണൂറുകാരിയെ കട്ടിലില്‍ കിടത്തി സ്റ്റേഷനില്‍ എത്തിച്ച സംഭവത്തില്‍ ബന്ധുക്കള്‍ക്കെതിരേ കേസെടുത്തു

റാന്നി: വസ്തുവില്‍ നിന്ന മരം മുറിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയില്‍ തൊണ്ണൂറുകാരിയെ കട്ടിലില്‍ കിടത്തി ബന്ധുക്കള്‍ സ്റ്റേഷനില്‍ എത്തിച്ച സംഭവത്തില്‍ ബന്ധുക്കള്‍ക്കെതിരേ കേസെടുത്തു. വയോജന സംക്ഷണ നിയമപ്രകാരം സുമോട്ടാ ആയാണ് കേസെടുത്തത്. ഐപിസി 188 പ്രകാരമാണ് കേസ്്. മറിയാമ്മയുടെ മകളുടെ ഭര്‍ത്താവ് മാത്യു, മകന്‍ സാജന്‍ മാത്യു, മകള്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. റാന്നി പുതുശേരിമല മീമ്പനയ്ക്കല്‍ മറിയാമ്മ വര്‍ഗീസ് (90)നെയാണ് വെള്ളിയാഴ്ച വൈകീട്ടോടെ കാറില്‍ റാന്നി സ്റ്റേഷനു മുമ്പിലെ റോഡില്‍ എത്തിച്ചത്. തനിയെ നടക്കാന്‍ ത്രാണി ഇല്ലാത്ത ഇവരെ കാറില്‍ നിന്നും എടുത്തിറക്കി കട്ടിലില്‍ കിടത്തിയാണ് പിന്നീട് ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. മറിയാമ്മയുടെ മകളും കുടുംബവും താമസിക്കുന്ന ഭൂമി സംബന്ധിച്ച് മര്‍ത്തോമ്മാ സുവിശേഷ സംഘവുമായി നിലനില്‍ക്കുന്ന തര്‍ക്കമാണ് വൃദ്ധയെ സ്റ്റേഷനില്‍ എത്തിച്ചത്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് തനിക്ക് ലഭിച്ച 16 സെന്റു ഭൂമിയിലാണ് താനും മകളും മരുമകനും അടങ്ങുന്ന കുടുംബം താമസിക്കുന്നതെന്നും വസ്തുവിന്റെ കൈവശാവകാശരേഖ തങ്ങളുടെ പക്കലുണ്ടെന്നും ഭൂമിക്ക് കരം ഒടുക്കുന്നുണ്ടെന്നും മറിയാമ്മ വര്‍ഗീസും കുടുംബവും പറയുന്നു. എന്നാല്‍ ഈ ഭൂമി മര്‍ത്തോമ്മാ സുവിശേഷസംഘത്തിന്റേതാണെന്നും എതിര്‍കക്ഷികള്‍ അനധികൃതമായി കയ്യേറിയതാണെന്നുമാണ് സഭാവൈദികന്‍  അടക്കമുള്ളവര്‍ പോലീസില്‍ അറിയിച്ചത്. വസ്തുവിന്റെ ആധാരം അടക്കമുള്ള രേഖ  വൈദികന്‍ കാണിച്ചതായി റാന്നി സിഐ ന്യൂമാന്‍ പറഞ്ഞു. ഏതാനും ദിവസം മുമ്പ് ഈ വസ്തുവില്‍ നിന്ന ഒരു മരം മുറിച്ചതുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടിപിടി നടന്നതായാണ് പരാതി. വയോധികയുടെ മകള്‍ റാന്നി താലൂക്കാശുപത്രിയില്‍ ചികിത്സയിലുമാണ്. സംഭവം സംബന്ധിച്ച്  രണ്ടു കൂട്ടരും പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും അതിന്മലുള്ള  അന്വേഷണം നടന്നു വരികയാണെന്നും സി.ഐ പറഞ്ഞു. വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ പോലിസിന് ഇടപെടുന്നതില്‍ പരിമിതികള്‍ ഉണ്ട്. അതിനാല്‍  ഇതുമായി ബന്ധപ്പെട്ട മറ്റു കേസുകളാകും അന്വേഷിക്കുകയെന്നും അവശനിലയിലുള്ള വൃദ്ധയെ കട്ടിലില്‍ ചുമന്ന് സ്റ്റേഷനില്‍ എത്തിക്കാന്‍ ആരും നിര്‍ദ്ദേശിച്ചിട്ടില്ലെന്നും സിഐ പറഞ്ഞു.  എന്നാല്‍ പരാതിയുണ്ടെങ്കില്‍ നേരില്‍ സ്റ്റേഷനിലെത്തി ബോധിപ്പിക്കണമെന്ന് ഒരു സിവില്‍ പോലിസ് ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കിടപ്പിലായിരുന്ന വയോധികയെ കട്ടില്‍ സഹിതം എത്തിച്ചതെന്നുമാണ് ഇവരുടെ മക്കളും ബന്ധുക്കളും ഒപ്പം എത്തിയ നാട്ടുകാരും പറഞ്ഞത്. വയോധിയകെ കട്ടിലില്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച സംഭവത്തില്‍ മകള്‍ക്കും മരുമകനുമെതിരേ പോലിസ് നടപടികള്‍ ആരംഭിച്ചു.
Next Story

RELATED STORIES

Share it