Fortnightly

തൊണ്ട

തൊണ്ട
കഥ/കെ. അനാമിക




പൈപ്പിനു കരച്ചില്‍ വന്നു. എത്ര നേരമായി ഈ കുടങ്ങളും ബക്കറ്റുകളുമൊക്കെ എന്റെ ദയക്കായി കാത്തു നില്‍ക്കുന്നു. ഇത്ര നേരമായിട്ടും ഒരു തുള്ളിപോലും തനിക്കിവര്‍ക്ക് കൊടുക്കാനായില്ലല്ലോ.
പൈപ്പിനു കരച്ചില്‍ വന്നു.
അടുത്ത തോട്ടില്‍ ദുര്‍ഗന്ധം വമിക്കുന്ന മലിന ജലത്തിന് ഒരാവരണം തീര്‍ത്തു. പ്ലാസ്റ്റിക് കുപ്പികളും പായലുകളും പരന്നു കിടക്കുന്നു. ഇടയ്‌ക്കെപ്പോഴോ തൊണ്ട നനയ്ക്കാന്‍ തന്റെ മേല്‍ വന്നിരുന്ന കാക്ക നിരാശയോടെ പറന്നു പോയി.
ഇല്ല. എനിക്കിതു സഹിക്കാനാവുന്നില്ല. പെട്ടെന്നാണത് സംഭവിച്ചത്. പാത്രങ്ങള്‍ തല്ലി കലമ്പി. ജനം തിക്കിത്തിരക്കി 'പൈപ്പില്‍ വെള്ളം വന്നേയ്...' ആരൊക്കെയോ വിളിച്ചു കൂവി. അതോടെ ഏട്ടനും അനുജനും ഇല്ലാതായി. അച്ഛനും അമ്മയും ഇല്ലാതായി. ആകെ ഉന്തും തള്ളും. ഇടയില്‍ ആരുടെയോ തലപൊട്ടി ചോരയൊഴുകി.
വെള്ളം... വെള്ളം' ആളുകള്‍ ഒരേ ശബ്ദത്തില്‍ മന്ത്രിച്ചു. ഇടയ്ക്കാരോ വെള്ളം രുചിച്ചു നോക്കി ഉച്ചത്തില്‍ അലറി. 'അയ്യോ... കടല്‍ വെള്ളം... കടല്‍ വെള്ളം... ഉപ്പ് കയ്ക്കുന്നു.'
പൈപ്പ് പിന്നെയും ശക്തിയോടെ കരഞ്ഞു. എന്നിട്ട് അതിങ്ങനെ വിചാരിച്ചു: ഇത് കടല്‍ വെള്ളമല്ലെന്ന് തനിക്കല്ലേ അറിയൂ. ഇത് മുഴുവനും താന്‍ ലോകത്തിന് വേണ്ടി കരഞ്ഞുതീര്‍ക്കുന്ന കണ്ണീരാണെന്ന് തനിക്കല്ലേ അറിയൂ.
Next Story

RELATED STORIES

Share it