kozhikode local

തൊണ്ടയാട് ബൈപാസില്‍ അപകടം തുടര്‍ക്കഥയാവുന്നു

കോഴിക്കോട്: തൊണ്ടയാട്-രാമനാട്ടുകര ദേശീയപാതയില്‍ അപകടം തുടര്‍ക്കഥയാവുന്നു. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെ ഗ്യാസ്ടാങ്കര്‍, പാല്‍ കയറ്റിയ ലോറിയില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം.
അമൃത് മില്‍ക്ക് ലോറിഡ്രൈവര്‍ ചേര്‍ത്തല പാണാവള്ളി സ്വദേശി കൃഷ്ണചന്ദ്രന്‍ എന്ന മനു(28) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന സെയില്‍സ്മാന്‍ രവി, ഗ്യാസ് ടാങ്കറിലെ ഡ്രൈവര്‍ ഹരീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പാലാഴി ഹൈലൈറ്റ് മാളിനു സമീപത്തുവച്ചായിരുന്നു സംഭവം.
പന്തീരങ്കാവിലെ അമൃത് മില്‍ക്ക് പ്ലാന്റില്‍ നിന്നു വയനാട്ടിലേക്കു പാലുമായി പോവുകയായിരുന്ന ലോറിയില്‍ തൊണ്ടയാട് ഭാഗത്തുനിന്നു വന്ന ഗ്യാസ് ടാങ്കര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പാല്‍വണ്ടി മൂന്ന് തവണ മറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി റോഡിന്റെ കിഴക്കുഭാഗത്തെ വയലിലേക്കിറങ്ങി നിന്നു. അപകടത്തെ തുടര്‍ന്ന് ബൈപാസില്‍ മണിക്കൂറുകളോളം ഗതാതം സ്തംഭിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ മീഞ്ചന്ത, പന്തീരാങ്കാവ് വഴികളിലൂടെ തിരിച്ചുവിട്ടത് ഈ ഭാഗങ്ങളിലും ഗതാഗതക്കുരുക്കിനിടയാക്കി.
പാചകവാതക ടാങ്കറാണ് അപകടത്തില്‍പ്പെട്ടതെന്നറിഞ്ഞതോട ജനം ഭീതിയിലായി. സമീപവാസികളില്‍ ചിലര്‍ ഇവിടെ നിന്നു ബന്ധുവീടുകളിലേക്ക് താമസം മാറുക പോലും ചെയ്തു.
പലരും കുട്ടികളെ സ്‌കൂളിലയക്കാന്‍ തയ്യാറായില്ല. പുലര്‍ച്ചെ ക്രെയിന്‍ ഉപയോഗിച്ച് പാല്‍വണ്ടി ഒരു വശത്തേക്ക് മാറ്റി.
അഗ്‌നിശമന സേനയെത്തി റോഡ് കഴുകി വൃത്തിയാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.
Next Story

RELATED STORIES

Share it