kozhikode local

തൊണ്ടയാട് ജങ്ഷനിലെ മേല്‍പാലം യാഥാര്‍ഥ്യത്തിലേക്ക്‌

കോഴിക്കോട്: തൊണ്ടയാട് ജങ്ഷനിലെ മേല്‍പാലം യാഥാര്‍ഥ്യത്തിലേക്ക്. കുരുതിക്കളംഎന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച സംസ്ഥാനത്തെ ദേശീയപാതകളിലെ ‘ബ്ലാക്ക് സ്‌പോര്‍ട്ട്’ ഇനി ഓര്‍മയാവും. നഗരത്തില്‍ നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും അവിടെ നിന്ന് വയനാട് വഴി കര്‍ണാടകയിലേക്കും നീളുന്ന പാത എന്നും തിരക്കേറിയതും അപകടകാരിയുമായിരുന്നു. ഒട്ടേറെ പേരുടെ ജീവന്‍ പൊലിഞ്ഞ ഇടം. 2010ലെ സപ്തംബറില്‍ നഗരം വിറങ്ങലിച്ച ബസ്സപകടത്തില്‍ ശോണിമ എന്ന വിദ്യാര്‍ഥിനിയുടെ മരണമടക്കം പാത ജനത്തിന് സമര്‍പ്പിച്ച ദിവസം മുതല്‍ തുടര്‍ച്ചയായി അപകടങ്ങളുടെ പരമ്പരകള്‍ തുടര്‍ന്നപ്പോഴാണ് ഇവിടെ മേല്‍പാലം വരണമെന്ന ആവശ്യത്തിന് ആക്കം കൂടിയത്.
തുടക്കത്തില്‍ സിഗ്‌നലുകള്‍ സ്ഥാപിച്ച് അപകടം ഒഴിവാക്കാനാവുമെന്ന പരീക്ഷണം. പിന്നീട് വരമ്പുകള്‍ സ്ഥാപിക്കാമെന്നായി. മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് രോഗികളേയും വഹിച്ച് എത്തുന്ന ആംബുലന്‍സുകള്‍ക്ക് ഇത് വിഘ്്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന വിദഗ്ധരുടെ അഭിപ്രായവും വന്നു. അപ്പോഴും റോഡില്‍ മനുഷ്യക്കുരുതികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. 2016 മാര്‍ച്ചില്‍ പാലം പണി തുടങ്ങി. യുഎല്‍സിസിഎല്‍ കരാര്‍ ഏറ്റെടുത്തു.
54 കോടിയിലേറെ ചെലവ് വരുന്ന പദ്ധതിയാണിത്. വൈദ്യുതി വിഭാഗത്തിന്റെ തൂണുകളും ജല വകുപ്പിന്റെ പൈപ്പുകളും ജോലിക്ക് തടസ്സം വരുത്തി. ആ നൂലാമാലകളെല്ലാം തീര്‍ത്തശേഷം ജോലി സജീവമായി. ഇതിനിടെയാണ് ദേശീയപാത വേറെ പാതയാക്കാനുള്ള തീരുമാനം ഉണ്ടാവുന്നത്. ഇതിനെതിരേ അയല്‍ ജില്ലകളില്‍ സ്ഥലമെടുപ്പ് സംബന്ധിച്ച സമരങ്ങളും വന്നു. എന്നാല്‍ പാലം പണി വൈകിക്കരുതെന്ന അധികൃതരുടെ തീരുമാനത്തിന്റെ ഭാഗമായി കേന്ദ്ര ഉപരിതല മന്ത്രാലയം ഒറ്റ പദ്ധതിയായി മേല്‍പാലത്തെ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനമാണ് തൊണ്ടയാട് മേല്‍പ്പാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിയൊരുക്കിയത്. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പാലത്തിനാവശ്യമായ സ്ഥലമെടുപ്പ് നടന്നതിനാല്‍ അതിന്റെ പേരില്‍ ഉണ്ടായേക്കാവുന്ന തടസ്സങ്ങളും ഒഴിവാക്കികിട്ടി. പാലം ദേശീയപാത അതോറിറ്റിക്കാണ് കൈമാറുക.
500 മീറ്റര്‍ നീളം 12 മീറ്റര്‍ വീതിയാണ് മേല്‍പാലത്തിന്. ഇരുവശങ്ങളിലുമായി ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇനി റോഡ് ടാറിങ് നടത്തണം. ജൂണ്‍ മാസാവസാനത്തിലോ ജൂലൈമാസം തുടക്കത്തിലോ പാലം പ്രവൃത്തി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാനാവുംവിധമാണ് പ്രവൃത്തിയുടെ പുരോഗതി. ഇനിയും ഒരു ശോണിമയുടെ ജീവന്‍ ഇവിടെ പൊലിയില്ലെന്ന സമാധാനമാണ് എല്ലാവര്‍ക്കും.
Next Story

RELATED STORIES

Share it