Flash News

തൊട്ടാല്‍ പൊള്ളും ; ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 79.15 രൂപയും ഡീസലിന് 71.15 രൂപയുമായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലെത്തി. രൂപയുടെ മൂല്യത്തകര്‍ച്ചയും അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനയുമാണ് പ്രധാനമായും ഈ വിലവര്‍ധനയ്ക്ക് കാരണമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അസംസ്‌കൃത എണ്ണവില അഞ്ചു വര്‍ഷം മുമ്പത്തെ വിലയേക്കാള്‍ 30 ശതമാനം കുറഞ്ഞുനില്‍ക്കുമ്പോഴും രാജ്യത്ത് ഇന്ധനവില മുകളിലേക്കുതന്നെ. പെട്രോള്‍ ലിറ്ററിന് ഇന്നലെ മാത്രം കേരളത്തില്‍ 32 പൈസയുടെ വര്‍ധന ഉണ്ടായി. കൊച്ചി നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 82.28 രൂപയും ഡീസലിന് 76.06 രൂപയുമാണ് ഈടാക്കുന്നത്. നഗരാതിര്‍ത്തിക്കു പുറത്ത് ലിറ്ററിന് 83 രൂപയായി വര്‍ധിച്ചതായും റിപോര്‍ട്ടുകളുണ്ട്. കോഴിക്കോട്ടും പെട്രോള്‍ വില ലിറ്ററിന് 82 കടന്നിട്ടുണ്ട്. രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. അതിനിടെ, യുഎസിന്റെ ഒറ്റതിരിഞ്ഞ സാമ്പത്തിക നയങ്ങളാണ് എണ്ണവില വര്‍ധനയ്ക്ക് കാരണമെന്ന വാദം കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉയര്‍ത്തിയിരുന്നു. ഡോളറിനെതിരേ ലോകത്തെങ്ങുമുള്ള കറന്‍സികളുടെ വില ഇടിയുന്നുണ്ട്. ഇതും എണ്ണവില വര്‍ധനയ്ക്കു കാരണമാണ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍, അഞ്ചു വര്‍ഷം മുമ്പ് ഉള്ളതിനേക്കാള്‍ അസംസ്‌കൃത എണ്ണയുടെ വില 30 ശതമാനത്തോളം കുറഞ്ഞാണ് നില്‍ക്കുന്നതെന്നും എന്നിട്ടും രാജ്യത്ത് എണ്ണവില കൂടുന്നത് ആശങ്കാജനകമാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ക്രൂഡ് ഓയില്‍ വീപ്പയ്ക്ക് 5388 രൂപയ്ക്കാണ് ഇന്ത്യ വാങ്ങുന്നത്. അഞ്ചു വര്‍ഷം മുമ്പും ഇതേ വിലയ്ക്കാണ് വാങ്ങിയിരുന്നത്. അന്ന് പെട്രോളിന് കൊച്ചിയിലെ വില 70.76, ഇന്ന് വില 81.19. ഈ സാഹചര്യത്തില്‍ പെട്രോളിന്റെ വിലയില്‍ 10 രൂപയിലേറെ വര്‍ധിച്ചതിന്റെ കാരണങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.2013-14 കാലത്താണ് അസംസ്‌കൃത എണ്ണയ്ക്ക് എക്കാലത്തെയും ഉയര്‍ന്ന വില നല്‍കേണ്ടിവന്നത്. എന്നാല്‍, ഇന്ന് വില അന്നത്തേക്കാള്‍ 2000 രൂപയോളം കുറഞ്ഞു. എന്നാല്‍, പെട്രോള്‍ വില രാജ്യചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. പൊതുമേഖലാ എണ്ണക്കമ്പനികളുടെ വരുമാനത്തിലും ലാഭവിഹിതത്തിലും വലിയ കുതിപ്പാണ് ഉണ്ടാവുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ലാഭം കഴിഞ്ഞ നാലു വര്‍ഷവും ഉയര്‍ന്നുതന്നെ നിന്നു. കോര്‍പറേഷന്റെ നാലു വര്‍ഷത്തെ മൊത്തം അറ്റാദായം 56,125 കോടി രൂപയാണ്. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നാലു വര്‍ഷം കൊണ്ട് 18.24 ലക്ഷം കോടി രൂപ വരുമാനം നേടാനായി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് 2014 നവംബറിനും 2016 ജനുവരിക്കുമിടയില്‍ പെട്രോളിന് 12 രൂപയും ഡീസലിന് 13.77 രൂപയും വര്‍ധിപ്പിച്ചു. 2018 ജൂണ്‍ 1 മുതല്‍ വില്‍പന നികുതി തീരുവ അല്‍പം കുറച്ചത് മാത്രമാണ് ആശ്വാസം. 2014 ഒക്ടോബറില്‍ 5650.3 രൂപയ്ക്കാണ് അസംസ്‌കൃത എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. അന്ന് രൂപ-ഡോളര്‍ വിനിമയ മൂല്യം 61.40 രൂപയായിരുന്നു. ഈ ഘട്ടത്തിലാണ് പെട്രോളിന് കൊച്ചിയില്‍ 70.76 രൂപ വിലയുണ്ടായിരുന്നത്. 2018 സപ്തംബറില്‍ അസംസ്‌കൃത എണ്ണവില 5388 ആയി കുറഞ്ഞു. എന്നാല്‍, പെട്രോള്‍ വില ഞായറാഴ്ച 80.79ഉം ഇന്ന് 81.10ഉം ആണ്.



Next Story

RELATED STORIES

Share it