Idukki local

തൊടുപുഴ-വെള്ളിയാമറ്റം റോഡ് തകര്‍ന്നു

വെള്ളിയാമറ്റം: തൊടുപുഴ-വെള്ളിയാമറ്റം റോഡ് തകര്‍ന്നതോടെ നൂറുകണക്കിനു നാട്ടുകാരുടെ യാത്ര ദുരിതമായി. വെളളിയാമറ്റം, പൂമാല, പൂച്ചപ്ര, വെട്ടിമറ്റം, ചിലവ് തുടങ്ങിയ മേഖലകളിലേക്കുളള ഏക റോഡാണിത്. റോഡ് വികസന പദ്ധതി പരിഗണനയിലുള്ളതിനാല്‍ എല്ലാ വര്‍ഷവും അറ്റകുറ്റപ്പണി മാത്രം നടത്തുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.
കഴിഞ്ഞ വേനലിലും അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും മഴ പെയ്തതോടെ റോഡ് തകര്‍ന്നു. വര്‍ഷങ്ങളായി പറഞ്ഞുകേള്‍ക്കുന്ന റോഡ് വികസന പദ്ധതി ഇനിയും തുടങ്ങിയിട്ടില്ല. ആലക്കോട്. കുമ്മങ്കല്ല്, വലിയ ജാരം, ഇടവെട്ടി കനാല്‍പാലം, മാര്‍ത്തോമാ എന്നിവിടങ്ങളില്‍ റോഡില്‍ വന്‍കുഴികളാണ്.
25ഓളം സ്വകാര്യ ബസുകളും മറ്റനവധി ചെറുവാഹനങ്ങളും ഓടുന്ന ഇതുവഴി ആയിരക്കണക്കിനു യാത്രക്കാരാണു നിത്യവും സഞ്ചരിക്കുന്നത്. വെള്ളിയാമറ്റം വഴി ഇടുക്കിക്കുള്ള എളുപ്പവഴി കൂടിയാണിത്. റോഡ് വീതി കൂട്ടുന്നതിനും ചില ഭാഗങ്ങളില്‍ ഘടന മാറ്റുന്നതിനുമായി പൊതുമരാമത്തു വകുപ്പ് കല്ലിട്ടിട്ട് അഞ്ചുവര്‍ഷത്തിലേറെയായി.
വീതി കൂട്ടേണ്ട ഭാഗത്ത് ഇതിനുശേഷം പല കെട്ടിടങ്ങളും നിര്‍മിച്ചു. കുമ്മങ്കല്ലില്‍ ബൈപാസ് നിര്‍മിക്കാന്‍ തീരുമാനമായതോടെയാണു പദ്ധതി അട്ടിമറിക്കപ്പെട്ടതെന്നു പറയുന്നു. റോഡ് റീ ടാറിങ് നടത്തിയില്ലെങ്കില്‍ കാല്‍നടപോലും ഈ റോഡില്‍ നിലയ്ക്കുമെന്നു നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it