Idukki local

തൊടുപുഴ മേഖലയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം

തൊടുപുഴ: നഗരത്തിലും സമീപ മേഖലകളിലും വൈദ്യുതിമുടക്കം അതിരൂക്ഷമാവുന്നു. മണിക്കൂറോളവും ചിലപ്പോള്‍ ദിവസങ്ങളും വൈദ്യുതി ഇല്ലാതാവുന്ന സാഹചര്യമുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു പ്രാദേശികമായി വിവിധ സംഘടനകളും വ്യക്തികളും നിരവധി പരാതികളും നിവേദനകളും നല്‍കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടാവുന്നില്ല. വൈദ്യുതി ലൈനിലേക്ക് ചെറിയ ചുള്ളിക്കമ്പ് വീണാലും ചെറിയ കാറ്റടിച്ചാലും ഉടന്‍ വൈദ്യുതി നിലയ്ക്കുന്ന സ്ഥിതിയാണ്.
വേനലും മഴയും ഭേദമില്ലാതെ വൈദ്യുതി മുടക്കം പതിവാണ്. രൂക്ഷമായ വൈദ്യുതി മുടക്കം നഗരത്തിലെയും ഗ്രാമപ്രദേശത്തെയും വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഏറെ സാമ്പത്തിക നഷ്ടവും ദുരിതവുമാണുണ്ടാക്കുന്നത്. ഹോട്ടല്‍, ബേക്കറി, റെസ്‌റോറന്റുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍, ആശുപത്രികള്‍, സോമില്‍ എന്നീ മേഖലകള്‍ക്കാണു വൈദ്യുതി മുടക്കം ഏറെ ആഘാതങ്ങള്‍ സൃഷ്ടിക്കുന്നത്.
വൈദ്യുതി സംബന്ധമായിട്ടുള്ള ഉപഭോക്താക്കളുടെ പരാതികള്‍ അറിയിക്കാന്‍ തൊടുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലുള്ള പതിനാലോളം പഞ്ചായത്ത് പ്രദേശങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വെവ്വേറെ ഫോണ്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും പലപ്പോഴും ഉപയോഗപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഓരോ പ്രദേശത്തിനും അനുവദിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ ബെല്ലടിച്ചാലും ചില ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കില്ല. ചിലപ്പോള്‍ ഈ ഫോണ്‍ നമ്പറുകളിലേക്ക് എപ്പോള്‍ വിളിച്ചാലും പ്രവര്‍ത്തിക്കാത്തതും പരിധിക്ക് പുറത്തുമായിരിക്കും. വൈദ്യുതി സംബന്ധമായ ജോലികള്‍ നടത്തുമ്പോള്‍ വൈദ്യതി ബന്ധം വിച്ഛേദിക്കാനും പുനസ്ഥാപിക്കാനും യാതൊരു നിയന്ത്രണവുമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്നുവരുന്നത്.
ഓരോ സ്ഥലത്തും ചെയ്യാനുളള വൈദ്യുതി സംബന്ധമായ പ്രവര്‍ത്തികളെ സംബന്ധിച്ച് ദിവസങ്ങള്‍ക്കുമുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ അറിയുന്നതാണ്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് അതാത് ദിവസത്തെ പത്രങ്ങളില്‍ നല്‍കി കടമ നിര്‍വഹിച്ച് ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിവാവുകയാണ് ചില ഉേദ്യാഗസ്ഥര്‍. വൈദ്യുതി മുടക്കം സംബന്ധിച്ചുള്ള അറിയിപ്പ് രാവിലെ പത്രങ്ങളിക്കൂടി മാത്രം അറിയുന്ന ഹോട്ടല്‍, ബേക്കറി, റെസ്‌റ്റോറന്റ്, സോമില്‍,കോള്‍ഡ് സ്‌റോറേജ് തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തിപ്പുകാര്‍ക്ക് ഇതുമൂലം ഏറെ സാമ്പത്തിക നഷ്ടമാണുണ്ടാവുന്നത്. എന്നാല്‍ വൈദ്യുതി മുടക്കം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒരു ദിവസം മുമ്പെങ്കിലും അറിയിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനമാവുന്നതാണ്. ചില ദിവസങ്ങളില്‍ പത്രങ്ങളില്‍ നല്‍കുന്ന അറിയിപ്പില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്നു വ്യത്യാസമായിട്ടായിരിക്കും വൈദ്യുതി ലൈനിലെ പണികള്‍ നടത്തുന്നത്.
ചിലപ്പോള്‍ പറഞ്ഞിരിക്കുന്ന സമയത്ത് പണികള്‍ പൂര്‍ത്തീകരിക്കാതെ ഏറെ സമയം കഴിഞ്ഞായിരിക്കും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതും. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ വൈദ്യതി ഉപഭോക്താക്കള്‍ക്ക് ഏറെ സാമ്പത്തിക നഷ്ടങ്ങളും ദുരിതങ്ങളുമാണ് നല്‍കുന്നത്. തൊടുപുഴ മൂലമറ്റം പ്രദേശങ്ങളിലായിട്ട് ഒമ്പതോളം സബ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാണെങ്കിലും ജനത്തിന് അതൊന്നും പ്രയോജനപ്പെടുന്നുമില്ല.

Next Story

RELATED STORIES

Share it