Idukki local

തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ വനിതാ പോലിസുകാര്‍ക്ക് വിശ്രമ സ്ഥലമില്ല

തൊടുപുഴ: വിശ്രമിക്കാനിടമില്ലാതെ തൊടുപുഴയിലെ വനിത പോലിസുകാര്‍. സ്ത്രീകള്‍ക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ പോലും സ്റ്റേഷനിലില്ല.
വനിത സെല്ലിലും തൊടുപുഴ സ്റ്റേഷനിലുമായി 30 വനിതാ പോലിസുകാര്‍ രണ്ട് ഷിഫ്ടുകളിലായി തൊടുപുഴ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നു. ഇതില്‍ രാത്രി ജോലിക്കെത്തുന്നവരാണ് ദുരിതത്തിലാവുന്നത്. വസ്ത്രം മാറുന്നതിനു പോലും സൗകര്യമില്ലാതെയാണ് ഇവര്‍ ഇവിടെ കഴിയുന്നത്.സമീപകാലത്ത് രാത്രിയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായ പോലിസുകാരിയ്ക്ക് വിശ്രമിക്കാന്‍ പോലും സ്‌റ്റേഷനില്‍ സ്ഥലമില്ലായിരുന്നു. വനിതാ സെല്ലില്‍ ഓഫിസ് കര്‍ട്ടനിട്ട് രണ്ടായി തിരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.ഇതിന്റെ ഒരു ഭാഗത്ത് നിന്ന് വസ്ത്രം മാറേണ്ട ഗതികേടിലാണ് വനിതകള്‍.
എന്നാല്‍ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന വനിതകളുടെ അവസ്ഥ ഇതിലും കഷ്ടമാണ്.വീട്ടില്‍ നിന്നും വസ്ത്രം മാറി ഇവിടെയെത്തും.സ്‌റ്റേഷനില്‍ വസ്ത്രം മാറാനുള്ള യാതൊരുവിധ സൗകര്യവും ഇതുവരെ സ്‌റ്റേഷനില്‍ ഒരുക്കിയിട്ടില്ല. സ്‌റ്റേഷന്‍ ഡ്യൂട്ടിയുള്ള ജീവനക്കാരികള്‍ പരാതിക്കാര്‍ക്ക് ഇരിക്കാനുള്ള കസേരകളിലിരുന്നാണ് വിശ്രമിക്കുന്നത്
ഈയിടെ വനിതാപോലിസുകാര്‍ക്ക് മാത്രമായി വിശ്രമ മുറി ശരിയാക്കാന്‍ തൊടുപുഴ പോലിസ് സ്‌റ്റേഷനിലെ ഉന്നതോദ്യോഗസ്ഥന്‍ ശ്രമം നടത്തിയിരുന്നു. ഈ മാസം ആദ്യം തന്നെ ഇടം ലഭ്യമാക്കാവനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി.എന്നാല്‍ തീരുമാനം പോലിസ് അസോസിയേഷന്‍ ഇടപെട്ട് അട്ടിമറിച്ചു.
തുടര്‍ന്നു കേരള പോലിസ് അസോസിയേഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ തൊടുപുഴയിലെ ഭൂരിഭാഗം ജീവനക്കാരും പങ്കെടുത്തില്ല.ഇതേ തുടര്‍ന്ന് അസോസിയേഷന്‍ നേതാക്കളിലൊരാളുടെ നേതൃത്വത്തില്‍ വനിത പോലിസുകാരെ ജനമൈത്രി ഹാളില്‍ വിളിച്ചുവരുത്തി ഹൈറേഞ്ചിലേക്ക് സ്ഥലം മാറ്റുമെന്നു ഭീഷണിപെടുത്തിയിരിക്കുകയാണ്.സംഭവം വിവാദമായതോടെ ജില്ലാ പോലിസ് മേധാവി റിപോര്‍ട്ട് തേടിയിട്ടുണ്ട്.
തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ ഏറ്റവുമധികം കുടുംബപ്രശ്‌നങ്ങള്‍ പരാതിയായി എത്തുന്നത് വനിത സെല്ലിനാണ്. ശരാശരിയെത്തുന്ന 500 പരാതികളില്‍ 200 എണ്ണം മാത്രമാണ് കേസെടുക്കുന്നത്. ബാക്കി വനിത സെല്‍ തന്നെ പരിഹരിക്കുകയാണ് ചെയ്യുന്നത്.
Next Story

RELATED STORIES

Share it