Kottayam Local

തൊടുപുഴ-പാലാ-പൊന്‍കുന്നം റോഡ് നിര്‍മാണം അശാസ്ത്രീയമെന്ന്

പാലാ: പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായി ആധുനിക രീതിയില്‍ നവീകരിക്കുന്ന തൊടപുഴ- പാലാ-പൊന്‍കുന്നം റോഡിന്റെ നിര്‍മാണത്തില്‍ അപാകതയെന്ന് ആക്ഷേപം.
റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. എന്നാല്‍ നിര്‍മാണം അശാസ്ത്രീയവും അഴിമതി നിറഞ്ഞതുമാണെന്ന ആക്ഷേപം ശക്തമാണ്. തൊടുപുഴ- പാലാ-പൊന്‍കുന്നം റോഡില്‍ അപകടങ്ങള്‍ നിത്യസംഭവമായിരിക്കുകയാണ്. കൊല്ലപ്പള്ളി മുതല്‍ കുറിഞ്ഞി വരെയുള്ള ഭാഗത്ത് റോഡ് നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഇവിടെ വളവുകള്‍ നിവര്‍ത്തിയിട്ടില്ലെന്ന് ആരോപണമുണ്ട്. അശാസ്ത്രീയ രീതിയില്‍ റോഡിലേക്കു തള്ളിയാണ് പലയിടങ്ങളിലും കലുങ്ക് നിര്‍മിച്ചിരിക്കുന്നതെന്ന് പറയന്നു.
റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണത്തിനു പുറമേ വാഹനങ്ങളുടെ അമിതവേഗവും അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. കൊല്ലപ്പള്ളി ടൗണില്‍ പുറമ്പോക്ക് ഭൂമി അളന്ന് തിരിച്ചിട്ടും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാതെ റോഡിലേക്കു തള്ളി നില്‍ക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതാണ്. ഈ ഭാഗത്ത് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാത്തതിനാല്‍ കൊല്ലപ്പള്ളി ടൗണിലെ റോഡ് വികസനം തടസ്സപ്പെട്ടിരിക്കുകയാണ്.
ടൗണ്‍ ഒഴിച്ചുള്ള ബാക്കി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായികഴിഞ്ഞു. കെഎസ്ടിപി ഉദ്യോഗസ്ഥരും ചില കെട്ടിടഉടമകളും തമ്മിലുള്ള ഒത്തുകളിയാണ് വികസനം തടസ്സപ്പെടുത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
റോഡ് നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പലയിടങ്ങളിലും സമ്മര്‍ദ്ദത്തിനു വഴങ്ങി റോഡിനു വീതി കുറച്ചതായി ആക്ഷേപമുണ്ട്. വീടുകള്‍ക്കു മുമ്പില്‍ നിന്ന് വൈദ്യുതി തൂണ്‍ മാറ്റി സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് കെഎസ്ടിപി ജീവനക്കാര്‍ പണം കൈപ്പറ്റുന്നതായും പരാതിയുണ്ട്.
റോഡ് നിര്‍മാണത്തിലെ അപാകതകള്‍ക്കെതിരേ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പൂവരണിയില്‍ നാട്ടുകാര്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കുകയാണ്. തൊടുപുഴ-പാലാ-പൊന്‍കുന്നം റോഡ് ഹൈവേ പോലിസിന്റെ പരിധിയില്‍ പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.
Next Story

RELATED STORIES

Share it