Idukki local

തൊടുപുഴ നഗരസഭാ ബജറ്റിന് ഭേദഗതികളോടെ അംഗീകാരം

തൊടുപുഴ: നഗരസഭയുടെ വാര്‍ഷിക ബജറ്റിന് ഭരണപ്രതിപക്ഷ ഭേദഗതികളോടെ അംഗീകാരം.ഇന്നലെ രാവിലെ 10.30ന് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന ബജറ്റ് ചര്‍ച്ചയിലാണ് ഭേദഗതികള്‍ അംഗീകരിച്ചത്. നഗരസഭ അനക്‌സ് ഓഫിസ് നിര്‍മിക്കാന്‍ നീക്കി വച്ചിരുന്ന ഒരു കോടി രൂപയില്‍ 75 ലക്ഷം രൂപയ്ക്ക് പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് മുനിസിപ്പല്‍ കെട്ടിടം നിര്‍മിക്കും.
ബാക്കി വരുന്ന 25 ലക്ഷത്തില്‍ 20 ലക്ഷം നിലവിലെ മുനിസിപ്പല്‍ ഓഫിസിന്റെ നവീകരണത്തിനും അഞ്ച് ലക്ഷം കാഞ്ഞിരമറ്റം ഗവ. ഹൈസ്‌കൂളിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും നല്‍കും. റോഡുകള്‍ക്ക് പേര് നല്‍കാനും പ്രദര്‍ശന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുമായി നീക്കി വെച്ചിരുന്ന അഞ്ച് ലക്ഷം കുടിവെള്ള പദ്ധതികള്‍ക്കും പുതിയ കണക്ഷന്‍ നല്‍കുന്നതിനുമായി മാറ്റും.
കാഞ്ഞിരമറ്റം ബൈപ്പാസിന്റെ സ്ഥലമേറ്റെടുപ്പിനായി വകയിരുത്തിയിരുന്ന 10 ലക്ഷത്തില്‍ അഞ്ച് ലക്ഷം കൂടി നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഉപയോഗപ്പെടുത്തും.ഓട്ടിസം,സെറിബ്രല്‍ പാള്‍സി രോഗബാധിതരായ കുട്ടികളെ പ്രാപ്തരാക്കുന്ന സ്ഥാപനങ്ങള്‍ക്ക് അഞ്ച് ലക്ഷം തുക നീക്കിവെച്ചിരുന്നു.ഇതില്‍ മാസസികവൈകല്യമുള്ള കുട്ടികളെക്കൂടി ഉള്‍പ്പെടുത്തും.പട്ടയംകവല, മുതലിയാര്‍മഠം സാംസ്‌കാരിക നിലയങ്ങള്‍ക്ക് ഒരു ലക്ഷം കൂടി അധികം അനുവദിക്കും, ഹോട്ടലുകളിലെ ശുചിത്വം പരിശോധിച്ച് അംഗീകാരം ഏര്‍പ്പെടുത്തുന്നതിനായി 2,50,000 രൂപയും നീക്കിവെക്കും തുടങ്ങിയവയാണ് ഭേദഗതികള്‍.
എല്‍ഡിഎഫ്- ബിജെപി അംഗങ്ങളുടെ നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും അംഗികരിച്ചാണ് ഭേദഗതികളോടെ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ അവതരിപ്പിച്ച ബജറ്റ് അംഗങ്ങള്‍ ഐകകണ്ഡേന അംഗീകരിച്ചു.പ്രതിപക്ഷത്തു നിന്നും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആര്‍. ഹരിയാണ് ആദ്യം ചര്‍ച്ചയില്‍ പങ്കെടുത്തത്.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബാബു പരമേശ്വരന്‍ ഇതൊരു നന്ദിപ്രമേയ ബജറ്റെന്ന് കുറ്റപ്പെടുത്തി.സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ടുള്ള ബജറ്റാണ് വൈസ്‌ചെയര്‍മാന്‍ അവതരിപ്പിച്ചതെന്ന് മുന്‍ ചെയര്‍മാനും മുസ്ലീംലീഗ് നേതാവുമായ എ.എം ഹാരിദ് പറഞ്ഞു.്.മുന്‍ ചെയര്‍പേഴ്‌സണ്‍ ജസി ആന്റണി, അംഗങ്ങളായ ടി.കെ. ഷാഹുല്‍ ഹമീദ്, വിക്‌ടോറിയ ഷേര്‍ലി മെന്റ്‌സ്, സിസിലി ജോസ്, രേണുക രാജശേഖരന്‍, പി.വി. ഷിബു തുടങ്ങി ഭൂരിഭാഗം അംഗങ്ങളും ബജറ്റ് ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
Next Story

RELATED STORIES

Share it