Idukki local

തൊടുപുഴ നഗരസഭാ നേതൃമാറ്റം അനിശ്ചിതത്വത്തില്‍

തൊടുപുഴ: നഗരസഭാ നേതൃമാറ്റം ചര്‍ച്ചചെയ്യാന്‍ കൂടാന്‍ തീരുമാനിച്ച യുഡിഎഫ് കൗണ്‍സിലര്‍മാരുടെയും നേതാക്കളുടെയും സംയുക്ത യോഗം മുടങ്ങി. യുഡിഎഫ് കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും എതിര്‍പ്പുമായി രംഗത്തുവന്നതോടെ യോഗം മാറ്റിവയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ ചെയര്‍പഴ്‌സന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കുന്നതിനുള്ള മുന്‍തീരുമാനം നടപ്പാക്കുന്നതു സംബന്ധിച്ച ചര്‍ച്ച ഇതോടെ അനിശ്ചിതത്വത്തിലായി.
ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ കേരള കോണ്‍ഗ്രസിനു ചെയര്‍പേഴ്‌സന്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ നിലവിലെ ചെയര്‍പേഴ്‌സന്‍ സഫിയ ജബ്ബാര്‍ രാജിവച്ചാല്‍ പിന്നെ യുഡിഎഫിനു ഭരണം തിരിച്ചുകിട്ടുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതും കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിന്ന് യുഡിഎഫ് നേതാക്കളെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. യുഡിഎഫിലും എല്‍ഡിഎഫിലും അല്ലാതെ നില്‍ക്കുന്ന കേരള കോണ്‍ഗ്രസിനെ നഗരസഭാ ഭരണം ഏല്‍പ്പിക്കാനുള്ള നീക്കത്തെയും യുഡിഎഫ് പ്രവര്‍ത്തകരും കൗണ്‍സിലര്‍മാരും എതിര്‍ക്കുന്നുമുണ്ട്.
അതേസമയം, കേരള കോണ്‍ഗ്രസ് (എം) ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്കു മുന്നോട്ടുവയ്ക്കുന്ന വനിതാ കൗണ്‍സിലറുടെ പല നിലപാടുകളും യുഡിഎഫിനു വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ഇങ്ങനെയുള്ള ഒരാളെ ചെയര്‍പേഴ്‌സനാക്കി യുഡിഎഫിന്റെ നില പരുങ്ങലിലാക്കണോ എന്ന ചോദ്യവും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉന്നയിക്കുന്നു. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫില്‍ തിരികെ എത്തിയശേഷം മാത്രം തൊടുപുഴ നഗരസഭയിലെ ഭരണമാറ്റം ഉണ്ടായാല്‍ മതിയെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെടുന്നു. അതേസമയം കോണ്‍ഗ്രസിലെ ചില ഗ്രൂപ്പ് നേതാക്കളാണു നേതൃമാറ്റ നീക്കത്തിനു പിന്നില്‍ ഉല്‍സാഹിക്കുന്നതെന്നാണു പറയുന്നത്. ഇതില്‍ പാര്‍ട്ടിക്കുള്ളിലെ ഉന്നതനേതാക്കളുള്‍പ്പെടെയുള്ളവര്‍ നീരസം പ്രകടിപ്പിച്ചിട്ടുണ്ട്.
കേരള കോണ്‍ഗ്രസിനു ഭരണം വിട്ടുകൊടുക്കാനുള്ള തീരുമാനത്തെ കോണ്‍ഗ്രസിലെയും മുസ്‌ലിം ലീഗിലെയും കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി എതിര്‍ത്തതോടെ പി ജെ ജോസഫിന്റെ അധ്യക്ഷതയില്‍ കൂടാന്‍ തീരുമാനിച്ച യോഗവും അലങ്കോലപ്പെട്ടിരുന്നു. 35 അംഗ തൊടുപുഴ നഗരസഭയില്‍ യുഡിഎഫ് പക്ഷത്തു പതിനാലും എല്‍ഡിഎഫ് പക്ഷത്തു പതിമൂന്നും ബിജെപിക്ക് എട്ടും അംഗങ്ങളാണുള്ളത്. യുഡിഎഫ് പക്ഷത്തു നില്‍ക്കുന്ന ഒരു കോണ്‍ഗ്രസ് സ്വതന്ത്രന്‍ നേതൃത്വവുമായി ഇടഞ്ഞ് ഇപ്പോള്‍ എല്‍ഡിഎഫിന് ഒപ്പമാണുള്ളത്. ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പില്‍ ഇയാള്‍ എല്‍ഡിഎഫിനു വോട്ടുചെയ്താല്‍ യുഡിഎഫിനു ഭരണം നഷ്ടപ്പെടും.
കേരളാ കോണ്‍ഗ്രസിന്റെ അടവുനയപരമായ നിലപാടുകള്‍ ജില്ലയിലെ കോണ്‍ഗ്രസിനെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൊന്നത്തടി ഗ്രാമപ്പഞ്ചായത്ത്, പിരുമേട്, അഴുത അട്ടിമറികളും കോണ്‍ഗ്രസിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. തൊടുപുഴ നഗരസഭയിലെ സംഭവവികാസങ്ങളും കോണ്‍ഗ്രസിന് തലവേദനയാണ് സമ്മാനിക്കുന്നത്.
Next Story

RELATED STORIES

Share it