Idukki local

തൊടുപുഴ നഗരസഭയില്‍ പദ്ധതികള്‍ക്ക് അംഗീകാരം

തൊടുപുഴ: ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനും മാലിന്യ സംസ്‌കരണത്തിനും ഊന്നല്‍ നല്‍കിയുള്ള 2018-19 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിക്ക് കൗണ്‍സിലിന്റെ അംഗീകാരം. ആധുനിക അറവുശാലയ്ക്ക് വകയിരുത്തിയ 3.91 കോടി രൂപയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് വകയിരുത്തിയ 1.66 കോടി രൂപയുടേയും പ്രഖ്യാപനങ്ങളാണ് ശ്രദ്ധേയമാണ്.
ആസ്ഥി വികസനത്തിനുള്ള മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം, പഴയ ബസ് സ്റ്റാന്‍ഡിന് എതിരെയുള്ള ഷോപ്പിങ് കോംപ്ലക്‌സിന്റെ നവീകരണം എന്നിവയ്ക്ക് 22 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരമായി. വികസന സെമിനാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍, ഹിയറിങ് കമ്മിറ്റി എന്നിവയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ജെസി ആന്റണി പദ്ധതികള്‍ തയ്യാറാക്കിയത്. 2018-19 വര്‍ഷത്തില്‍ ഭൂമിയുള്ള എല്ലാവര്‍ക്കും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് നിര്‍മിച്ച് നല്‍കാനാണ് നഗരസഭാ തീരുമാനം. ഇതിനായി 16.27 കോടി രൂപയാണ് ആകെ വേണ്ടത്. വകയിരിത്തിയ 1.66 കോടിയുടെ ബാക്കി ലോണെടുക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ സ്ലോട്ടര്‍ ഹൗസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനാല്‍ വളരെ പ്രാധാന്യം നല്‍കിയാണ് പദ്ധതിക്കായി തുക വകയിരിത്തിയത്. വനിതാ ക്ഷേമത്തിന് 50 ലക്ഷം ഭിന്നശേഷിക്കാരായ കുട്ടികളുടേയും വൃദ്ധരുടേയും ക്ഷേമത്തിന് 1.2 കോടി രൂപയുടെ പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള 5.1 കോടി, 14ാം ധനകാര്യ കമ്മിഷന്‍ അവാര്‍ഡായ 5.173 കോടി, തനത് ഫണ്ട് 35 ലക്ഷം എന്നിവ ചേര്‍ത്ത് 15.35 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it