Idukki local

തൊടുപുഴ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതന് വൈസ് ചെയര്‍മാന്‍ സ്ഥാനം; കേരളാ കോണ്‍ഗ്രസ്- ലീഗ് നേതൃത്വത്തിന് അതൃപ്തി

തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണസമിതിയില്‍ കോണ്‍ഗ്രസ് വിമതന് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കി ഭരണമാറ്റം നടത്താനുള്ള നീക്കത്തിനെതിരേ കേരളാ കോണ്‍ഗ്രസ്-ലീഗ് നേതൃത്വത്തിന് അതൃപ്തി.
യുഡിഎഫിന് കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭാ ഭരണത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ അനാവശ്യമായി ഇടപെടുകയും കൗണ്‍സിലര്‍മാരെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ബലിയാടുകളാക്കുകയും ചെയ്യുകയാണെന്നാണ് ആക്ഷേപം. കൗണ്‍സിലര്‍മാരുടെ അഭിപ്രായം പോലും ആരായാതെ കോണ്‍ഗ്രസ് വിമതനെ തിരിച്ചെടുക്കുകയും ഇദ്ദേഹത്തെ വൈസ് ചെയര്‍മാനാക്കുകയും ചെയ്യാനുള്ള പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ലീഗ് കൗണ്‍സിലര്‍മാരും പ്രതിഷേധത്തിലാണ്.
അതേസമയം, വൈസ് ചെയര്‍മാന്‍ പദത്തിന് തനിക്കും അര്‍ഹതയുണ്ടെന്നു കാട്ടി കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന കൗണ്‍സിലര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് കത്ത് അയച്ചതായി വിവരമുണ്ട്. തനിക്ക് ഇതിന് അര്‍ഹതയില്ലെന്ന് തോന്നുകയാണെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കാന്‍ അനുമതി തരണമെന്നാണ് കത്തിലെ ആവശ്യം.
ഇതിന് കോണ്‍ഗ്രസിലെ മറ്റ് മൂന്ന് കൗണ്‍സിലര്‍മാരുടെ പിന്തുണയുമുണ്ട്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന് (എം) നഗരസഭാ ചെയര്‍പഴ്‌സന്‍ പദം വിട്ടുകൊടുത്താല്‍, ഈ ഭരണസമിതിയുടെ കാലത്ത് കോണ്‍ഗ്രസിന് ചെയര്‍പേഴ്‌സന്‍ പദം ലഭിക്കുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് കോണ്‍ഗ്രസ് ചെയര്‍പേഴ്‌സന്‍ പദത്തിനായുള്ള വനിതാ കൗണ്‍സിലറുടെ നിലപാട്. യുഡിഎഫ് മുന്നണിയിലില്ലാത്ത കേരളാ കോണ്‍ഗ്രസ് (എം) അംഗത്തെ ചെയര്‍പേഴ്‌സന്‍ സ്ഥാനത്ത് എത്തിക്കാന്‍ ചില നേതാക്കള്‍ നടത്തുന്ന ഗൂഢ നീക്കങ്ങളാണു തൊടുപുഴ നഗരസഭയില്‍ നടക്കുന്നതെന്നും ആക്ഷേപമുണ്ട്.
ഇപ്പോള്‍ കൗണ്‍സിലില്‍ യുഡിഎഫ് പക്ഷത്ത് 14 പേരും എല്‍ഡിഎഫില്‍ 13 പേരും ബിജെപിക്ക് എട്ടു പേരുമാണുള്ളത്. യുഡിഎഫ് ഭരണസമിതിയെ ഒട്ടേറെ തവണ പ്രതിസന്ധിയിലാക്കിയ കേരള കോണ്‍ഗ്രസ് അംഗത്തെ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ അംഗീകരിക്കില്ലെന്നു ലീഗ്-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പലരും നേതാക്കളെ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it