Idukki local

തൊടുപുഴ നഗരഭരണം ത്രിശങ്കുവിലേക്ക്

സ്വന്തം പ്രതിനിധി

തൊടുപുഴ: തൊടുപുഴ നഗരസഭ ഭരണം ത്രിശങ്കുവിലാക്കി നഗരസഭാ ചെയര്‍മാനും വൈസ് ചെയര്‍മാനും രാജിവയ്ക്കുന്നു. യുഡിഎഫ് ധാരണ പ്രകാരമാണ് രാജിയെങ്കിലും ഇനിയുള്ള ഭരണം ആര്‍ക്കെന്ന് പ്രവചിക്കാനാവാത്ത രാഷ്ട്രീയ സാഹചര്യമാണുള്ളത്. ഇപ്പോഴത്തെ ചെയര്‍പഴ്‌സന്‍ സഫിയ ജബ്ബാും വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായരുമാണ് രാജിവയ്ക്കുക. ഇനിയുള്ള കാലയളവില്‍ കേരളാ കോണ്‍ഗ്രസ്സിന് ചെയര്‍മാന്‍ സ്ഥാനം ലഭിക്കും. എന്നാല്‍, യുഡിഎഫില്‍ നിന്നു വിട്ടു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ്സിന് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുമെങ്കിലും വൈസ് ചെയര്‍മാന്‍ സ്ഥാനം യുഡിഎഫിനു ലഭിക്കുന്ന കാര്യത്തില്‍ പ്രതിസന്ധിയുണ്ട്. കോണ്‍ഗ്രസ് വിമതന്‍ ഷാഹുല്‍ ഹമീദ് ഇടഞ്ഞുനില്‍ക്കുന്നതാണ് പ്രശ്‌നം. ഇദ്ദേഹത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ യുഡിഎഫും എല്‍ഡിഎഫും നടത്തുന്നുമുണ്ട്. വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് ഷാഹുല്‍ ഹമീദിനുള്ള എല്‍ഡിഎഫ് വാഗ്ദാനം. എന്നാല്‍, ഷാഹുല്‍ ഹമീദ് ഒപ്പം നിന്നില്ലെങ്കില്‍ യുഡിഎഫ് പ്രതിപക്ഷത്തിരിക്കേണ്ടിയും വരും. കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫിന് ഒപ്പം നിലകൊള്ളുമെന്നും ജെസ്സി ആന്റണി ചെയര്‍ പേഴ്‌സന്‍ ആവുമെന്നുമാണ് നിലവിലെ രാഷ്ട്രീയ അന്തരീക്ഷം. അതേസമയം, നഗരസഭാ ചെയര്‍പഴ്‌സന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് യുഡിഎഫ് ഘടക കക്ഷികളില്‍ കടുത്ത അഭിപ്രായ ഭിന്നതയാണുള്ളത്. യുഡിഎഫ് ധാരണ പ്രകാരം ആദ്യ രണ്ട് വര്‍ഷത്തിനു ശേഷമുള്ള ഒരു വര്‍ഷക്കാലം കേരള കോണ്‍ഗ്രസ് (എം) നും, അവസാന രണ്ട് വര്‍ഷം കോണ്‍ഗ്രസിനും ചെയര്‍പഴ്‌സന്‍ സ്ഥാനം നല്‍കണമെന്നാണ് ധാരണ. വൈസ് ചെയര്‍മാന്‍ സ്ഥാനം മുസ്‌ലിം ലീഗിനും നല്‍കും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെയര്‍പഴ്‌സന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ രാജി വച്ചശേഷം തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഭരണം ലഭിക്കുമോ എന്ന കാര്യത്തില്‍പ്പോലും ഉറപ്പില്ല. നിലവിലെ സാഹചര്യത്തില്‍, കഴിഞ്ഞ തവണ ചെയര്‍പേഴ്‌സന്‍ സ്ഥാനവും വൈസ് ചെയര്‍മാന്‍ സ്ഥാനവും ലഭിച്ചതുപോലെ ഇത്തവണയും സ്ഥാനം കിട്ടുമെന്ന് യുഡിഎഫിന് പ്രതീക്ഷിക്കാനാവില്ല. കോണ്‍ഗ്രസ് സ്വതന്ത്ര കൗണ്‍സിലര്‍ ഇടതുപക്ഷത്തോട് അടുക്കുന്നെന്ന സൂചനയും ഈ സംശയം ബലപ്പെടുത്തി. പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തതോടെ ഇടഞ്ഞു നില്‍ക്കുന്ന ഈ കോണ്‍ഗ്രസ് കൗണ്‍സിലറെ കൂടെ നിര്‍ത്തി ഭരണം പിടിക്കാനാണ് എല്‍ഡിഎഫിന്റെ നീക്കം. ഇതിനിടെ, ഇപ്പോഴത്തെ ചെയര്‍പഴ്‌സനും മറ്റും രാജി വയ്ക്കുന്നില്ലെങ്കില്‍ യുഡിഎഫ് ഭരണ സമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരാനും രഹസ്യ നീക്കം നടത്തുന്നുണ്ടെന്നും വിവരമുണ്ടായിരുന്നു. സഫിയ ജബ്ബാര്‍ രാജി പ്രഖ്യാപിച്ചതോടെ ആ സാധ്യത അടഞ്ഞു. എന്തായാലും വരുംദിവസങ്ങളില്‍ തൊടുപുഴ നഗരസഭയില്‍ രാഷ്ട്രീയ അട്ടിമറികള്‍ക്കുള്ള സാധ്യതയണു തെളിയുന്നത്. അധികാരത്തിലേറാന്‍ യുഡിഎഫും എല്‍ഡിഎഫും എന്തു കളിക്കും തുനിയുമെന്നും ഉറപ്പായി്ട്ടുണ്ട്.
Next Story

RELATED STORIES

Share it