Idukki local

തൊടുപുഴ നഗരത്തെ പുകയില്‍ മുക്കി വാഹനങ്ങള്‍

തൊടുപുഴ: ചെറുതും വലുതുമായ വാഹനങ്ങള്‍ തള്ളുന്ന അമിത പുകയില്‍ തൊടുപുഴ നഗരാന്തരീക്ഷം മലിനമാവുന്നു. ചില ബസ്സുകളും ഓട്ടോറിക്ഷകളും തള്ളുന്ന പുക ആ പ്രദേശത്തെയാകെ മൂടാന്‍തക്കതാണ്. എന്നാല്‍, അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു. വന്‍തോതി പുക തള്ളുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇരുചക്ര വാഹനയാത്രക്കാരെയും കാല്‍നടക്കാരെയുമാണ്.
ജോലിക്കും കച്ചവടത്തിനും മറ്റുമായി നഗരത്തില്‍ തന്നെ കഴിയുന്നവര്‍ക്ക് ഇത് വന്‍ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കക്കുന്നത്. അതേസമയം, നഗരത്തില്‍ ഇടുക്കി റോഡില്‍ കെഎസ്ആര്‍ടിസി ജംക്ഷനില്‍ ഗതാഗതക്കുരുക്കും പതിവായി. നൂറുകണക്കിനു വാഹനയാത്രക്കാര്‍ ഗതാഗതക്കുരുക്കില്‍പ്പെടുമ്പോള്‍ വാഹനങ്ങള്‍ കടത്തിവിടാന്‍ പോലിസും പെടാപ്പാടിലാണ്.
എന്നാല്‍, ക്രിസ്മസിനോടനുബന്ധിച്ച് ഷോപ്പിങിനും മറ്റുമായി കൂടുതല്‍പേര്‍ വാഹനങ്ങളുമായി എത്തിയതാണു കഴിഞ്ഞദിവസങ്ങളിലെ ഗതാഗതക്കുരുക്കിനു കാരണമായി അധികൃതര്‍ പറയുന്നത്. മിക്ക പ്രവൃത്തി ദിവസങ്ങളിലും രാവിലെയും വൈകിട്ടും ഇവിടെ ഗതാഗതക്കുരുക്കു പതിവാണ്. ഈ ജംക്ഷന്‍ കടന്നുകിട്ടാന്‍ വാഹനയാത്രക്കാര്‍ക്ക് ഏറെനേരം കാത്തുകിടക്കണം. നാല്‍ക്കവലയായ ഇവിടെ മിക്കപ്പോഴും നാലു റോഡുകളില്‍നിന്ന് ഒരേസമയം വാഹനങ്ങള്‍ കടന്നുവരുന്നുണ്ട്.
എന്നാല്‍ ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഇനിയും ഒരുക്കിയിട്ടില്ല. ഇത് അപകടസാധ്യതയും വര്‍ധിപ്പിക്കുന്നു. ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നതിനു പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പല സമയത്തും വാഹനത്തിരക്കുമൂലം ഗതാഗതം നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
Next Story

RELATED STORIES

Share it