Idukki local

തൊടുപുഴ നഗരത്തില്‍ നരകയാത്ര; ഗതാഗത തടസ്സം

തൊടുപുഴ: തൊടുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലെയും റോഡുകളില്‍ നിറയെ കുഴി. താഴ്ച കൂടിയ ഈ ചളിക്കുഴികളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായി. ശക്തമായി പെയ്ത കാലവര്‍ഷത്തില്‍ കുണ്ടുംകഴിയുമായ റോഡുകളില്‍ ചരല്‍ നിറയ്ക്കാന്‍ പോലും അധികൃതര്‍ തയ്യറായിട്ടില്ല.
ഗാന്ധി സ്‌ക്വയര്‍, മങ്ങാട്ടുകവല-കാരിക്കോട് റോഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം വന്‍ കുഴികളാണ്. റോഡുകളില്‍ വാഹനങ്ങള്‍ ഏറെ നേരം നിര്‍ത്തി ഗട്ടറുകള്‍ കടക്കേണ്ടി വരുന്നതിനാല്‍ നഗരം എപ്പോഴും ഗതാഗക്കുരുക്കിലുമായി. മഴ മാറി നിന്ന് ദിവസങ്ങളില്‍പ്പോലും അധികൃതര്‍ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അതേസമയം, ചെറിയൊരു മഴ പെയ്താല്‍പോലും നഗരത്തിലെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നതും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ഇപ്പോള്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ നഗരത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഏറെ നേരം കഴിഞ്ഞാണ് ഒഴുകിപ്പോവുക. ഇതുമൂലം പല സ്ഥലത്തും വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ട സ്ഥിതിയുമുണ്ട്. കാല്‍നട യാത്രക്കാര്‍ക്കാണ് ഏറെ ദുരിതം. പലയിടത്തും തകര്‍ന്നു കിടക്കുന്ന റോഡുകളിലെ കുഴികള്‍ മഴയെത്തുടര്‍ന്നു ചെളിവെള്ളം നിറഞ്ഞ നിലയിലാണ്.
കാറുകളും ബസുമെല്ലാം വരുമ്പോള്‍ ഓടിയും ചാടിയുമൊക്കെ വെള്ളം തെറിക്കാതെ രക്ഷപ്പെടാന്‍ പെടാപ്പാടാണ്. റോഡിലെ കുഴികളെയും വെള്ളക്കെട്ടിനെയും കരുതി വേഗം കുറച്ചു, മഴയോടു മല്ലടിച്ചുള്ള യാത്ര തന്നെയാണ് ഇരുചക്ര വാഹനക്കാരുടെയും.
പക്ഷേ, ഓട്ടോറിക്ഷകള്‍, നാലുചക്ര വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ ഓടിക്കുന്നവരില്‍ പലരും കാല്‍നടയാത്രക്കാരെയും ഇരുചക്ര വാഹനയാത്രക്കാരെയും ഗൗനിക്കാറില്ല. വാഹനത്തിന്റെ വേഗം കുറയ്ക്കാന്‍ തയാറാകാതെ വെള്ളത്തിലൂടെ ചീറിപ്പായുകയാണ് പലരും. ഇത്തരത്തില്‍ ചീറിപ്പായുന്നതില്‍ മുന്നില്‍ കാറുകളാണെന്നു ജനങ്ങള്‍ പറയുന്നു. നഗരത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭയുടെയും പൊതുമരാമത്ത് അധികൃതരുടെയും നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതികളെല്ലാം തന്നെ ഫലം ചെയ്യുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കൈതക്കോട് റോഡ്, മണക്കാട് ജങ്ഷന്‍, കാഞ്ഞിരമറ്റം, മങ്ങാട്ടുകവല, പുളിമൂട്ടില്‍ ജങ്ഷന്‍ തുടങ്ങിയ ഇടങ്ങളെല്ലാം വെള്ളക്കെട്ടിലാവുന്നു.
വെള്ളക്കെട്ടുണ്ടാക്കുന്ന പ്രദേശങ്ങളിലെ ഓടകളില്‍നിന്ന് നഗരസഭയുടെ ശുചീകരണ വിഭാഗം മണ്ണും ചളിയും മാലിന്യവും നീക്കിയിരുന്നെങ്കിലും നഗരത്തില്‍ വെള്ളക്കെട്ട് ഭീഷണി തുടരുകയാണ്. മഴവെള്ളം യഥേഷ്ടം ഒഴുകാന്‍ സൗകര്യപ്രദമായ തരത്തില്‍ വീതിയുണ്ടായിരുന്ന ഓടകള്‍ പലതും കൈയേറ്റത്തിന്റെ ഫലമായി ഇടുങ്ങിപ്പോയി. മണക്കാട് ജങ്ഷനില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ടാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മാണം നടത്തിയത്.
Next Story

RELATED STORIES

Share it