തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്ക് അണുബാധ; സംഭവം ഡോക്ടര്‍മാര്‍ മറച്ചുവച്ചു

തൊടുപുഴ: തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്ക് അണുബാധ. ഇതേത്തുടര്‍ന്ന് നാലുദിവസത്തിനിടെ ആറ് കുഞ്ഞുങ്ങളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍, സംഭവം ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ ആശുപത്രി സൂപ്രണ്ടില്‍നിന്ന് മറച്ചുവച്ചു. പിന്നീടാണ് നിജസ്ഥിതി ബോധ്യപ്പെട്ടത്. കുട്ടികളുടെ വിഭാഗം ഡോക്ടര്‍മാരില്‍നിന്ന് വിശദീകരണം തേടി.
ആശുപത്രിയില്‍ നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സിന്റെ സര്‍ട്ടിഫിക്കേഷന്‍ പരിശോധന നടന്നുവരവെയാണ് അണുബാധ. ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ചികില്‍സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള കേന്ദ്രഫണ്ട് ലഭിക്കുകയുള്ളൂ.
പ്രസവ വാര്‍ഡിലെ സന്ദര്‍ശകരുടെ ബാഹുല്യമാണ് അണുബാധയ്ക്കു കാരണമെന്നാണ് പ്രാഥമിക റിപോര്‍ട്ട്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ പലതവണ ശ്രമിച്ചിരുന്നു. ഇതു മിക്കപ്പോഴും സംഘര്‍ഷത്തിലെത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി പറഞ്ഞു. ഇവിടെ നവജാതശിശുക്കള്‍ക്ക് വിട്ടുമാറാത്ത പനിയുണ്ടായി.
ഇതു കാര്യമായെടുത്തില്ലെന്നും അതുകൊണ്ടാണ് റിപോര്‍ട്ട് ചെയ്യാതിരുന്നതെന്നുമാണ് കുട്ടികളുടെ വിഭാഗം ഡോക്ടര്‍മാര്‍ സൂപ്രണ്ടിനു നല്‍കിയ വിശദീകരണം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സൂപ്രണ്ട് നാളെ ഡോക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അതേസമയം, ആശുപത്രിയിലെ വൃത്തിക്കുറവാണ് രോഗബാധയ്ക്കു കാരണമെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു.
Next Story

RELATED STORIES

Share it