Idukki local

തൊടുപുഴ-ചെറുതോണി റൂട്ടില്‍ അപകടം കുറയുന്നില്ല

തൊടുപുഴ: വാഹനങ്ങളുടെ അമിതവേഗവും കൊടുംവളവുകളില്‍ വീതിയില്ലാത്തതും തൊടുപുഴ-ചെറുതോണി റൂട്ടില്‍ അപകട പരമ്പര തന്നെ ഒരുക്കുന്നു. തൊടുപുഴ-മൂലമറ്റം റൂട്ടില്‍ സ്വകാര്യവാഹനങ്ങളുടെയും ബസ്സുകളുടെയും അമിതവേഗത നാട്ടുകാര്‍ക്കു വിനയായിരിക്കുകയാണ്. ആയിരക്കണക്കിനു കുടുംബങ്ങള്‍ താമസിക്കന്ന കാഞ്ഞാര്‍ അടക്കമുള്ള മേഖലകളില്‍ നാട്ടുകാര്‍ക്ക് ജീവന്‍ പണയംവച്ച് റോഡ് മുറിച്ചുകടക്കേണ്ട ഗതികേടാണ്.വിദേശനിര്‍മിത വാഹനങ്ങള്‍ അടക്കം അമിതവേഗതയില്‍ ഓടിക്കുന്നത് തൊടുപുഴ നഗരത്തിലും ഭീതിവിതയ്ക്കുന്നുണ്ട്. ഇന്നലെ രാവിലെ എറണാകുളത്തുനിന്ന് വന്ന വിദേശനിര്‍മിത കാറിനെ അമിതവേഗതയെ തുടര്‍ന്ന് തൊടുപുഴ പോലിസ് പിടികൂടിയിരുന്നു. വാഹനത്തിന്റെ ഡ്രൈവറില്‍ നിന്നു പിഴയീടാക്കി വിട്ടയക്കുകയായിരുന്നു. തൊടുപുഴ-മൂലമറ്റം റൂട്ടില്‍ മല്‍സരയോട്ടവും പതിവായിട്ടുണ്ട്. രാപ്പകല്‍ ഭേദമില്ലാതെ സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസുകളും ചീറിപ്പായുന്നതോടെ ജനം ഭീതിയിലാവുകയാണ്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും തമ്മിലുള്ള മത്സരം യാത്രക്കാരെയും വലയ്ക്കുന്നുണ്ട്. പലപ്പോഴും ഒരേ സമയത്ത് സര്‍വീസ് നടത്തുന്നതാണ് അപകടങ്ങള്‍ക്കു കാരണമാവുന്നത്. പിന്നാലെ വരുന്ന ബസ് കടന്നു പോകാതിരിക്കാന്‍ റോഡിനു നടുവില്‍ നിര്‍ത്തി ആളെ കയറ്റുന്നതും ചെറിയ സ്‌റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്താത്തതും യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. സമയക്രമം പാലിക്കാതെ സ്വകാര്യ ബസും കെഎസ്ആര്‍ടിസിയും ഈ റൂട്ടില്‍ എപ്പോഴും മരണപ്പാച്ചിലാണ്. മത്സര ഓട്ടം പോലിസിന്റെ ശ്രദ്ധയില്‍പ്പട്ടാലും കണ്ണടയ്ക്കുകയാണു പതിവ്. അതേസമയം, വളവുകളില്‍ വീതിയില്ലാത്തത് ഹൈറേഞ്ച് പാതകളില്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. കഴിഞ്ഞദിവസം കുളമാവിനു സമീപം മുത്തിയുരുണ്ടയാറില്‍ ഉണ്ടായ അപകടവും ഇത്തരത്തില്‍ വളവില്‍ വീതിയില്ലാത്തതുമൂലം സംഭവിച്ചതാണെന്നു പ്രദേശവാസികള്‍ പറയുന്നു. അല്‍പം വേഗത്തില്‍ വാഹനങ്ങള്‍ കടന്നുവന്നാല്‍ വളവുവീശിയെടുക്കാന്‍ സാധിക്കാതെവരും. ഇതുമൂലം വാഹനം തെറ്റായ ദിശയിലേക്കുപോകും. ഈ സമയത്ത് എതിര്‍ദിശയില്‍ വാഹനം വന്നാല്‍ അപകടം നടക്കും. കഴിഞ്ഞ വര്‍ഷം മൈലാടി വളവില്‍ കെഎസ്ആര്‍ടിസി ബസ് എതിരേ വരികയായിരുന്ന ബൈക്കില്‍ തട്ടി അപകടത്തില്‍പ്പെട്ടിരുന്നു. ബൈക്ക് യാത്രക്കാരന്‍ ബൈക്കുമായി കൊക്കയിലേക്കു വീണെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. കാടുകയറിയ വഴിയോരങ്ങളും സംരക്ഷണഭിത്തിയില്ലാത്ത റോഡും ഹൈറേഞ്ച് റോഡില്‍ ഏറെയാണ്. റോഡിന് ആവശ്യമായ ഷോള്‍ഡറുകള്‍ ഇല്ലാത്തതും അപകട കാരണമാകുന്നുണ്ട്. പലയിടങ്ങളിലും  മുന്നറിയിപ്പു ബോര്‍ഡുമില്ല. അറക്കുളംമുതല്‍ ഇടുക്കിവരെയുള്ള പ്രദേശങ്ങളിലാണ് അപകടസാധ്യത ഏറെ. ആവശ്യത്തിനു സംരക്ഷണഭിത്തിയില്ലാത്തതും വളവുകളില്‍ റോഡിന് ആവശ്യത്തിനു വീതിയില്ലാത്തതും അപകടസാധ്യത ഇരട്ടിപ്പിക്കുന്നു. അറക്കുളം അശോകക്കവല മുതല്‍ കുളമാവുവരെയുള്ള 14 കിലോമീറ്ററിനിടയില്‍ 12 ഹെയര്‍പിന്‍ വളവുകളുണ്ട്. തുമ്പിച്ചിവളവ്, കുരുതിക്കളത്തിനു സമീപമുള്ള ഒന്നാം വളവ്, മൂന്നാം വളവ്, അഞ്ചാം വളവ്, 11ാം വളവ്, അണ്ണാച്ചിവളവ്, മുത്തിയുരുണ്ടയാര്‍, മൈലാടി എന്നീ സ്ഥലങ്ങളില്‍ റോഡിന്റെ അലൈന്‍മെന്റ് ശരിയല്ലാത്തതിനാല്‍ റോഡില്‍നിന്നു വാഹനങ്ങള്‍ തെന്നിമാറുന്നുമുണ്ട്. മഴയും മഞ്ഞും പെയ്യുമ്പോള്‍ കൂടുതല്‍ തെന്നുന്നതിനും റോഡില്‍നിന്നു വാഹനം നിയന്ത്രണംവിട്ട് അഗാധമായ കൊക്കയിലേക്കു പതിക്കാനും സാധ്യതയുണ്ട്. വീതികുറഞ്ഞ റോഡും ചെങ്കുത്തായ ഇറക്കവും ഓര്‍ക്കാപ്പുറത്തുള്ള വളവുകളും മൂലം ഇതുവഴി എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിനു സാധ്യതകളേറെയാണ്. അറക്കുളംമുതല്‍ ഇടുക്കിവരെയുള്ള റോഡില്‍ അനവധി അപകടസാധ്യതയുള്ള സ്ഥലങ്ങളുണ്ട്. അപകടം വര്‍ധിച്ച ഈ റൂട്ടില്‍ അധികൃതര്‍ അടിയന്തരമായി ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it