Idukki local

തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോ മെയില്‍ തുറക്കും ്‌

തൊടുപുഴ: തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോ മെയ്മാസം തുറക്കാനുള്ള ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളുമായി അധികൃതര്‍. പരമാവധി പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതികളാണ് ഇപ്പോള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിനായി കെഎസ്ആര്‍ടിസിയുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അടിയന്തരമായി അനുവദിപ്പിക്കും.
ഡിപ്പോയുടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി വേണ്ടത് 1.35 കോടി രൂപയാണ്. ഡിപ്പോ പൂര്‍ത്തിയാകാത്തതിനാല്‍ കെഎസ്ആര്‍ടിസി നഷ്ടം നേരിടുകയാണ്. ബസ്സുകളുടെ പാര്‍ക്കിങ് ഉള്‍പ്പെടെ ദൈനംദിന പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലുമാണ് ഡിപ്പോ തുറക്കാനുള്ള അടിയന്തര നടപടികളുമായി മുന്നോട്ടു പോകുന്നത്. തൊടുപുഴ-ഇടുക്കി റോഡില്‍ പുതിയ ഡിപ്പോ നിര്‍മാണം ആരംഭിച്ചതോടെ നഗരസഭയുടെ ലോറി സ്റ്റാന്‍ഡ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് നിലവില്‍ കെഎസ്ആര്‍ടിസി തൊടുപുഴ ഡിപ്പോ ഇപ്പോഴുള്ളത്.
ഇവിടുത്തെ സ്ഥലപരിമിതി മൂലം വഴിയോരത്താണ് വൈകീട്ട് ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. ഡിപ്പോയില്‍ ബസ് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്തതിനാലാണ് രാത്രി കാലങ്ങളില്‍ വഴിയോരത്ത് ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്.പുതിയ ഡിപ്പോയില്‍ സജ്ജമാക്കുന്ന കടമുറികള്‍ ലേലം ചെയ്തു നല്‍കുന്ന നടപടിക്രമങ്ങള്‍ നീണ്ടുപോകുന്നതും പ്രതിസന്ധിയിലാക്കി. ഇതില്‍ നിന്നുള്ള വരുമാനവും നിര്‍മാണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ രണ്ട് കടമുറികള്‍ മാത്രമാണ് ലേലത്തില്‍ പോയത്. വന്‍തുക സെക്യൂരിറ്റിയായി കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടതോടെയാണ് ലേലത്തിന് എത്തിയവര്‍ പിന്‍മാറിയത്. ഭൂരിഭാഗം കടമുറികളും വെറുതെ കിടക്കുകയാണ്.
മുകള്‍ നിലയില്‍ ഓഫിസ് ആവശ്യങ്ങള്‍ക്ക് വാടകയ്ക്കു നല്‍കാനുള്ള മുറികളും ഉണ്ടെങ്കിലും ഇതും ലേലത്തില്‍ പോയിട്ടില്ല. 40 ബസുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാനും പത്ത് ബസുകള്‍ക്ക് ഒരേസമയം യാത്രക്കാരെ കയറ്റിയിറക്കി പോകാനുമുള്ള സൗകര്യം, ഡീസല്‍ പമ്പ്, ജീവനക്കാര്‍ക്ക് വിശ്രമത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമുള്ള സൗകര്യം എന്നിവ ഉള്‍പ്പെടെയാണ് നിര്‍ദിഷ്ട ബസ് ഡിപ്പോയിലുള്ളത്.
താഴത്തെ നിലയില്‍ പാര്‍ക്കിങ്, ഒന്നാം നിലയില്‍ ബസ് സ്റ്റാന്‍ഡ്, രണ്ടും മൂന്നും നിലകളില്‍ ഓഫിസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് ക്രമീകരണം. സ്ഥലം തികയാതെ വന്നാല്‍ നിലവില്‍ പേ ആന്‍ഡ് പാര്‍ക്കിനു കൊടുത്തിരിക്കുന്ന സ്ഥലം ഏറ്റെടുക്കാനും പദ്ധതിയുണ്ട്.
Next Story

RELATED STORIES

Share it