Idukki local

തൊടുപുഴയുടെ നിറസാന്നിധ്യമായിരുന്ന വി ആര്‍ ഹരിഹരന്‍നായര്‍ ഓര്‍മയായി—



തൊടുപുഴ: വൈദ്യുതി ബോര്‍ഡ് റിട്ട. എക്‌സിക്യൂട്ടീവ് എന്‍ജിനീയറും സാഹിത്യകാരനും വ്യക്തിത്വ വികസന പരിശീലകനുമായിരുന്ന തൊടുപുഴ ഗോകുലത്തില്‍ വി ആര്‍ ഹരിഹരന്‍നായര്‍ (85) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ അംബിക തൊടുപുഴ മുണ്ടമറ്റം കുടുംബാംഗം. മകന്‍: അഡ്വ. എച്ച് കൃഷ്ണകുമാര്‍ (ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം).800ല്‍പ്പരം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 24 പുസ്തകങ്ങളുടെ രചയിതാവാണ്. കെഎസ്ഇബിയില്‍ ജൂനിയര്‍ എന്‍ജിനീയറായി ഔദ്യോഗിക ജീവതം ആരംഭിച്ച ഹരിഹരന്‍ നായര്‍ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ആര്‍ച്ച് ഡാം, ഇരട്ടയാര്‍, കല്ലാര്‍ ഡാമുകളുടെ നിര്‍മ്മാണത്തില്‍ സജീവപങ്കാളിയായിരുന്നു. ഇടുക്കി പദ്ധതിയുടെ ചരിത്രം മനസ്സിലാക്കാന്‍ പലരും ബന്ധുപ്പെട്ടിരുന്നത് ഹരിഹരന്‍ നായരെയായിരുന്നു. ഔദ്യോഗിക ജീവതകാലത്തു തന്നെ പ്രായോഗക മനശാസ്ത്ര രംഗത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. 70കള്‍ മുതല്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ മനശാസ്ത്ര ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 1988ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം പ്രായോഗിക മനശാസ്ത്രരംഗത്ത് കൂടുതല്‍ സജീവമായി. തൊടുപുഴയിലെ വീടിനോട് ചേര്‍ന്ന് സെല്‍ഫ് ഡവലപ്‌മെന്റ് സ്റ്റഡി സെന്റര്‍ എന്ന സ്ഥാപനവും തുടങ്ങി. മാനസികമായ വിവിധ പ്രശ്‌നങ്ങളുമായി ഇവിടെയെത്തിയവര്‍ക്ക് ജീവിത വിജയത്തിന്റെ ഒട്ടേറെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പകര്‍ന്നു നല്‍കി. പ്രായോഗിക മനശ്ശാസ്ത്രത്തെ കുറിച്ചുള്ളതാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം പുസ്തകങ്ങളും. ലണ്ടന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്കോളജി, അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്കോളജി, സൈക്കോളജിക്കല്‍ സെന്റര്‍ (ജയ്പൂര്‍) എന്നിവിടങ്ങളില്‍ നിന്നാണ് മനശ്ശാസ്ത്രത്തെപ്പറ്റി കൂടുതല്‍ അവഗാഹം നേടിയത്. പ്രായോഗിക മനശ്ശാസ്ത്ര സാഹിത്യകാരനെന്ന നിലയില്‍ പ്രഥമ കൃഷ്ണചൈതന്യ പുരസ്‌കാരം, മഹാകവി ജി സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ആകര്‍ഷകമായ വ്യക്തിത്വം വേണമെങ്കില്‍, കര്‍മ്മോത്സുകരാകുക വിജയം നിങ്ങളുടേതാണ്, ജീവിത വിജയത്തിന്, ദാമ്പത്യജീവിതം സൗഭാഗ്യപ്രദമാക്കാന്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത പുസ്തകങ്ങളാണ്.
Next Story

RELATED STORIES

Share it