Idukki local

തൊടുപുഴയില്‍ 35 പോലിസ്  ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പോലിസില്‍ സമഗ്ര അഴിച്ചുപണി

ജോബിന്‍തോമസ്

തൊടുപുഴ: ജില്ലയിലെ പോലിസില്‍ സമഗ്ര അഴിച്ചുപണി. തൊടുപുഴ ഡിവൈഎസ്പി ഓഫിസിനു കീഴിലെ 35 പേരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവാണ് ജില്ലാ പോലിസ് മേധാവി പുറത്തിറക്കിയത്. എസ്‌ഐ, എഎസ്‌ഐമാരെയാണ് സമീപ സ്റ്റേഷനുകളിലേയ്ക്കും ഹൈറേഞ്ചിലെ മറ്റ് സ്റ്റേഷനുകളിലേയ്ക്കും സ്ഥലം മാറ്റിയത്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് പലര്‍ക്കും സ്ഥലം മാറ്റിക്കൊണ്ടുള്ള അറിയിപ്പ് ലഭിച്ചത്. സ്വന്തം നാട്ടുകാരായ പോലിസുകാര്‍ അവിടെത്തന്നെ ജോലി ചെയ്യുന്നത് കേസുകളെ ബാധിക്കുമെന്നും ഇത്തരത്തില്‍ ജോലി ചെയുന്നവരെ മാറ്റണമെന്നും സംസ്ഥാന പോലിസ് മേധാവിയുടെ കര്‍ശന ഉത്തരവുണ്ടായിരുന്നു.
തൊടുപുഴയിലെ 2 എസ്‌ഐമാരെ അടിമാലി, വാഗമണ്‍ സ്റ്റേഷനിലേയ്ക്കും, കാളിയാര്‍ എസ്‌ഐയ്ക്ക് ശാന്തമ്പാറയ്ക്കും, കരിങ്കുന്നം എസ്‌ഐയ്ക്ക് പീരുമേട്ടിലേയ്ക്കുമാണ് മാറ്റിയത്. നിയമസഭാ ഇലക്ഷന്‍ മുന്നില്‍ക്കണ്ടാണ് സ്ഥലംമാറ്റമെന്നാണ് വിശദീകരണം.
ഉടുമ്പന്‍ചോല, പീരുമേട്, തൊടുപുഴ, ഇടുക്കി, ദേവികുളം എന്നീ നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം നടന്നിരിക്കുന്നത്. ജില്ല പോലിസ് മേധാവി ചാര്‍ജ് എടുത്തതിനുശേഷം നടക്കുന്ന ആദ്യ അഴിച്ചുപണിയാണ്.
ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിന്റെയും സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിന്റെയും റിപോര്‍ട്ടുകളും മാറ്റത്തിനായി പരിഗണിച്ചിട്ടുണ്ട്. ഉടന്‍ തന്നെ പോലിസുകാരുടെ ഗ്രേഡ് അടിസ്ഥാനത്തിലും ജില്ലയില്‍ വ്യാപകമായി സ്ഥലം മാറ്റമുണ്ടാകും.
ഹൈറേഞ്ച് മേഖലയിലുള്ള എസ്‌ഐമാര്‍ക്ക് ലോറേഞ്ചിലേയ്ക്കും, ലോറേഞ്ചിലുള്ളവര്‍ക്ക് ഹൈറേഞ്ചിലേയ്ക്കുമാണ് സ്ഥലം മാറ്റം. പെട്ടെന്നുണ്ടായ മാറ്റത്തിനെതിരെ പോലിസ് അസോസിയേഷനു മുറുമുറുപ്പുണ്ടെങ്കിലും തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലെന്ന നിലപാടിലാണ് ജില്ല പോലിസ് മേധാവി.
സ്‌പെഷല്‍ ബ്രാഞ്ച് നിരീക്ഷണത്തിലുള്ള ചില പോലിസ് സ്‌റ്റേഷനുകളിലെ പോലിസുകാരെ പൂര്‍ണമായി മാറ്റാനും പദ്ധതിയുണ്ട്. ചില സ്റ്റേഷനുകളില്‍ നിന്ന് സമീപ കാലത്ത് വ്യാപകമായ പരാതികള്‍ സ്‌പെഷല്‍ ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. ഉത്തരവ് കിട്ടി രണ്ടു ദിവസത്തിനുള്ളില്‍ ചാര്‍ജ് എടുക്കണമെന്നാണ് പോലിസ് മേധാവിയുടെ നിര്‍ദേശം.
Next Story

RELATED STORIES

Share it