thiruvananthapuram local

തൈക്കാട് ശാന്തികവാടം: വര്‍ധിപ്പിച്ച ഫീസ് ഈടാക്കിയില്ല; കോര്‍പറേഷന് നഷ്ടമായത് 2.5 ലക്ഷം

തിരുവനന്തപുരം: തൈക്കാട് ശാന്തികവാടത്തിലെ വൈദ്യുതി ശ്മശാനത്തില്‍ വര്‍ധിപ്പിച്ച നിരക്കിലുള്ള ഫീസ് സമയ ബന്ധിതമായി ഈടാക്കാത്തതിനെ തുടര്‍ന്ന് നഗരസഭ നഷ്ടമാക്കിയത് രണ്ടരലക്ഷത്തോളം രൂപ.
അടുത്തിടെ പുറത്തുവിട്ട 2013-14 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് റിപോര്‍ട്ടിലാണ് ഇത് സംബന്ധിച്ച നഗരസഭയുടെ അനാസ്ഥ തുറന്ന് കാണിക്കുന്നത്. ക്രമറ്റോറിയം ഫീസ് ഇനത്തില്‍ ബിപിഎല്‍ വിഭാഗത്തിന് നിലവിലുണ്ടായിരുന്ന 500 രൂപയില്‍ നിന്നും 750 രൂപയായും പൊതുവിഭാഗത്തിന് 1000 രൂപയില്‍ നിന്നും 1500 രൂപയായും വര്‍ധിപ്പിച്ചുകൊണ്ട് 2013 ജൂണ്‍ ഒമ്പതിന് കൂടിയ കൗണ്‍സിലില്‍ തീരുമാനം എടുത്തിരുന്നു.
എന്നാല്‍ കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ സെക്രട്ടറിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ തുടര്‍ ഉത്തരവുകള്‍ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല. അതിനാല്‍ കൗണ്‍സില്‍ തീരുമാനമെടുത്ത തിയതി മുതല്‍ പുതിയ നിരക്കിലുള്ള ഫീസ് നിലവില്‍ വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച അറിയിപ്പ് ശ്മശാനത്തിന്റെ ചുമതലയുള്ള ജീവനക്കാര്‍ക്ക് മാസങ്ങള്‍ക്ക് ശേഷമാണ് ലഭ്യമാക്കിയത്.
തീരുമാനത്തിന്റെ പകര്‍പ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തി ല്‍ 2013 ഒക്ടോബര്‍ 13 മുതല്‍ മാത്രമാണ് പുതിയ നിരക്കില്‍ ഫീസ് ഈടാക്കി തുടങ്ങിയത്.
ഇക്കാരണത്താല്‍ നഗരസഭയ്ക്ക് 2,51, 250 രൂപ നഷ്ടം ഉണ്ടാക്കി. 2013 ജൂണ്‍ മാസത്തില്‍ 71,250 രൂപയുടെയും ജൂലൈയില്‍ 88000 രൂപയുടെയും ആഗസ്തില്‍ 66000 രൂപയുടെയും സപ്തംബറില്‍ 26000 രൂപയുടെയും നഷ്ടമാണ് നഗരസഭയുടെ അനാസ്ഥ മൂലം നഷ്ടമായത്.
2013 ജൂലൈ ഒമ്പതിന് നിലവില്‍ വന്ന തീരുമാനം സമയബന്ധിതമായി ശ്മശാനത്തിലെ ജീവനക്കാരെ അറിയിക്കുകയും തീരുമാനം നടപ്പിലാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നുവെങ്കില്‍ നഗരസഭയ്ക്ക് ഈ നഷ്ടം ഒഴിവാക്കാമായിരുന്നുവെന്ന് ഓഡിറ്റ് റിപോര്‍ട്ടില്‍ പറയുന്നു.
നഗരസഭയിലെ തീരുമാനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതിന് ബന്ധപ്പെട്ട ജീവനക്കാര്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നത് ഇതില്‍ നിന്ന് വ്യക്തമാകുമെന്നും നഷ്ടം വരുത്തിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും തുക നഗരസഭ ഈടാക്കണമെന്നും റിപോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.
കൂടാതെ തൊഴില്‍ നികുതി ഡിമാന്റ് ചെയ്ത സ്ഥാപനങ്ങളില്‍ നിന്ന് നികുതി ഈടാക്കാത്തതിനെ തുടര്‍ന്നും ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കിയതായി ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്.
2013-14 സാമ്പത്തിക വര്‍ഷത്തെ നഗരസഭയുടെ മെയിന്‍ ഓഫിസ്, സോണല്‍ ഓഫിസ് എന്നിവിടങ്ങളിലെ തൊഴില്‍ നികുതി ഡിമാന്റ് രജിസ്റ്ററുകള്‍, നികുതി റിട്ടേണുകള്‍ എന്നിവ പരിശോധിച്ചതില്‍ നികുതി ഡിമാന്റ് ചെയ്തിട്ടുള്ള ചില സ്ഥാപനങ്ങള്‍ ഒരു വര്‍ഷത്തെ നികുതി അടയ്ക്കാത്തതായി കണ്ടെത്തി.
കഴക്കൂട്ടം മേഖല ഓഫിസ്-1,65,855, കടകംപള്ളി മേഖല ഓഫിസ്-12,82,110, ശ്രീകാര്യം മേഖല ഓഫിസ് 93,400 രൂപയുമാണ് ഈടാക്കേണ്ടിയിരുന്നത്. ഇത്തരത്തില്‍ മൊത്തം 15,41,365 ലക്ഷം രൂപ ഈ ഇനത്തില്‍ നഗരസഭയ്ക്ക് വരുമാന നഷ്ടം ഉണ്ടാക്കിയതായി റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it