thrissur local

തൈക്കാട് മദ്യശാലാവിരുദ്ധ സമരം ശക്തമാവുന്നു



ഗുരുവായൂര്‍: ഒരുനാടിന്റെ സര്‍വ്വനാശത്തിന് കാരണമാകുന്ന ഗുരുവായൂരില്‍ തൈക്കാട് ആരംഭിച്ച മദ്യശാല പൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു. നാലുദിവസം പിന്നിട്ട അനിശ്ചിതകാല റിലേ സത്യഗ്രഹത്തില്‍ ഇന്നലെയും സ്ത്രീകളും കുട്ടികളുകളമടക്കം നിരവധിപേര്‍ പങ്കെടുത്തു. ജാതിമത രാഷ്ട്രീയ ഭേദമന്യേ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന സത്യഗ്രഹസമരം ജനകീയ സമര സമിതി ചെയര്‍മാന്‍ റഷീദ് കുന്നിക്കലിന്റെ അദ്ധ്യക്ഷതയില്‍ കെസിബിസി മദ്യവിരുദ്ധസമിതി അതിരൂപതാ ഡയറക്ടര്‍ ഫാദര്‍ ദേവസ്സി പന്തല്ലൂക്കാരന്‍ ഉദ്ഘാടനംചെയ്തു. മദ്യം വിഷമാണെന്ന ഫഌക്‌സ് ബോര്‍ഡുകള്‍ക്ക് താഴെ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് പോലിസ് സംരക്ഷണം നല്‍കുന്നത് തികച്ചും അപഹാസ്യമാണെന്ന് ഫാദര്‍ ദേവസ്സി പന്തല്ലൂക്കാരന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ബഷീര്‍ഫൈസി ദേശമംഗലം, റഹ്മാന്‍ തിരുനെല്ലൂര്‍, ആര്‍ എച്ച് അബ്ദുള്‍സലീം, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ എ ടി ഹംസ, ജോയ്‌ചെറിയാന്‍, ബാബുമാസ്റ്റര്‍, ശോഭാ ഹരിനാരായണന്‍ സംസാരിച്ചു. ജനകീയ സമരസമിതിക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ ഇന്ന് സമരപന്തലിലേക്ക് ജാഥ നയിക്കും. ഇതിനിടെ കണ്ടാലറിയാവുന്ന 150-ഓളം സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുവായൂര്‍ പോലിസ് കേസെടുത്തു. ഹൈക്കോടതി വിധിയുടെ പശ്ചാതലത്തില്‍ പൊതുജനങ്ങളുടെ വഴി തടസ്സപ്പെടുത്തിയതിന് റോഡ് റസ്‌പെക്ട് ആക്ട് അനുസരിച്ചാണ് പോലിസ് കേസെടുത്തിട്ടുള്ളത്. അതേസമയം ഗുരുവായൂര്‍ തൈക്കാട് ആരംഭിച്ച മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടക്കുന്ന സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബ്രഹ്മകുളം ഇടവക വിശ്വാസികള്‍ നടത്തിയ പ്രകടനം പോലിസ് തടഞ്ഞത് സംഘര്‍ഷാവസ്ഥക്കിടയാക്കി. പ്രകടനക്കാര്‍ പിരിഞ്ഞുപോയില്ലെങ്കില്‍ ബലം പ്രയോഗിക്കേണ്ടിവരുമെന്ന് അറിയിച്ചതോടെ വിശ്വാസികള്‍ പോലിസിനെതിരെ മുദ്രാവാക്യം വിളിച്ചു തുടങ്ങി. ഉടനെ ഒരു സിവില്‍ പോലിസ് ഓഫീസറോട് ദൃശ്യംപകര്‍ത്താന്‍ ആവശ്യപ്പെട്ട് പോലിസ് പിന്മാറി. പ്രകടനക്കാരെകൊണ്ട് റോഡ് നിറഞ്ഞതോടെ മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
Next Story

RELATED STORIES

Share it