thrissur local

തൈക്കാട് ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പ്രവേശന കവാടം പിറകിലേക്ക് മാറ്റിയതില്‍ സംഘര്‍ഷം



ഗുരുവായൂര്‍: ഗുരുവായൂരിലെ ജനവാസകേന്ദ്രമായ തൈക്കാട് ആരംഭിച്ച ബിവറേജ് ഔട്ട്‌ലെറ്റിന്റെ പ്രവേശന കവാടം ഇന്നലെ പുറകിലേക്ക് മാറ്റിയത് സ്ഥലത്ത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ഗുരുവായൂര്‍ എസ്‌ഐ ആര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി സംഘര്‍ഷം ഒഴിവാക്കി. മദ്യപിച്ചെത്തിയ ആള്‍ സമീപത്തെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് സമരക്കാര്‍ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ ജീവനക്കാരുമായി ചെറിയതോതില്‍ സംഘര്‍ഷമുണ്ടാക്കിയത്. ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പിറകിലുള്ള വീട്ടിലെ സ്ത്രീകളോടാണ് മദ്യപാനി അപമര്യാദയായി പെരുമാറിയത്. എന്നാല്‍ പോലിസെത്തുമ്പോഴേക്കും ഇയാള്‍ സ്ഥലം വിട്ടു. ദൂരപരിധിയില്‍ കൃത്രിമം കാണിക്കാനാണ് ബിവറേജസ് ഔട്ട്‌ലെറ്റിന്റെ വഴി തിരിച്ചുവിട്ടതെന്ന് ജനകീയ സമരസമിതിക്കാര്‍ ആരോപിച്ചു. സമരക്കാരുടെ പ്രതിഷേധത്തെതുടര്‍ന്ന് ബിവറേജസ് ഔട്ട്‌ലെറ്റിന്റെ ക്യൂ വീണ്ടും പഴയരീതിയിലാക്കി. ഇതിനിടെ സമരക്കാര്‍ അക്രമിച്ചുവെന്നാരോപിച്ച് ബിവറേജസ് ഔട്ട്‌ലെറ്റിന്റെ ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. അനിശ്ചിതകാല സമരം എട്ടാം ദിവസമായ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ സമരം വളരെ ശക്തമാക്കാന്‍ തീരുമാനിച്ചു. ജനനന്മക്ക് വേണ്ടി നടത്തുന്ന ജനകീയ സമരത്തിനുനേരെ മുഖം തിരിക്കുന്ന സമീപത്തെ എംഎല്‍എമാരായ അബ്ദുല്‍ ഖാദറിന്റേയും, മുരളി പെരുനെല്ലിയുടേയും പൊതുപരിപാടികള്‍ ബഹിഷ്‌ക്കരിച്ച് പ്രതിഷേധം രേഖപ്പെടുത്താന്‍ ജനകീയ സമരസമിതി തീരുമാനിച്ചു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നടപടികളില്‍നിന്ന് അധികൃതര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. റഷീദ് കുന്നിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ എ അബൂബക്കര്‍, ആര്‍ എച്ച് അബ്ദുള്‍സലീം, എ ടി സ്റ്റീഫന്‍മാസ്റ്റര്‍, കെ ടി ബാലന്‍, സുജി ബ്രഹ്മംകുളം സംസാരിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സമരം നടക്കുന്നത്.
Next Story

RELATED STORIES

Share it