Kollam Local

തോടുകളിലേക്ക് മാലിന്യം; ജനങ്ങള്‍ക്ക് ആരോഗ്യഭീഷണി

ഓയൂര്‍: പൂയപ്പള്ളി മൈലോട് തഴഞ്ഞി തോട്ടില്‍ കക്കൂസ് മാലിന്യം ഒഴുക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മൂന്ന് പ്രാവശ്യമാണ് മാലിന്യം ഒഴുക്കിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വേനല്‍ക്കാലത്തും നീരൊഴുക്കുള്ള തോടിനെ പ്രദേശത്തെ നിരവധി കുടുംബങ്ങളാണ് ആശ്രയിക്കുന്നത്. അടിക്കടി ഉണ്ടാകുന്ന മാലിന്യ നിക്ഷേപം കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
പ്രദേശത്ത് പൂയപ്പള്ളി പോലിസ് രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ രാത്രികാല നിരീക്ഷണത്തിനായി പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞദിവസം ഓയൂര്‍,കരിങ്ങന്നൂര്‍ മങ്കാട് ഏലാതോട്ടിലും അറവ് മാടിന്റെ അവശിഷ്ടങ്ങള്‍ തള്ളിയതോടെ പ്രദേശവാസികള്‍ ആരോഗ്യഭീഷണിയിലാണ്. വേനല്‍ കടുത്തതോടെ സമീപ പ്രദേശങ്ങളിലെ മിക്ക തോടുകളും വറ്റി വരണ്ടു. സമീപപ്രദേശത്തെ ആളുകളെല്ലാം മങ്കാട് തോട്ടിലാണ് കുളിക്കുന്നതിനും കഴുകുന്നതിനും എത്തുന്നത്. എന്നാല്‍ കഴിഞ്ഞദിവസം രാത്രിയില്‍ ചാക്കുകളിലും അല്ലാതെയും അറവ്മാടുകളുടെ അവശിഷ്ടങ്ങളായ കുടല്‍പ്പണ്ടം, തലയോട്ടി ഉള്‍പ്പടെയുള്ളവയാണ് തോട്ടില്‍ തള്ളിയത്. ഇതോടെ പ്രദേശത്ത് വന്‍ദുര്‍ഗന്ധം അനുഭവപ്പെടുകയും വെള്ളം മലിനപ്പെടുകയും ചെയ്തതിനാല്‍ പ്രദേശവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. വിവരം അറിഞ്ഞെത്തിയ വാര്‍ഡ് മെംബര്‍ പി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ഏറെക്കുറെ മാലിന്യം നീക്കം ചെയ്തു. ആറ്റുതീരങ്ങളിലും ആളൊഴിഞ്ഞ ഭാഗത്തെ തോട്ടിന്‍കരകളിലും വന്‍തോതിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. പോലിസ് രാത്രികാല പട്രോളിങ്് ശക്തമാക്കിയാല്‍ ഒരു പരിധിവരെ മാലിന്യനിക്ഷേപത്തിന് പരിഹാരമുണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it