Kollam Local

തേവലക്കരയിലെ സബ് സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാവുന്നു

ചവറ: തേവലക്കരയിലെ ജനങ്ങളുടെ സബ് സ്‌റ്റേഷന് വേണ്ടിയുള്ള മുറവിളിക്ക് പരിഹാരമാവുന്നു.  തേവലക്കര, തെക്കുംഭാഗം പഞ്ചായത്തുകളിലും മൈനാഗപ്പള്ളി, ചവറ, പന്മന പഞ്ചായത്തുകളില്‍ ഭാഗികമായും വൈദ്യുതി വിതരണം നടക്കുന്നത് തേവലക്കര സെക്ഷന്‍ ഓഫിസിന് കീഴില്‍ നിന്നാണ്. എന്നാല്‍ മിക്കവാറും  വൈദ്യുതി തടസ്സങ്ങളും വോള്‍ട്ടേജ് ക്ഷാമവും കാരണം ഈ ഭാഗങ്ങളിലെ  ഉപഭോക്താക്കളും  ജീവനക്കാരും  വല്ലാതെ പൊറുതിമുട്ടാറുണ്ട്. നിലവില്‍ സബ് സ്‌റ്റേഷനുകളുള്ള ചവറ, ശാസ്താംകോട്ട, എന്നിവിടങ്ങളില്‍ നിന്നുള്ള വൈദ്യുതി വിതരണം ഓവര്‍ലോഡ് വഹിക്കുന്നതിനാലും ചവറ സബ് സ്‌റ്റേഷന് കീഴിലുള്ള ചവറ, പന്മന ഭാഗങ്ങളില്‍ അറ്റകുറ്റപ്പണിക്കായി ലൈന്‍  ഓഫ് ചെയ്യുമ്പോള്‍ അതിന്റെ ഫലമായി തേവലക്കര സെക്ഷന്‍ ഓഫിസിന് കീഴിലെ ഫീഡറുകളില്‍  വൈദ്യുതി തടസ്സപ്പെടുന്നതുമായിരുന്നു കാരണം. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഒമ്പത് വര്‍ഷം മുമ്പാണ് സബ് സ്‌റ്റേഷനെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയത്. തുടര്‍ന്ന് സ്ഥലം ഉള്‍പ്പെടെയുള്ള ഭൗതിക സാഹചര്യങ്ങള്‍ ലഭ്യമാവുന്ന മുറക്ക് സബ് സ്‌റ്റേഷന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും ധാരണയായിരുന്നു. സ്ഥലത്തിനായുള്ള അന്വേഷണത്തില്‍  നടുവിലക്കര നാലാം വാര്‍ഡില്‍ പെട്ട ആലയില്‍ വടക്ക് ഭാഗമാണ് കൂടുതലായി പരിഗണിച്ചത്. ഈ സ്ഥലത്തിന് തൊട്ടടുത്തു കൂടി 11 കെബി, 66 കെബി, 110 കെബി ഹൈടെന്‍ഷന്‍ ലൈനുകള്‍ കടന്നു പോകുന്നതിനാല്‍ സബ് സ്‌റ്റേഷനായി അധികം ടവറും ലൈനും സ്ഥാപിക്കുന്ന അധിക ചെലവും ബുദ്ധിമുട്ടും ഒഴിവാകുമെന്നതിനാലായിരുന്നു ഈ സ്ഥലം പരിഗണിച്ചത്. ബിവിആര്‍ (ബേസിക് വാല്യൂഷന്‍ റിപ്പോര്‍ട്ട് ) അടക്കമുള്ള കാര്യങ്ങള്‍ മുന്നോട്ട് പോയെങ്കിലും കണ്ടെത്തിയ 118  സെന്റ് സ്ഥലത്തിന് ബന്ധുക്കളായ സ്ഥല ഉടമകള്‍ തമ്മില്‍ തര്‍ക്കവും കോടതി വ്യവഹാരങ്ങളും  ഉടലെടുത്തതിനാല്‍ പരിഹാരം നീണ്ടു പോവുകയായിരുന്നു. വര്‍ഷങ്ങളായി നിലനിന്നിരുന്ന ഈ പ്രശ്‌നം കൊല്ലം  ജില്ലാ കലക്ടറായിരുന്ന ഷൈന മോളുടേയും ഇപ്പോഴത്തെ കലക്ടറായ കാര്‍ത്തികേയന്റെയും സാന്നിധ്യത്തില്‍  വാര്‍ഡ് മെംബറായ ബിന്ധ്യ അജയന്റെയും  ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെയും ശ്രമഫലമായി നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍  ഒത്തുതീര്‍പ്പിലെത്തിയിരിക്കുകയാണ്. ഏകദേശം 28 കോടി എസ്റ്റിമേറ്റ് ഇട്ടിരിക്കുന്ന പദ്ധതിയുടെ കീഴില്‍ തേവലക്കര ഇലക്ടിക്കല്‍ സെക്ഷന്‍ ഓഫിസിന്റെ നിര്‍മാണവും പരിഗണനയിലുണ്ട്. ഇപ്പോള്‍ ഓഫിസ് തേവലക്കരയിലെ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മുമ്പ് 66 കെബി പരിധിയുളള സബ് സ്‌റ്റേഷനായാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ഇപ്പോള്‍ അത് 110 കെബി പരിധിയാക്കി ഉയര്‍ത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. പദ്ധതി സ്ഥലത്തിന്റെ മറ്റ് നടപടികളും ഭരണാനുമതിയും  ലഭ്യമായാലുടന്‍ ടെന്‍ഡര്‍ വിളിക്കുന്നതാണ്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി രണ്ടര വര്‍ഷമാണ് കണക്കാക്കുന്നത്.
Next Story

RELATED STORIES

Share it