Idukki local

തേന്‍ഗ്രാമം: വീട്ടമ്മമാര്‍ക്ക് വരുമാനദായക പദ്ധതി ഒരുക്കി പെരുവന്താനം ഗ്രാമപ്പഞ്ചായത്ത്

ഇടുക്കി: തേന്‍ഗ്രാമമാവാന്‍ പെരുവന്താനം ഗ്രാമപ്പഞ്ചായത്ത് ഒരുങ്ങുന്നു. വീട്ടമ്മമാര്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ വരുമാനമെന്ന നിലയില്‍ വനിതാ ഘടക പദ്ധതിയായിട്ടാണ് ഗ്രാമപ്പഞ്ചായത്ത് തേന്‍ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. വനിതകള്‍ക്ക് ഒരു സെറ്റ് തേനീച്ചയും കൂടും നല്‍കി തേനീച്ചകൃഷി പരിപോഷിപ്പിക്കുന്നതാണ് പദ്ധതി. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി എസ്‌സി,എസ്ടി, പൊതുവിഭാഗങ്ങളില്‍ നിന്ന് ഗ്രാമസഭകള്‍ മുഖേനയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.
ആദ്യപടിയായി ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 100 ഗുണഭോക്താക്കള്‍ക്ക് തേനീച്ചക്കൃഷിയും പരിപാലനവും സംബന്ധിച്ച് പരിശീലനം നല്‍കിക്കഴിഞ്ഞു. അടുത്തതായി അപേക്ഷിച്ചിട്ടുള്ള പരിശീലനം ലഭിക്കാത്ത മുഴുവന്‍പേര്‍ക്കും പരിശീലനം നല്‍കാനുളള തയ്യാറെടുപ്പിലാണ് ഗ്രാമപ്പഞ്ചായത്ത്. ഏകദേശം 2000 രൂപയോളം ചെലവ് വരുന്ന  ഒരുസെറ്റ് തേനീച്ചയും പെട്ടിയും വീതമാണ്   വിതരണം ചെയ്യുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ക്ക് സൗജന്യമായും പൊതുവിഭാഗത്തിന് 40 ശതമാനം ഗുണഭോക്തൃവിഹിതം ഈടാക്കിയുമാണ് ഇവ നല്‍കുന്നത്.
പദ്ധതിപ്രകാരം തേനീച്ച സെറ്റ് ലഭിക്കുന്നവര്‍ പിറ്റേവര്‍ഷം ഓരോ സെറ്റ് തേനീച്ചയെ തിരികെ പഞ്ചായത്തിനു നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ഗുണഭേക്താക്കള്‍ക്ക് ഇവ നല്‍കുകയെന്നും ഇത്തരത്തില്‍ തിരികെ ലഭിക്കുന്ന തേനീച്ച സെറ്റ് അടുത്ത ഘട്ട ഗുണഭോക്താക്കള്‍ക്കു നല്‍കുകയും ഈ തുടര്‍ പ്രവര്‍ത്തനത്തിലൂടെ ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും തേനീച്ച വളര്‍ത്തലും തേന്‍ ഉല്‍പ്പാദനവും വ്യാപിപ്പിക്കുകയാണ് തേന്‍ഗ്രാമം പദ്ധതിയിലൂടെ ഗ്രാമപ്പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് കെ റ്റി ബിനു പറഞ്ഞു. 7,44,000 രുപയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്.
ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനിയുടെ എസ്റ്റേറ്റിലെ പഴയലയങ്ങള്‍, കോര്‍ട്ടേഴ്‌സ് എന്നിവിടങ്ങളില്‍ നിന്നായി പദ്ധതിയുടെ ആദ്യഘട്ടത്തിലേക്ക് തേനീച്ചകളെ ശേഖരിക്കാനുളള ശ്രമത്തിലാണ് അധികൃതര്‍. വരുന്ന ജനുവരി മാസത്തോടെ 400ല്‍പരം ഗുണഭോക്താക്കള്‍ക്ക് തേനീച്ച സെറ്റും പെട്ടിയും ഒരുമിച്ച് വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഉല്‍പ്പാദിപ്പിക്കുന്ന തേനിന്റെ വില്‍പനയ്ക്ക് വിപണി തേടി അലയേണ്ട അവസ്ഥയും ഉല്‍പ്പാദകര്‍ക്കുണ്ടാവില്ല.
മായം കലരാത്ത ശുദ്ധമായ തേന്‍ ഗ്രാമപ്പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലുള്ള ഇക്കോ ഷോപ്പില്‍ മികച്ച വിലയ്ക്ക് ഗുണഭേക്താക്കള്‍ക്ക് വിപണനം ചെയ്യാം. തേന്‍ഗ്രാമം പദ്ധതിയുടെ ഭാഗമാകുന്ന വീട്ടമ്മമാര്‍ക്ക് തേനീച്ച കൃഷിയിലൂടെ തേന്‍ ഉല്‍പ്പാദനത്തിനുപുറമെ ഇതുകൊണ്ടുള്ള മറ്റ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കിയും മികച്ചവരുമാനം നേടാനാവും.
Next Story

RELATED STORIES

Share it