wayanad local

തേനീച്ചക്കൂട് നശിപ്പിച്ചവരെ അറസ്റ്റ് ചെയ്യണം: എംഎസ്എഫ്

അമ്പലവയല്‍: അമ്പലവയല്‍ ഗവ. ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഒലി അമന്‍ജോഥ സ്‌കൂള്‍ വളപ്പില്‍ സ്ഥാപിച്ച തേനിച്ചക്കൂട് നശിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്ന് എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒലി അമന്‍ ജോഥയുടെ കുടുംബം പാരമ്പര്യമായി തേനീച്ച വളര്‍ത്തുന്നവരും അതുമായി ഇണങ്ങി ജീവിക്കുന്നവരുമാണ്.
തേനീച്ചയുടെ ശാന്തിക്കും സമാധാനത്തിനും വേണ്ടി പോരാടുന്ന രാജ്ഞി എന്നര്‍ഥം വരുന്ന ഫിലിപ്പൈന്‍ നാമം പേരാക്കിയതും തേനീച്ചയുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. തേനീച്ചയെ ജീവനു തുല്യം സ്‌നേഹിക്കുന്ന വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. നേരത്തെ 100 കൂടുകള്‍ സ്ഥാപിച്ചത് കഴിഞ്ഞ ഡിസംബറില്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും 35 കൂടുകളും തേനീച്ചകളെയും നശിപ്പിച്ചു.
ഇതിനു പിന്നില്‍ അധ്യാപകരാണെങ്കില്‍ അവരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണം. ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ സമൂഹത്തിന് കളങ്കമാണ്. ഇവരെ ഒറ്റപ്പെടുത്തുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി പി സി ലുഖ്മാനുല്‍ ഹക്കീം, വൈസ് പ്രസിഡന്റ് ഷാബാസ് അമ്പലവയല്‍, സെക്രട്ടറി മുനവ്വറലി സാദത്ത്, ഷിഹാബ് നീര്‍ച്ചാല്‍, ഷുഹൈബ് തൊവരിമല എന്നിവര്‍ ഒലി അമന്‍ ജോഥയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു.
Next Story

RELATED STORIES

Share it