kozhikode local

തേനി അപകടം; നടുക്കം മാറാതെ അഴിഞ്ഞിലം

ഫറോക്ക്: തമിഴ്—നാട്ടിലെ വാഹനാപകടത്തില്‍ ഒരു കുടംബത്തിലെ നാലുപേര്‍ മരണപ്പെട്ടത് നാടിനെയാകെ കണ്ണീരലാഴ്ത്തി. രാമനാട്ടുകര അഴിഞ്ഞിലം സ്വദേശി കളത്തില്‍ തൊടി റഷീദും ഭാര്യയും രണ്ടു മക്കളുടെയും അപകടമരണത്തിന്റെ നടുക്കത്തിലാണ് നാട്. ഉപ്പയും ഉമ്മയും രണ്ടു സഹോദരങ്ങളും ഈ ലോകത്തോട് വിട പറഞ്ഞു പോയതറിയാതെ ഗുരുതര പരിക്കുകളോടെ ചികില്‍സയില്‍ കഴിയുന്ന റഷീദിന്റെ മറ്റൊരു മകന്‍ ഫായിസിനെയും ഓര്‍ത്തു വിതുമ്പുകയാണ് അപകട വാര്‍ത്തയറിഞ്ഞു അഴിഞ്ഞിലത്തെ വീട്ടിലേക്കെത്തുന്നവര്‍.
പത്ത് വര്‍ഷത്തിലേറെയായി അബ്ദു ല്‍ റഷീദ് ചെന്നൈയില്‍ ജോലി ചെയ്തു വരികയാണ്. പി സി താഹിര്‍ ആന്റ് കമ്പനിക്കു കീഴിലെ ചെന്നൈ ശങ്കര്‍ നഗറിലെ അഗിന്‍ റോഡ്—വേഴ്‌സിന്റെ ജനറല്‍ മാനേജരാണ്. ഈ കഴിഞ്ഞ മാര്‍ച്ച് 26നാണ് നാട്ടില്‍ നിന്നു കുടുംബം ചെന്നൈയിലേക്ക് പോയത്. വെള്ളിയാഴ്ചയാണ് കുടുംബവുമായി റഷീദ് ചെന്നൈയില്‍ നിന്നു കൊടൈക്കനാലിലേക്ക് യാത്ര പോയത്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം കൊടൈക്കനാലില്‍ നിന്നു തിരിക്കുന്നതിനിടയിലാണ് നാല് പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. എതിരെ വന്ന ട്രാന്‍സ്—പോര്‍ട്ട് ബസ്സില്‍ റഷീദ് ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തു വച്ചു തന്നെ റഷീദും ഭാര്യ റസീനയും മക്കളായ ലാമിയ തസ്്—നീമും, ബാസില്‍ റഷീദും മരണപ്പെടുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ആദ്യം തേനി സര്‍ക്കാര്‍ ആശുപത്രിയിലേക്കും തുടര്‍ന്നു ഡിണ്ടിഗല്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റിയിരിക്കുകയാണ്.
ഇടിയുടെ അഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന  കാര്‍ പൂര്‍ണമായും തകര്‍ന്നു. വണ്ടി വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.  ഇന്നലെ ഉച്ചയോടെയാണ് അപകട വാര്‍ത്ത നാട്ടിലറിയുന്നത്. തമിഴ്—നാട് പോലിസാണ് അപകട വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.  നാട്ടിലെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന റഷീദിന്റെയും കുടുംബത്തിന്റെയും വിയോഗ വാര്‍ത്തയറിഞ്ഞു അടക്കാനാവത്ത നൊമ്പരവുമായാണ് കുടുംബവും നാട്ടുകാരും അഴിഞ്ഞലത്തെ റഷീദിന്റെ തറവാട് വീട്ടിലേക്കെത്തുന്നത്.
അപകടം വാര്‍ത്തയറിഞ്ഞു ഉടന്‍ തന്നെ ബന്ധുക്കളടങ്ങുന്ന സംഘം ഡിണ്ടിഗല്ലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി 9 മണിയോടെ മൃതദേഹങ്ങള്‍ കൊണ്ടു വരാനായി നാല് ആംബുലന്‍സുകളും നാട്ടില്‍ നിന്നു തിരിച്ചു. പോസ്റ്റ് മോര്‍ട്ട നടപടികള്‍ക്കു ശേഷം രാത്രിയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ധീന്‍ എളമരം തമിഴ്‌നാട്ടിലെ സംഘടനാ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയതിനാല്‍ സന്നദ്ധപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it