thrissur local

തേജസ് വാര്‍ത്ത തുണയായി; ജാസ്മിയുടെ കുടുംബത്തിന് സഹായമെത്തിത്തുടങ്ങി

കൊടുങ്ങല്ലൂര്‍: ഓഖി ചുഴലിക്കാറ്റില്‍ വീട് പൂര്‍ണമായും തകര്‍ന്ന കൊടുങ്ങല്ലൂര്‍ ചേരമാന്‍ ബീച്ച് തെക്കിനകത്ത് ജാസ്മിയുടെ കുടുംബത്തിന് സഹൃദയരുടെ സഹായമെത്തി തുടങ്ങി. ഒരുവര്‍ഷം മുമ്പ് മല്‍സ്യബന്ധനത്തിനിടെ കടലില്‍ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ട ജാസ്മിയുടെ ദുരന്തകഥ കഴിഞ്ഞ ദിവസം തേജസ് പ്രസിദ്ധീകരിച്ചിരുന്നു. ഭര്‍ത്താവ് തെക്കിനകത്ത് സുധീര്‍ മരിച്ചതിന്റെ ദുഖത്തില്‍ കഴിയുന്നതിനിടേയാണ് കടുത്ത ആഘാതമായി കടലേറ്റത്തില്‍ വീടും നഷ്ടപ്പെട്ടത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എന്‍ എ ഫൈസല്‍, എ കെ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജാസ്മിയുടെ മക്കളുടെ പഠനത്തിന് പണം കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. വിവരമറിഞ്ഞ റാ സ ല്‍ഖൈമയിലെ  യുവ വ്യവസായി കരുവന്നൂര്‍ നെടുമ്പുരക്കല്‍ ഹുസൈന്റെ മക ന്‍എന്‍എച്ച്ബഷീര്‍എല്ലാ സഹായവും വാഗ്ദാനം ചെയ്ത് രംഗത്ത് വരികയായിരുന്നു. ആദ്യഘട്ടമായി പ്ലസ്ടുവിനും എസ്എസ്എല്‍സിക്കും പഠിക്കുന്ന ജാസ്മിയുടെ മക്കള്‍ക്ക് പഠന സഹായം നല്‍കാമെന്ന് ബഷീര്‍ അറിയിച്ചു. അതിനായി 20,000 രൂപയും നല്‍കി. ഇന്നലെ ജാസ്മിയുടെ വീട്ടിലെത്തിയ ജില്ലാ പഞ്ചായത്ത് അംഗം ബി ജി വിഷ്ണു തുക ജാസ്മിക്ക് കൈമാറി. സുധീറിന്റെ പിതാവും സഹോദരനും നല്‍കുന്ന സഹായം കൊണ്ടാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളും 10ാം ക്ലാസില്‍ പഠിക്കുന്ന മകനും അടങ്ങിയ ജാസ്മിയുടെ കുടുംബം കഴിയുന്നത്. ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ മക്കളുടെ പഠനത്തിനുള്ള പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇതിനിടേയാണ് എല്ലാം നഷ്ടപ്പെടുത്തി ഓഖി ചുഴലിക്കാറ്റ് ഇവരുടെ ഏക സമ്പാദ്യമായ വീടും കവര്‍ന്നെടുത്തത്. വീട് നിര്‍മാണത്തിന് സഹായം അഭ്യര്‍ഥിച്ച് മല്‍സ്യഫെഡ് വഴി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it