Flash News

തേജസ്: ഭരണകൂട വേട്ടയുടെ ബലിയാട്

2006 ജനുവരി 26ലെ റിപബ്ലിക് ദിന പ്രഭാതത്തിലാണ് കോഴിക്കോട്ട് നിന്ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. സവിശേഷമായ ഒരിടം അടയാളപ്പെടുത്തി മലയാളി വായനക്കാര്‍ക്കിടയില്‍ തേജസ് അതിവേഗം സ്വീകാര്യത നേടി. രൂപകല്‍പനയിലും ഉള്ളടക്കത്തിലും വ്യതിരിക്തത പുലര്‍ത്തിയ തേജസ് മലയാള മാധ്യമരംഗത്തെ പരമ്പരാഗത ശൈലികളെ മാറ്റിയെഴുതി. പാര്‍ശ്വവല്‍കൃതരുടെ ശബ്ദമായി മാറിയ തേജസ് സംശയത്തിന്റെ ആനുകൂല്യം എപ്പോഴും ഇരകള്‍ക്കാണു നല്‍കിയത്. ഭരണകൂടാതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും തുറന്നുകാട്ടുന്നതിലും പോലിസ്-ഭരണകൂട ഭാഷ്യങ്ങളുടെ മറുപുറം ജനങ്ങളിലെത്തിക്കുന്നതിലും തേജസ് ബദ്ധശ്രദ്ധമായിരുന്നു. സാമ്രാജ്യത്വത്തിനും ഇന്ത്യയിലെ വലതുപക്ഷ ഹിന്ദുത്വ ഫാഷിസത്തിനുമെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അതു സ്വീകരിച്ചത്. കോര്‍പറേറ്റ് താല്‍പര്യങ്ങളെയും സര്‍ക്കാരുകളുടെ ജനവിരുദ്ധ-പരിസ്ഥിതിവിരുദ്ധ വികസന കാഴ്ചപ്പാടുകളെയും തുറന്നെതിര്‍ക്കുന്നതിലും കാര്‍ക്കശ്യം പുലര്‍ത്തി. ന്യൂനപക്ഷങ്ങളുടെയും ദലിത്-പിന്നാക്ക വിഭാഗങ്ങളുടെയും ഉല്‍ക്കണ്ഠകള്‍ക്ക് പ്രാധാന്യപൂര്‍വം ഇടം നല്‍കുകയും ചെയ്തു. മാധ്യമലോകത്ത് അസ്പൃശ്യത കല്‍പിച്ച് അകറ്റിനിര്‍ത്തപ്പെട്ട കീഴാളവിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്കും സ്ത്രീകള്‍ക്കും ഗണനീയമായ പ്രാതിനിധ്യമാണ് തേജസ് നല്‍കിയത്. എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന ഒരു പൊതുപത്രമായിരുന്നു തേജസ്. തേജസിനെ സംബന്ധിച്ച് നിഷ്പക്ഷതയെന്നാല്‍ ജനപക്ഷമായിരുന്നു.
തേജസ് കേരളത്തിലെ ന്യൂനപക്ഷ-പിന്നാക്ക-ദലിത്-ആദിവാസി കീഴാളസമൂഹങ്ങളുടെ താല്‍പര്യസംരക്ഷണത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ പ്രവര്‍ത്തകരില്‍ മഹാഭൂരിപക്ഷവും കീഴാളസമൂഹങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യയിലെ മാധ്യമരംഗത്ത് ഈ സാമൂഹിക വിഭാഗങ്ങള്‍ തുലോം പരിമിതമാണ് എന്നതിനാല്‍ ഈ വിഭാഗങ്ങളുടെ ശബ്ദം ശക്തിയായി ഉയര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ജനാധിപത്യപരമായ അവകാശങ്ങളും പൗരാവകാശങ്ങളും ഉറപ്പുവരുത്താന്‍ ഞങ്ങള്‍ പോരാടിയിട്ടുണ്ട്. ഇതിനു ഭംഗംവരുന്ന വേളകളില്‍ പ്രതിഷേധിച്ചിട്ടുമുണ്ട്. അതു പത്രധര്‍മത്തിന്റെയും പൗരധര്‍മത്തിന്റെയും ഭാഗമാണ് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.
കോഴിക്കോടിന് പുറമേ ആദ്യവര്‍ഷം തന്നെ തിരുവനന്തപുരത്തും പിന്നീട് കൊച്ചി, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളിലും എഡിഷനുകള്‍ ആരംഭിച്ചു. പിന്നീട് സൗദി, ഖത്തര്‍, ബഹ്‌റയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് ഗള്‍ഫ് എഡിഷനുകളും തുടങ്ങി.
ആദ്യവര്‍ഷം തന്നെ തേജസിനെ മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പരസ്യങ്ങള്‍ തന്നുതുടങ്ങി. പിന്നീട് ഡിഎവിപി പരസ്യങ്ങളും ലഭിച്ചു. 2010 മെയ് 14ന് കേരളത്തിലെ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പോ കാരണംകാണിക്കല്‍ നോട്ടീസോ നല്‍കാതെ തേജസിനുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ നിര്‍ത്തിവച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് 2009 നവംബര്‍ 18ന് അയച്ച ഒരു സര്‍ക്കുലറും സംസ്ഥാന ഇന്റലിജന്‍സ് മേധാവി 2012 ജൂലൈ 26നു നല്‍കിയ ഒരു കത്തുമാണ് പരസ്യനിഷേധത്തിന് ആധാരമായി പറയുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റ ദേശീയോദ്ഗ്രഥന വിഭാഗത്തില്‍ നിന്നുള്ള സര്‍ക്കുലറിന്റെ ഉള്ളടക്കം ഇന്ത്യയുടെ അമേരിക്കന്‍-ഇസ്രായേല്‍ ബന്ധങ്ങളെ വിമര്‍ശിക്കുന്നു, സര്‍ക്കാരിന്റെ കാഴ്ചപ്പാടുകള്‍ക്കെതിരായി വാര്‍ത്തകള്‍ നല്‍കുന്നു, സായുധസംഘങ്ങള്‍ക്കെതിരായ സൈനിക നടപടികളെ ഭരണകൂട ഭീകരതയായി വിശേഷിപ്പിക്കുന്നു എന്നു തുടങ്ങിയ ആരോപണങ്ങളാണ്. ഇതിനു ഞങ്ങള്‍ കൃത്യവും വ്യക്തവുമായ മറുപടി നല്‍കിയതാണ്. അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെയും വകുപ്പിലെ ഉന്നതോദ്യോഗസ്ഥരെയും നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയും തേജസിന്റെ നിലപാടുകളെയും വാര്‍ത്തകളെയും സംബന്ധിച്ച് സര്‍ക്കാരിന് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ തുറന്നതും സ്വതന്ത്രവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യര്‍ഥിക്കുകയുണ്ടായി. എന്നാല്‍, നാളിതുവരെ അത്തരത്തിലുള്ള ഒരു അന്വേഷണമോ കേസോ തേജസിനെതിരില്‍ ഉണ്ടായിട്ടില്ല.
ഇതിനിടെ രാജ്യത്തിന്റെ ദേശീയ ഐക്യത്തെയും താ ല്‍പര്യത്തെയും അത്യന്തം ഗുരുതരമായ രീതിയില്‍ ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും ലേഖനങ്ങളും എഡിറ്റോറിയലുകളും ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നതായും അതുകൊണ്ട് 1867ലെ പ്രസ്് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്്‌സ് ആക്റ്റ് പ്രകാരം, പത്രത്തിന്റെ ഡിക്ലറേഷന്‍ റദ്ദ് ചെയ്യാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ എഡിറ്റര്‍ക്ക് നോട്ടീസയച്ചു. എന്നാല്‍, പ്രസ്തുത നോട്ടീസില്‍ ഏതെല്ലാമാണ് വര്‍ഗീയവും പ്രകോപനപരവുമായ വാര്‍ത്തകളും ലേഖനങ്ങളുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നില്ല. അവ ഏതെന്ന് തേജസ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് തിരുവനന്തപുരം ബ്യൂറോയില്‍ നിന്നു പഴയ പത്രങ്ങളുടെ പ്രതികള്‍ തപ്പിയെടുത്ത് ഏതാനും വാര്‍ത്തകളുടെ പട്ടികയുണ്ടാക്കി അയച്ചത്. ഇതിനും രേഖാമൂലം ഞങ്ങള്‍ മറുപടി നല്‍കുകയുണ്ടായി. മറ്റു പത്രങ്ങളില്‍ വന്നതും ഇംഗ്ലീഷ് പത്രങ്ങളില്‍ നിന്ന് പരിഭാഷപ്പെടുത്തിയതുമായ വാര്‍ത്തകളും ലേഖനങ്ങളും ഉദ്ധരിച്ച് രാജ്യദ്രോഹമായും വര്‍ഗീയതയായും ചിത്രീകരിച്ച് തേജസിനെ ഗളഹസ്തം ചെയ്യാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കമായിരുന്നു അതെന്നതില്‍ തെല്ലും സംശയമില്ല. പരസ്യം നിഷേധിച്ചും പത്രമാരണ നിയമം അടിച്ചേല്‍പ്പിച്ചും തേജസിനെ ഞെരിച്ചുകൊല്ലുകയായിരുന്നു ലക്ഷ്യമെന്ന് ഇതോടെ വ്യക്തമായി. ആരോപിതവിഷയങ്ങളില്‍ ഇന്നുവരെ ഒരു കേസോ കോടതിവിധിയോ തേജസിനെതിരേ ഉണ്ടായിട്ടില്ല. തേജസ് പലപ്പോഴായി നല്‍കിയ നിവേദനങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള മര്യാദപോലും സര്‍ക്കാര്‍ കാണിച്ചില്ല.
ആവിഷ്‌കാരസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങളായി നിലനില്‍ക്കുന്ന രാജ്യത്ത് പത്രങ്ങള്‍ സര്‍ക്കാര്‍ ഗസറ്റുകളല്ല എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഭരണകൂടനയങ്ങള്‍ക്കെതിരായ ക്രിയാത്മക വിമര്‍ശനം ജനാധിപത്യത്തിന്റെ ജീവവായുവാണ്. ആ ജനാധിപത്യപ്രക്രിയയെ ജീവത്താക്കി നിര്‍ത്താനുള്ള ഉത്തരവാദിത്ത നിര്‍വഹണമാണ് തേജസ് വാര്‍ത്തകളില്‍ പ്രതിഫലിച്ചിട്ടുള്ളത് എന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.
വര്‍ഗീയ മനോഘടനയുള്ള ഏതെങ്കിലും പോലിസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ ഏകപക്ഷീയമായ റിപോര്‍ട്ടുകളെ കണ്ണടച്ച് വിശ്വസിക്കുകയും അതിന്റെ ചുവടുപിടിച്ച് ഒരു പത്രത്തിന്റെ ചിറകരിയാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുകയെന്നത് ആര്‍ജവവും ഇച്ഛാശക്തിയുമുള്ള ഒരു രാഷ്ട്രീയ-ഭരണ നേതൃത്വത്തിന് ഭൂഷണമല്ല. ദൗര്‍ഭാഗ്യവശാല്‍ തേജസിന്റെ കാര്യത്തില്‍ കേരളത്തിലെ എ ല്‍ഡിഎഫ് സര്‍ക്കാര്‍ തികച്ചും നിഷേധാത്മകമായും പ്രതികാര മനോഭാവത്തോടെയുമുള്ള നിലപാടാണു സ്വീകരിച്ചത്.
പത്രത്തിന്റെ കാര്യത്തില്‍ മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും പ്രതിനിധികള്‍ ബന്ധപ്പെട്ടവരെ പലതവണ കണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും നീതിനിഷേധം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി. തദ്ഫലത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 08.09.2011 മുതല്‍ 25.08.2012 വരെ പരസ്യം നല്‍കി. ഒരുവര്‍ഷം തികയും മുമ്പ് അതും നിര്‍ത്തിവച്ചു. വീണ്ടും നിരന്തരമായ അഭ്യര്‍ഥന പരിഗണിച്ച് 29.12.2012 മുതല്‍ പരസ്യം ലഭിച്ചുതുടങ്ങിയെങ്കിലും 19.03.2013ല്‍ അതും നിര്‍ത്തി. യുഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തേജസിന് പരസ്യം നല്‍കാന്‍ പിആര്‍ഡിക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയെങ്കിലും രണ്ടുദിവസം മാത്രം സര്‍ക്കാര്‍ പരസ്യം നല്‍കി വീണ്ടും നിര്‍ത്തി. ഞങ്ങളുടെ അഭ്യര്‍ഥനകളെല്ലാം ബധിരകര്‍ണങ്ങളിലാണു പതിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പരസ്യങ്ങള്‍ ലഭിക്കാതിരുന്നതോടെ കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങളും നിലച്ചു.
സര്‍ക്കാര്‍ പ്രതിനിധികളെ നിരവധി തവണ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും ഫലം കാണാതെ വന്നപ്പോഴാണ് കേരള ഹൈക്കോടതിയില്‍ പരസ്യനിഷേധത്തിനെതിരേ കേസ് ഫയല്‍ ചെയ്തത്. 23.06.2015ലെ ഹൈക്കോടതി വിധിയില്‍ ഒരു പ്രാഥമിക സൂക്ഷ്മപരിശോധനാസമിതിയും ഉന്നതതലസമിതിയും രൂപീകരിച്ച്, തേജസിന് സര്‍ക്കാര്‍ പരസ്യം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിധി പുറപ്പെടുവിച്ച് മാസങ്ങള്‍ കഴിഞ്ഞ് രൂപീകരിക്കപ്പെട്ട സമിതിയും മുന്‍വിധിയോടെ തന്നെ പരസ്യനിഷേധത്തിന് പച്ചക്കൊടി കാട്ടുകയായിരുന്നു. അങ്ങനെ കഴിഞ്ഞ എട്ടു വര്‍ഷമായി തുടര്‍ന്നിരുന്ന പരസ്യനിഷേധം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരും അരക്കിട്ടുറപ്പിച്ചു.
സര്‍ക്കാര്‍ പരസ്യങ്ങളില്ലാതെ തേജസിനെപ്പോലൊരു ചെറുകിട പത്രത്തിന് അധികനാള്‍ മുന്നോട്ടുപോവാനാവില്ലെന്നത് വസ്തുതയാണ്. സര്‍ക്കാര്‍ പരസ്യം നിലച്ചതോടെ മറ്റു പരസ്യദാതാക്കളും സഹകരിക്കാന്‍ വൈമുഖ്യം കാട്ടി. ചില പരസ്യദാതാക്കളെ പോലിസ് ഭീഷണിപ്പെടുത്തി പരസ്യം നല്‍കുന്നത് മുടക്കാനും ശ്രമമുണ്ടായി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ പക്ഷംപിടിക്കുന്ന ഒരു പത്രം എന്ന നിലയില്‍, വിട്ടുവീഴ്ചയില്ലാത്ത അതിന്റെ നിലപാടുകളുടെ പേരില്‍ തേജസ് പ്രത്യേകം ഉന്നംവയ്ക്കപ്പെടുകയായിരുന്നു. നിയമവഴിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനു പകരം അമിതമായ രാഷ്ട്രീയാധികാരപ്രയോഗത്തിലൂടെ അത്തരം നീക്കങ്ങളെ നിര്‍വീര്യമാക്കാനും നീട്ടിക്കൊണ്ടുപോവാനും മറ്റുമാണ് ഭരണനേതൃത്വം ശ്രമിച്ചത്.
ഇതിനു പുറമേ ജീവനക്കാ ര്‍ക്ക് നല്‍കിവരുന്ന പെന്‍ഷന്‍, അക്രഡിറ്റേഷന്‍ ആനുകൂല്യങ്ങള്‍ റദ്ദ് ചെയ്തുകൊണ്ട് പിണറായി സര്‍ക്കാര്‍ തേജസിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ക്ക് ആക്കം കൂട്ടി. മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും നേരില്‍ കണ്ട് പ്രശ്‌നങ്ങള്‍ ബോധിപ്പിച്ചിട്ടും കേരള പത്രപ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടത്തുകയും നേതാക്കള്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടും അനുകൂല നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ജീവനക്കാരുടെ ന്യായമായ അവകാശങ്ങളോടുപോലും സൗമനസ്യം കാട്ടാന്‍ ഇടതു സര്‍ക്കാര്‍ സന്നദ്ധമായില്ല. എല്ലാ അര്‍ഥത്തിലും തികച്ചും പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയാണ് ഓരോ ദിവസവും തേജസ് പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്. തേജസ് ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളോടൊപ്പം നിന്ന വായനക്കാരുടെ അകമഴിഞ്ഞ പിന്തുണയാണ് ഇക്കാലമത്രയും ഞങ്ങള്‍ക്ക് ധീരമായി മുന്നോട്ടുപോവാനുള്ള കരുത്തു നല്‍കിയത്.
ഇതിനിടയിലും ജീവനക്കാരുടെ വേതനം മുടക്കം കൂടാതെ കൃത്യമായി ലഭ്യമാക്കാനും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സേവനവേതന വ്യവസ്ഥകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കാനും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. മാധ്യമലോകം പൊതുവെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സാഹചര്യത്തില്‍ പരസ്യനിഷേധം അടക്കമുള്ള സര്‍ക്കാരിന്റെ തികച്ചും ജനാധിപത്യവിരുദ്ധമായ സമീപനം കടുത്ത സാമ്പത്തികബാധ്യതയാണ് തേജസിന് വരുത്തിയിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭീമമായ സാമ്പത്തികഭാരം തേജസിന്റെ സുഗമമായ മുന്നോട്ടുപോക്കിന് തടസ്സമായിരിക്കുകയാണ്.
തേജസ് പത്രം സമൂഹത്തില്‍ ഉയര്‍ന്നുവന്നത് കീഴാളസമൂഹങ്ങളുടെ ശാക്തീകരണപ്രക്രിയകളുടെ സ്വാഭാവിക പ്രതികരണമായാണ്. അത് അധികാരഘടനയിലും സമൂഹത്തിലും തങ്ങളുടെ മേല്‍ക്കൈ ഉറപ്പിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന വരേണ്യവിഭാഗങ്ങള്‍ക്ക് അരോചകമാണ് എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഈ പത്രത്തിനെതിരേ അധികാരികളുടെ ഭാഗത്തുനിന്നു കഴിഞ്ഞ എട്ടുവര്‍ഷമായി ഏകപക്ഷീയമായി വന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളുടെ പിന്നിലുള്ളത് ഈ നിക്ഷിപ്ത താല്‍പര്യങ്ങളും മനോഘടനയും തന്നെയാണ്. ഞങ്ങള്‍ അതിനോട് രാജിയാവാന്‍ തയ്യാറില്ല. സമൂഹത്തില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും തുല്യമായ നിലയില്‍ പൊതുകാര്യങ്ങളില്‍ ഇടപെടാനും അഭിപ്രായങ്ങള്‍ പറയാനുമുള്ള അവകാശമുണ്ട് എന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. അതിനായി ഞങ്ങളുടെ കഴിവിനൊത്ത് പ്രവര്‍ത്തിക്കുന്നു. തേജസ് ഉയര്‍ത്തിപ്പിടിച്ച പ്രഖ്യാപിത നിലപാടുകളിലും മൂല്യങ്ങളിലും യാതൊരുവിധ ഒത്തുതീര്‍പ്പിനും സന്നദ്ധമല്ലാത്തതുകൊണ്ടുകൂടിയാണ് തേജസ് ഭരണകൂടവേട്ടയുടെ ഇരയായത്.
കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും പുരോഗമന പിന്തുടര്‍ച്ചയും അവകാശപ്പെടുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനം നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് തേജസിന്റെ നാവരിയാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടതും ഇപ്പോഴും തുടരുന്നതും എന്ന വസ്തുത വേദനാജനകവും ലജ്ജാകരവുമാണ് എന്നു പറയാതെ വയ്യ. നാവരിഞ്ഞാലും നട്ടെല്ലു വളക്കില്ലെന്ന നിശ്ചയദാര്‍ഢ്യമാണ് ഇക്കാലമത്രയും ഈ ചെറിയ പത്രത്തിന്റെ മുഖമുദ്രയായി ഞങ്ങള്‍ കാത്തുപോന്നത്. അതിനാല്‍ ഭരണകൂടത്തിന്റെയും രാഷ്്ട്രീയനേതൃത്വങ്ങളുടെയും മുന്‍വിധി പുലര്‍ത്തുന്ന രഹസ്യാന്വേഷണ മേധാവികളുടെയും ഔദാര്യത്തിനായി ഇനിയും ഞങ്ങള്‍ കാത്തുനില്‍ക്കുന്നില്ല. അനന്തമായി തുടരുന്ന നിയമവ്യവഹാരങ്ങളുടെ അന്തിമഫലത്തിനായി കാത്തുനില്‍ക്കാനും നിവൃത്തിയില്ല. വൈകിക്കിട്ടുന്ന നീതി, നീതിനിഷേധം തന്നെയാണ്. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വേണ്ടി, ഭരണകൂടം തീര്‍ത്ത വിലങ്ങുകളേറ്റുവാങ്ങി പിന്‍വാങ്ങാന്‍ തേജസ് നിര്‍ബന്ധിതമായിരിക്കുകയാണ്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഞങ്ങള്‍ക്കു മുമ്പില്‍ മറ്റു മാര്‍ഗങ്ങളില്ല. അതുകൊണ്ട് അന്തസ്സോടെ തലയുയര്‍ത്തിപ്പിടിച്ചു തന്നെ തല്‍ക്കാലം ഞങ്ങള്‍ പിന്‍വാങ്ങുന്നു. 2018 ഡിസംബര്‍ 31ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം നിര്‍ത്തുകയാണ്. ഒരു വ്യാഴവട്ടത്തിലേറെ മലയാളികളുടെ വായനാമുറികളില്‍ സ്ഥിരസാന്നിധ്യമായിരുന്ന തേജസ് പുതുവര്‍ഷപ്പുലരിയില്‍ ഉണ്ടാവുകയില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഭരണകൂടത്തിന്റെ പ്രതികാരനടപടികള്‍ക്കിരയായി അടച്ചുപൂട്ടേണ്ടിവരുന്ന മലയാളപത്രം എന്ന ഖ്യാതി കൂടി സ്വന്തമാക്കിക്കൊണ്ട് തേജസ് ചരിത്രത്തിന്റെ ഭാഗമായി മാറുന്നു. ഞങ്ങളെ ഇക്കാലമത്രയും അകമഴിഞ്ഞു പിന്തുണച്ച വായനക്കാര്‍ക്ക്, എഴുത്തുകാര്‍ക്ക്, പരസ്യദാതാക്കള്‍ക്ക്, തേജസിനെ എന്നും നെഞ്ചോടു ചേര്‍ത്തുവച്ച ജീവനക്കാര്‍ക്ക്, ഈ പത്രം നിലനിര്‍ത്താന്‍ വിയര്‍പ്പൊഴുക്കിയ അഭ്യുദയകാംക്ഷികള്‍ക്ക് സ്‌നേഹം നിറഞ്ഞ നന്ദി. തേജസിന്റെ ഇടം ഇനിയും മാധ്യമലോകത്ത് ശൂന്യമായി കിടക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ആ ശൂന്യത നികത്തുന്നതിനുള്ള വിവിധ മാധ്യമ ഇടപെടലുകളുമായി ലോകമെമ്പാടുമുള്ള മലയാളി വായനക്കാരോടൊപ്പം തേജസ് ഇനിയുമുണ്ടാവും എന്ന പ്രതീക്ഷയോടെ വിട.

കെ ഫായിസ് മുഹമ്മദ്,
മാനേജിങ് ഡയറക്ടര്‍

Next Story

RELATED STORIES

Share it