Pathanamthitta local

തേക്കു തടി മോഷണം: പന്തളത്ത് നാലംഗസംഘം അറസ്റ്റില്‍

പന്തളം: തടിമില്ലുകള്‍ കേന്ദ്രീകരിച്ച് തേക്കുതടികള്‍ വ്യാപകമായി മോഷണം നടത്തി വന്ന സംഘത്തെ പന്തളം പോലിസ് പിടികൂടി. സംഘാംഗമായ തിരുവനന്തപുരം നെയ്യാറ്റിന്‍കര വെങ്ങാന്നൂര്‍ മുല്ലൂര്‍ സൗദാഭവനില്‍ റാം എന്നു വിളിക്കുന്ന ശ്രീറാം (27) ചൊവ്വാഴ്ച പന്തളത്ത് പിടിയിലായതോടെയാണ് വ്യാപകമായി തേക്കുതടി മോഷണം നടത്തുന്ന സംഘത്തെക്കുറിച്ച് പോലിസിന് വിവരം ലഭിക്കുന്നത്.
ഇതേത്തുടര്‍ന്ന് വിവിധകേസുകളില്‍പ്പെട്ട് മാവേലിക്കര സബ്ജയിലില്‍ റിമാന്‍ഡിലായിരുന്ന സംഘാംഗങ്ങളായ മുളക്കുഴ മലയില്‍ കിഴക്കേതില്‍ പ്രദീപ് (35) ഇലന്തൂര്‍ മോടിയില്‍ വീട്ടില്‍ രാമചന്ദ്രന്‍ മകന്‍ വിനു (21), മുളക്കുഴ ശിവദാസഭവനില്‍ രതീഷ്‌മോന്‍ (25) എന്നിവരെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.
ഒരു മാസം മുമ്പ് പന്തളം കക്കട പാലത്തിന് സമീപം ഫര്‍ണിച്ചര്‍ വ്യാപാരം നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് ആറു കഷ്ണം തേക്കുതടി മോഷണം പോയത് സംബന്ധിച്ച് പന്തളം പോലിസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്.
നൂറനാട്, മാവേലിക്കര, കുറത്തിക്കാട്, വെണ്മണി, ആറന്മുള പോലിസ് സ്‌റ്റേഷനുകളിലായി ഇരുപതോളം കേസുകള്‍ സംഘാംഗങ്ങളുടെ പേരിലുണ്ടെന്ന് പോലിസ് പറഞ്ഞു.മില്ലുകളും ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് രാത്രിയില്‍ മോഷണം നടത്തുന്ന തടികള്‍ ചെങ്ങന്നൂര്‍ പാങ്ങാട് കാഞ്ഞിരത്തും മൂട് ശിവക്ഷേത്രത്തിനു സമീപത്തുള്ള ഗ്രൗണ്ടിലാണ് ഇവര്‍ സൂക്ഷിച്ചിരുന്നത്. ശ്രീറാം ഈ പ്രദേശങ്ങളില്‍ തടിക്കച്ചവടം നടത്തിയിരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് സംശയവും തോന്നിയിരുന്നില്ല. മോഷണം നടത്തുന്ന തടി പകല്‍ സമയത്താണ് ഇവിടെ എത്തിച്ചിരുന്നത്.
നാലും അഞ്ചും ദിവസം മോഷണം നടത്തുന്ന തടികള്‍ പകല്‍ സമയത്തു തന്നെയാണ് ഗ്രൗണ്ടില്‍ നിന്നും വലിയ ലോറികളില്‍ കയറ്റി കൊല്ലത്ത് തടി വ്യാപാര കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നത്. ഇവിടെയും വ്യാപാരികള്‍ക്ക് സംശയമുണ്ടാകാതിരിക്കാന്‍ സംഘം ശ്രദ്ധിച്ചിരുന്നതായി പോലിസ് പറഞ്ഞു. കുറത്തിയാട് പോലിസ് ശ്രീറാമിനെ പിടികൂടാന്‍ ശ്രമിക്കവെ പോലിസിനെ അപായപ്പെടുത്താന്‍ ശ്രമിച്ച് ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തിനു ശേഷം ശ്രീറാം പാലക്കാട് കഞ്ചിക്കോട് ഒളിവില്‍ താമസിച്ചിരുന്നതായും പോലിസ് പറഞ്ഞു.
പന്തളം, കക്കട, മെഴുവേലി, കടയ്ക്കാട് എന്നിവിടങ്ങളില്‍ നടന്ന തടിമോഷണ കേസുകളിലാണ് പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്. പന്തളം സിഐ സുരേഷ്‌കുമാര്‍, എസ്‌ഐ ടി എം സൂഫി, അഡീഷനല്‍ എസ്‌ഐ രമേശന്‍, എസ്പിയുടെ പ്രത്യേക സ്‌ക്വാഡിലെ അംഗം വിനോദ്, സി കെ മനോജ്, ശിവപ്രസാദ് എന്നിവരടങ്ങുന്ന പോലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it