Flash News

തേക്കടി ബോട്ട് ദുരന്തം : എട്ടുവര്‍ഷമായിട്ടും കുറ്റപത്രം കോടതിയിലെത്തിയില്ല



തൊടുപുഴ: 45 പേരുടെ ജീവന്‍ അപഹരിച്ച തേക്കടി ബോട്ട് ദുരന്തത്തിന്റെ കുറ്റപത്രം ദുരന്തം നടന്ന് എട്ടുവര്‍ഷമായിട്ടും കോടതിയിലെത്തിയില്ല. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന സ്‌പെഷ്യല്‍ ടീമിന്റെ തലവന്‍ എസ്പി വല്‍സന്‍ കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്നു വിരമിച്ചതോടെ അന്വേഷണവും നിലച്ചിരിക്കയാണ്. 2009 സപ്തംബര്‍ 30നാണ് തേക്കടി തടാകത്തില്‍ കെടിഡിസിയുടെ ജലകന്യക ബോട്ട് പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ മണക്കവലയില്‍ മുങ്ങിയത്. അപകത്തില്‍ ഏഴു കുട്ടികളും 23 സ്ത്രീകളും അടക്കം 45 പേര്‍ മരിച്ചു. ദുരന്തകാരണം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജില്ലാ ജഡ്ജി മൈതീന്‍ കുഞ്ഞ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ 2011 ആഗസ്ത്് 25ന് മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു. ബോട്ട് നിര്‍മിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചതു മുതല്‍ നീറ്റിലിറക്കിയതു വരെയുള്ള 22 വീഴ്ചകളാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു കമ്മീഷന്റെ പ്രധാന കണ്ടെത്തലുകള്‍. അപകടം നടന്ന് മൂന്നുവര്‍ഷത്തിനുശേഷം അന്വേഷണ റിപോര്‍ട്ട് തൊടുപുഴ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയിരുന്നു. കേസില്‍ ഏഴ് പ്രതികളെയാണ് ക്രൈംബ്രാഞ്ച് ഉള്‍പ്പെടുത്തിയിരുന്നത്. ഐആര്‍എസ് സര്‍വേയര്‍ സഞ്ജീവ്, വിക്ടര്‍ സാമുവല്‍, മുന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ബോട്ട്‌സ് എം മാത്യൂസ്്, ബോട്ടിലെ ലഷ്‌കര്‍ ആയിരുന്ന അനീഷ്, ഫോറസ്റ്റ് വാച്ചര്‍ പ്രകാശന്‍, ബോട്ട് നിര്‍മിച്ച കമ്പനി ഉടമ എന്‍ എ ഗിരി, ടൂറിസം വകുപ്പിന്റെ ഡെപ്യൂട്ടി മെക്കാനിക്കല്‍ എന്‍ജിനീയര്‍ മനോജ് മാത്യു എന്നിവര്‍ക്കെതിരേയായിരുന്നു കുറ്റപത്രം. ഇതില്‍ സഞ്ജീവിനെ സെഷന്‍സ് കോടതി കേസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനെതിരേ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് നീണ്ടുപോവുകയാണ്. ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വിരമിച്ചത്.
Next Story

RELATED STORIES

Share it