thiruvananthapuram local

തെളിവ് നല്‍കിയിട്ടും പോലിസ് നീതി നിഷേധിക്കുന്നതായി പിതാവ്



കാട്ടാക്കട: കോളജിലേയ്ക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ മകള്‍ക്ക് അപ്രതീക്ഷിതമായി എത്തിയ ഫോണ്‍ സന്ദേശമാണ് മകളുടെ ആത്മഹത്യക്കു പ്രേരണയായതെന്ന പിതാവിന്റെ പരാതിയില്‍ പോലിസ് നീതി നടപ്പാക്കുന്നില്ലെന്നു ആക്ഷേപം. മാറനല്ലൂര്‍, മണ്ണടിക്കോണം, പാപ്പാക്കോട്, കൗസ്തുഭത്തില്‍ ജി ഗോപകുമാറാണ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മകളുടെ ആത്മഹത്യക്ക് പിന്നില്‍ മാറനല്ലൂരിലെ ഒരു യുവാവിന്റെ പ്രേരണയുണ്ടെന്ന്  വ്യക്തമാക്കിയത്. തിരുവനന്തപുരം വിമന്‍സ് കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ നയനാ ഗോപന്‍ (19) കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. കോളജിലേക്ക് പോകാനിറങ്ങിയ കുട്ടി, തിരികെ കരഞ്ഞുകൊണ്ട് വീടിലേക്കോടിക്കയറുകയും പിന്നീട് ആത്മഹത്യ ചെയ്യുകയുമായിരുന്നു. നയന സ്വന്തം കൈപ്പടയില്‍ എഴുതിയ ആത്മഹത്യ കുറിപ്പ് പോലിസ് കണ്ടെടുത്തിരുന്നു. ഇതില്‍ മാറനല്ലൂര്‍ സ്വദേശി ഇടതുപക്ഷ സംഘടനയിലെ സജീവ പ്രവര്‍ത്തകനായ യുവാവുമായുള്ള സ്‌നേഹബന്ധവും, മരിക്കുന്നതിന് മുമ്പ് എത്തിയ ഫോണ്‍ സന്ദേശത്തില്‍ മനോവിഷമം ഉണ്ടാക്കുന്ന ചില കാര്യങ്ങളുണ്ടെന്നും നയന വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കത്തിന്റെ അടിസ്ഥാനത്തിലോ, കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലോ ആരോപണ വിധേയനായ യുവാവിനെ ചോദ്യം ചെയ്യാന്‍ പോലും പോലിസ് തയ്യാറായിട്ടില്ല എന്നും പിതാവ് പറയുന്നു. എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു നയന. താനും തന്റെ കുടുംബവും സിപിഎം സഹയാത്രികരുമാണ്. തന്റെ മകളുടെ ആത്മാവിന് നീതി ലഭിക്കണമെങ്കില്‍ മകളുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള യുവാവിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. എസ്‌ഐ മുതല്‍ നെടുമങ്ങാട് ഡിവൈഎസ്പിക്ക്  ജില്ലാ പോലിസ് മേധാവി, എംഎല്‍എ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടും നീതിലഭിച്ചില്ലന്നും ഗോപകുമാര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it