തെളിവെടുപ്പ് വൈകും; പ്രതിയെ ഇന്ന് തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയേക്കും

പെരുമ്പാവൂര്‍: ജിഷവധക്കേസില്‍ അമീറുല്‍ ഇസ്‌ലാമിനെ പിടികൂടിയെങ്കിലും തെളിവെടുപ്പിന് പ്രതിയെ എത്തിക്കാന്‍ വൈകിയേക്കും. ഇതേസമയം, തിരിച്ചറിയല്‍ പരേഡിന് നാളെത്തന്നെ വിധേയമാക്കുമെന്നും സൂചനയുണ്ട്. ഇതിനായി പോലിസ് നല്‍കിയ അപേക്ഷയില്‍ ഇന്നലെ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി.
കാക്കനാട് സബ്ജയിലില്‍ കഴിയുന്ന പ്രതിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരിച്ചറിയല്‍ പരേഡിനായി ജിഷയുടെ വീടിന് സമീപത്തുള്ള ശ്രീലേഖ എന്ന സ്ത്രീയെയും പ്രതി താമസിച്ചിരുന്ന കെട്ടിട ഉടമയെയും കേസിന് പ്രധാന തുമ്പുണ്ടാക്കിയ ചെരുപ്പ് കട ഉടമയെയുമാണ് പ്രധാനമായും തിരിച്ചറിയല്‍ പരേഡിന് എത്തിക്കുക. തിരിച്ചറിയല്‍ പരേഡിന് എത്തുന്നവര്‍ക്ക് സമന്‍സ്മൂലം അറിയിപ്പ് നല്‍കുകയാണ് പതിവെങ്കിലും കാലതാമസം വരുന്നതിനാല്‍ പോലിസ് നേരിട്ടെത്തി ഇവരെ വിവരമറിയിച്ച് ജയിലില്‍ എത്തിക്കാനാണ് നീക്കം.
പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നാല്‍ നാട്ടുകാരുടെ പ്രതികരണം എങ്ങനെയാവുമെന്നും പോലിസിന് ആശങ്കയുണ്ട്. സംഭവത്തിനുശേഷം പ്രതി ലോഡ്ജില്‍ താമസിച്ചിരുന്ന തന്റെ ഭാര്യയുമായാണ് കടന്നതെന്നാണ് പറയുന്നത്. ഇതിനിടെ പ്രതിയായ അമീറുല്‍ ഇസ്‌ലാമിന്റെ സുഹൃത്തിനെ തേടിയുള്ള അന്വേഷണം പോലിസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ സുഹൃത്ത് പ്രതിയല്ലെങ്കിലും കേസിന്റെ തെളിവെടുപ്പിനായുള്ള ആവശ്യങ്ങള്‍ക്ക് സുഹൃത്തിനെ ആവശ്യമായി വരുന്നതിനാലാണ് ഇയാളെ പോലിസ് തിരയന്നത്.
ജിഷയുടെ വീടിന് സമീപത്തുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് പ്രതി താമസിച്ചിരുന്നതായുള്ള വിവരം പുറത്തുവന്നതോടെ കെട്ടിട ഉടമക്കെതിരേ നാട്ടുകാര്‍ തിരിഞ്ഞിരിക്കുകയാണ്. തുടക്കത്തില്‍തന്നെ മുറിയില്‍നിന്നും മുങ്ങിയ പ്രതിയുടെ വിവരം മറച്ചുവച്ചതിനാലാണ് തങ്ങള്‍ക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനാല്‍ കെട്ടിട ഉടമക്കെതിരേ കേസ് എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Next Story

RELATED STORIES

Share it