thrissur local

തെളിവെടുപ്പിനു കൊണ്ടുപോയാല്‍ നാട്ടുകാര്‍ കാണുമെന്ന അപമാനംമൂലമെന്ന് പ്രതികള്‍

ചാവക്കാട്: പോലിസ് തെളിവെടുപ്പിനു കൊണ്ടു പോയാല്‍ നാട്ടുകാര്‍ കാണുമെന്ന അപമാനമാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ പ്രേരിപ്പിച്ചതെന്ന് പോത്ത് മോഷണ കേസിലെ പ്രതികള്‍.
പോലിസ് ചോദ്യം ചെയ്യാന്‍ വാങ്ങിയ ശേഷം ചാവക്കാട് സ്‌റ്റേഷനില്‍ നിന്ന് രക്ഷപ്പെടുകയും പിന്നീട് വിവിധയിടങ്ങളില്‍ നിന്നും പോലിസ് പിടിയിലാവുകയും ചെയ്്ത മലപ്പുറം പാലപ്പെട്ടി മാലിക്കുളം വീട്ടില്‍ ഫര്‍ഷാദ് (20), ചാവക്കാട് കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയില്‍ കുട്ടിയാലി വീട്ടില്‍ നാഫില്‍ (19), ചാവക്കാട് കടപ്പുറം ആറങ്ങാടി പുളിഞ്ചോട് സ്വദേശി സഹറൂഫ് (18) എന്നിവരാണ് രക്ഷപ്പെടാനുള്ള കാരണം പോലിസിനോട് തുറന്നു പറഞ്ഞത്. പോത്തിനെ മോഷ്ടിച്ച സ്ഥലത്തേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നറിഞ്ഞതു മുതല്‍ രക്ഷപ്പെടണമെന്ന ചിന്തയിലായിരുന്നു തങ്ങളെന്ന് ഇവര്‍ പോലിസിനോട് പറഞ്ഞു.
രക്ഷപ്പെട്ട് പലവഴിക്ക് തിരിഞ്ഞാലും പാലക്കാട് റെയില്‍വെ സ്‌റ്റേഷനില്‍ ഒത്തു ചേരാമെന്ന് നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്നു. സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട ശേഷം മൂന്നു പേരും ഓടി മല്ലാട് എത്തി. പിന്നീട് മോഷ്ടിച്ച ബൈക്കില്‍ ഫര്‍ഷാദും സഹറൂഫും പാലക്കാട് ഭാഗത്തേക്ക് പോയി.
മൂന്നു പേരുടേയും കൈയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, രക്ഷപ്പെട്ട ശേഷം സംഘം ചില നമ്പറുകളില്‍ നിന്നും വീട്ടിലേക്ക് വിളിച്ചിരുന്നു.
ഈ നമ്പറുകള്‍ പരിശോധിച്ചാണ് സംഘം രക്ഷപ്പെട്ടെത്തിയ സ്ഥലങ്ങള്‍ പോലിസ് കണ്ടെത്തിയത്. തുടര്‍ന്ന് ഫര്‍ഷാദിനെയും സഹറൂഫിനെയും പാലക്കാട് നിന്നും നാഫിലിനെ എറണാകുളം കലൂര്‍ നിന്നുമാണ് പോലിസ് പിടികൂടിയത്.
നേരത്തെ ഇവരോടൊപ്പം അറസ്റ്റിലായ വെങ്കിടങ്ങ് തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിറി(44)നെ നെഞ്ചു വേദനയെ തുടര്‍ന്ന് പോലിസ് മുതുവുട്ടൂര്‍ രാജാ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ് മൂന്നു പേരും രക്ഷപ്പെട്ടത്.
Next Story

RELATED STORIES

Share it