തെളിവുകള്‍ ലഭിച്ചില്ല ; ഭീകരബന്ധമാരോപിച്ചു പിടികൂടിയ 10 യുവാക്കളെ വിട്ടയച്ചു

ന്യൂഡല്‍ഹി: പാക് സംഘടനയായ ജയ്‌ശെ മുഹമ്മദുമായി ബന്ധമുണ്ടെന്നാരോപിച്ച് ഡല്‍ഹി പോലിസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത 10 യുവാക്കളെ വിട്ടയച്ചു. തെളിവില്ലെന്നു കണ്ടാണു നടപടി. 10 പേരില്‍ നാലുപേരെ ശനിയാഴ്ച തന്നെ വിട്ടയച്ചിരുന്നു. ഇവരുടെ വാട്‌സ്ആപ്പ് സന്ദേശമടക്കമുള്ളവ പരിശോധിച്ചശേഷമാണ് വിട്ടയച്ചത്.ഭീകരരെന്ന് ആരോപിച്ച് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് 10 പേരെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ ഭീകരാക്രമണ പദ്ധതി പോലിസ് തകര്‍ത്തുവെന്നും 'കൊടും ഭീകരര്‍' പിടിയിലായി എന്നും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. ഇവരെയാണ് കേസിനാസ്പദമായ ഒരു തെളിവും കണ്ടെത്താനാവാത്തതിനെത്തുടര്‍ന്നു വിട്ടയച്ചത്. യുവാക്കളുടെ വാട്‌സ്ആപ്പുകളും ഫേസ്ബുക്ക് മെസഞ്ചറടക്കമുള്ള മറ്റു സോഷ്യല്‍ മീഡിയ സന്ദേശങ്ങളും പോലിസ് പരിശോധിച്ചെങ്കിലും ഭീകരതയുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താനായില്ല. അറസ്റ്റിലായ യുവാക്കള്‍ക്കു സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ പങ്കൊന്നുമില്ലെന്നും കൗണ്‍സലിങ് നല്‍കിയ ശേഷമാണ് ഇവരെ വിട്ടയച്ചതെന്നും ഡല്‍ഹി പോലിസ് വ്യക്തമാക്കി.വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ശരിയായ വിധം ചോദ്യംചെയ്തശേഷം തെളിവില്ലെന്നുകണ്ട് വിട്ടയക്കുകയായിരുന്നെന്നും പോലിസ് പറഞ്ഞു. ഇവര്‍ ദിവസവും കൗണ്‍സലിങിന് ഹാജരാവണമെന്നും നിര്‍ദേശമുണ്ട്. പ്രത്യേക മാനസികാരോഗ്യ വിദഗ്ധനെയും ചുമതലപ്പെടുത്തി. അതേസമയം, ഭീകരരല്ലെന്നു വ്യക്തമായെങ്കിലും സമൂഹം തങ്ങളെ എങ്ങനെ കാണുമെന്ന ഭീതിയിലാണ് ഇവര്‍.
Next Story

RELATED STORIES

Share it