തെളിവായി സിഡികള്‍; ആധികാരികതയില്‍ സംശയമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍

കൊച്ചി: മുഖ്യമന്ത്രിയുടെ വിശ്വസ്തരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ സിഡി സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് കൈമാറി. സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എംഎല്‍എ, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് എന്നിവരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖകളാണ് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ സരിത ഹാജരാക്കിയത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ സംഭാഷണങ്ങള്‍ സിഡിയിലുണ്ടെന്ന് സരിത അവകാശപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഇടപാടുകള്‍ക്ക് ഇടനിലക്കാരായി നിന്നിരുന്നത് ഈ കോണ്‍ഗ്രസ് നേതാക്കളാണെന്ന് നേരത്തേ കമ്മീഷനില്‍ മൊഴിനല്‍കിയിരുന്നു. ദൃശ്യങ്ങളും ശബ്ദരേഖയും അടങ്ങിയ മൂന്ന് സിഡികളും ഇടയാറന്മുള സ്വദേശി ഇ കെ ബാബുരാജിന്റെ ഭൂമി വേഗത്തില്‍ റീസര്‍വേ ചെയ്തുനല്‍കാന്‍ നല്‍കിയ അപേക്ഷയില്‍ മുഖ്യമന്ത്രി ആലപ്പുഴ കലക്ടര്‍ക്ക് നല്‍കിയ ശുപാര്‍ശയുടെ രേഖയുമാണ് സരിത ഹാജരാക്കിയത്. ഇതില്‍ ബെന്നി ബഹനാനും സലിംരാജുമായി സരിത നടത്തിയ ഫോണ്‍സംഭാഷണരേഖകളുടെ രണ്ടു സിഡികള്‍ കമ്മീഷന്‍ പരിശോധിച്ചു. തനിക്ക് ഇനിയും കാത്തിരിക്കാനാവില്ലെന്നും ഇതുവരെ എല്ലാവരെയും സംരക്ഷിച്ചിട്ടും ഒരു പ്രയോജനവുമുണ്ടായില്ലെന്നും സരിത ബെന്നി ബഹനാനോട് പറയുന്നുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ മൊഴിനല്‍കണമെന്ന് സലിംരാജ് പറയുന്നതാണ് മറ്റൊരു ശബ്ദരേഖ. വ്യവസായി എബ്രഹാം കലമണ്ണില്‍ സരിതയുടെ സഹായി വിനുകുമാറുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും ശബ്ദരേഖയും ഹാജരാക്കി. സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയ ശേഷം തിരുവനന്തപുരത്തേക്കുള്ള വഴിമധ്യേ നിലമേലില്‍ ആയിരുന്നു കൂടിക്കാഴ്ച. കമ്മീഷന്‍ മുമ്പാകെ തെളിവുകള്‍ ഹാജരാക്കരുതെന്നും തെളിവുകള്‍ നശിപ്പിക്കണമെന്നും എബ്രഹാം ആവശ്യപ്പെടുന്നുണ്ട്. ഇയാളെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത് താനാണെന്നും സരിത മൊഴി നല്‍കി. തോമസ് കുരുവിള തനിക്ക് കോട്ടയത്തെ മേല്‍വിലാസം എഴുതിനല്‍കിയതിന്റെ പകര്‍പ്പും സരിത കമ്മീഷനു കൈമാറി.
കടുത്തുരുത്തിയിലെ സോളാര്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കണമെന്നാവശ്യപ്പെട്ട് എഴുതിയ കത്തിന്റെ പകര്‍പ്പും ഹാജരാക്കി. ടീം സോളാര്‍ രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയതായി ഈ കത്തില്‍ രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രി കെ സി ജോസഫാണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്. എന്നാല്‍, സിഡികളുടെ ആധികാരികതയെക്കുറിച്ച് സംശയമുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കമ്മീഷനെ അറിയിച്ചു.
തമ്പാനൂര്‍ രവിയുടെ നിര്‍ദേശപ്രകാരമാണ് എ പി അബ്ദുല്ലക്കുട്ടി എംഎല്‍എക്കെതിരേ പരാതി നല്‍കിയത്. സോളാര്‍ കേസ് തണുപ്പിക്കാന്‍ എന്തെങ്കിലും പറഞ്ഞേ മതിയാവൂ എന്നായിരുന്നു രവിയുടെ ആവശ്യം. തുടര്‍ന്ന് വനിതാ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍, മൊഴിയെടുപ്പിനായി തിരുവനന്തപുരം എസ്പി കെ ഇ ബൈജു നോട്ടീസയച്ചത് തമ്പാനൂര്‍ രവിയെ അറിയിച്ചപ്പോള്‍ കേസില്‍നിന്ന് പിന്മാറാനായിരുന്നു നിര്‍ദേശം. കേസ് റദ്ദാക്കണമെന്ന് ബെന്നി ബഹനാന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. താന്‍ ലൈംഗികചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും സരിത കമ്മീഷനില്‍ മൊഴിനല്‍കി. മൊഴിയെടുപ്പ് ഇന്നും തുടരും.
Next Story

RELATED STORIES

Share it