തെലുഗുദേശം പാര്‍ട്ടി എംപിമാര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്കടുത്ത് പ്രതിഷേധിക്കാന്‍ ശ്രമിച്ച തെലുഗുദേശം പാര്‍ട്ടി (ടിഡിപി) എംപിമാരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ പാര്‍ട്ടി രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ വൈഎസ് ചൗധരിയും പാര്‍ട്ടി നിയമസഭാംഗങ്ങളും നടത്തിയ ചര്‍ച്ചയിലാണു പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ട വ്യക്തി പ്രധാനമന്ത്രിയാണെന്നും അദ്ദേഹം വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും ജയദേവ് ഗല്ല എംപി പറഞ്ഞു.
അതേസമയം, ഇതേ ആവശ്യമുന്നയിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആന്ധ്രപ്രദേശ് ഭവനില്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്കു കടന്നു. ആന്ധ്ര എംപിമാര്‍ക്കിടയില്‍ ഐക്യമില്ലാത്തതു കൊണ്ടാണ് പ്രത്യേക പദവിയെന്ന ആവശ്യം കേന്ദ്രം ഗൗരവത്തിലെടുക്കാത്തതെന്ന് ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ എസ് വിജയമ്മ ആരോപിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ എംപിമാരോടും നിരാഹാര സമരത്തില്‍ പങ്കുചേരാന്‍ അവര്‍ അഭ്യര്‍ഥിച്ചു.
വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന്റെ അഞ്ച് എംപിമാരാണ് നിരാഹാരമിരിക്കുന്നത്. വരപ്രസാദ് റോയ് എംപിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കു മാറ്റി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it