തെലങ്കാന മന്ത്രിസഭാ യോഗം ഇന്ന്; നിയമസഭ പിരിച്ചുവിടാന്‍ സാധ്യത

ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചുവിടുമെന്ന അഭ്യൂഹത്തിനിടെ സംസ്ഥാന മന്ത്രിസഭ ഇന്നു യോഗം ചേരുന്നു. അഞ്ചു ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണു മന്ത്രിസഭ ചേരുന്നത്. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണു തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കേണ്ടത്. എന്നാല്‍ കാലാവധിക്കു മുമ്പ് നിയമസഭ പിരിച്ചുവിട്ടു തിരഞ്ഞെടുപ്പു നടത്താനാണു മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നീക്കം. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ സഭ പിരിച്ചുവിടാന്‍ തീരുമാനിക്കുമെന്നാണു തെലങ്കാനാ രാഷ്ട്രസമിതി വൃത്തങ്ങള്‍ പറയുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിനെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കാതിരിക്കുന്നതാണു ഗുണകരമെന്നാണു മുഖ്യമന്ത്രി കരുതുന്നതത്രെ. കഴിഞ്ഞയാഴ്ചകളില്‍ സംസ്ഥാനത്തെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കു ഗുണമുണ്ടാക്കുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയമായ അനുകൂല കാലാവസ്ഥയെ ഉപയോഗപ്പെടുത്തി നേരത്തെ തിരഞ്ഞെടുപ്പിനെ നേരിടാനാണു ടിആര്‍എസ് ഉദ്ദേശിക്കുന്നത്. നിയമസഭ പിരിച്ചുവിടുകയാണെങ്കില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളോടൊപ്പം ഈ വര്‍ഷമൊടുവില്‍ തെലങ്കാനയിലും വോട്ടെടുപ്പു നടക്കാന്‍ സാധ്യതയുണ്ടെന്നു മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ടി എസ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

Next Story

RELATED STORIES

Share it