തെലങ്കാന നിയമസഭയില്‍ ബഹളം

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ സംഭവങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവച്ചതിനെത്തുടര്‍ന്ന് തെലങ്കാന നിയമസഭ പലവട്ടം നിര്‍ത്തിവച്ചു. സര്‍വകലാശാല വിഷയം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗങ്ങളാണ് ആവശ്യപ്പെട്ടത്. ചോദ്യോത്തരവേളയ്ക്കുശേഷം വിഷയം ചര്‍ച്ചചെയ്യാന്‍ കാര്യോപദേശസമിതി തീരുമാനിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്ററികാര്യമന്ത്രി ടി ഹരീഷ് റാവു സഭയെ അറിയിച്ചു. എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെ, കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്കു കുതിച്ചു. ഇടതുകക്ഷികളും ചര്‍ച്ച ആവശ്യപ്പെട്ട് ബഹളംവച്ചു. ബഹളംമൂലം സഭ മൂന്നുതവണ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. എഐഎംഐഎം, സിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ ഹൈദരാബാദ് സര്‍വകലാശാലാ കാംപസില്‍ നിന്ന് പോലിസിനെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാംപസിനകത്തെ പോലിസ് നടപടികള്‍ അപലപനീയമെന്നു വിവിധ മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെട്ടിരുന്നു. പോലിസിനെ കാംപസിനകത്തുനിന്ന് പിന്‍വലിക്കാനും ഇവര്‍ ആവശ്യമുന്നയിച്ചിരുന്നു. അതേസമയം, അധികൃതര്‍ ഭക്ഷണം നിഷേധിച്ചതിനെത്തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാലയിലേക്ക് ഇഫഌ വിദ്യാര്‍ഥികളും അധ്യാപകരും അടക്കമുള്ളവരുടെ നേതൃത്വ ത്തി ല്‍ ഭക്ഷണവിതരണം ആരംഭിച്ചിരുന്നു. അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കു നിയമസഹായം ലഭ്യമാക്കാനുള്ള പിന്തുണയും ഇവരില്‍ നിന്നാണ്. അറസ്റ്റിലായവരെ പിന്തുണച്ച് സര്‍വകലാശാല പൂര്‍വവിദ്യാര്‍ഥികള്‍ പ്രസ്താവന പുറത്തിറക്കിയിരുന്നു.
Next Story

RELATED STORIES

Share it