തെലങ്കാന: ടിആര്‍എസില്‍ അതൃപ്തി പുകയുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ അതൃപ്തിയും കൂറുമാറ്റവും പ്രത്യക്ഷമായി. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്)യിലാണ് പ്രധാനമായും അതൃപ്തി പുകയുന്നത്. ആകെയുള്ള 119 നിയമസഭാ മണ്ഡലങ്ങളില്‍ 105 ഇടങ്ങളില്‍ ടിആര്‍എസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ട ഉടനെയായിരുന്നു മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയത്.
കഴിഞ്ഞ നിയമസഭയില്‍ അംഗമായിരുന്ന വാറങ്കല്‍ ജില്ലക്കാരനായ കോണ്ഡസുരേഖ ടിആര്‍എസിന്റെ ആദ്യ പട്ടികയിലില്ല. ഇതില്‍ സുരേഖ അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. നേതൃത്വത്തിനെതിരേ പൊട്ടിത്തെറിച്ച അവരെ നേതൃത്വവും വിമര്‍ശിച്ചു. വരുംദിവസങ്ങളില്‍ സുരേഖ ഭാവിപരിപാടികള്‍ പ്രഖ്യാപിക്കുമെന്നാണറിയുന്നത്.
ചെണ്ണൂരിലെ സിറ്റിങ് ടിആര്‍എസ് എംഎല്‍എ നല്ലള ഒഡേലുവിനും ടിക്കറ്റില്ല. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍, ഒഡേലു പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് ടിആര്‍എസ് വൃത്തങ്ങള്‍ പറയുന്നത്. മല്‍സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതില്‍ അദിലാബാദ് ജില്ലയിലെ രമേഷ് റാത്തോഡും അമര്‍ഷം മറച്ചുവയ്ക്കുന്നില്ല. ടിഡിപിയില്‍ നിന്നു കൂറുമാറി ടിആര്‍എസില്‍ എത്തിയ നേതാവാണ് അദ്ദേഹം.
ടിക്കറ്റ് നിഷേധിക്കപ്പെട്ട മറ്റു ചില ടിആര്‍എസ് നേതാക്കള്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്തു. ഇവരെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നുണ്ട്.
അതിനിടെ അവിഭക്ത ആന്ധ്രാപ്രദേശില്‍ വൈ എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിയമസഭാ സ്പീക്കറായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ആര്‍ സുരേഷ് റെഡ്ഡി പാര്‍ട്ടി വിട്ട് ഔപചാരികമായി ടിആര്‍എസില്‍ ചേര്‍ന്നു. 2014നു ശേഷം ടിആര്‍എസില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ എ രാജേന്ദര്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയിട്ടുണ്ട്.
തെലങ്കാനയില്‍ കോണ്‍ഗ്രസ് ടിഡിപി, സിപിഐ പാര്‍ട്ടികള്‍ വിശാല സഖ്യത്തിന്റെ പാതയിലാണ്. അതിനാല്‍ സീറ്റ് നീക്കുപോക്കിന്റെ ഭാഗമായി ചില നേതാക്കള്‍ക്ക് ടിക്കറ്റ് ലഭിച്ചില്ലെന്നുവരാം. പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതോടെ പുനരേകീകരണം വര്‍ധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it