തെലങ്കാനയില്‍ വാഹനാപകടം; അഞ്ച് മലയാളികള്‍ അടക്കം ആറു മരണം

കാസര്‍കോട്/ കര്‍ണൂല്‍: തെലങ്കാനയിലെ കര്‍ണൂലിനടുത്ത വെല്‍ത്തുരുത്തിയില്‍ മലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചു പേരും ഡ്രൈവറും മരിച്ചു. കാസര്‍കോട് ദേലമ്പാടി പഞ്ചായത്തിലെ ഊജമ്പാടിയില്‍ താമസക്കാരായ കുടിയേറ്റ കര്‍ഷകന്‍ കോട്ടയം സ്വദേശി ദേവസ്യ (65), ഭാര്യ ത്രേസ്യാമ്മ (62), മകന്‍ റോബിന്‍സ് (38), ഭാര്യ ബിന്‍സ്‌മോള്‍ (28), ഇവരുടെ നാലു മാസം പ്രായമുള്ള കുട്ടി, ഡ്രൈവര്‍ ആന്ധ്ര സ്വദേശി പവന്‍കുമാര്‍ എന്നിവരാണ് മരിച്ചത്. ബംഗളൂരു-ഹൈദരാബാദ് പാതയില്‍ ഇന്നലെ പുലര്‍ച്ചെ   4.30ഓടെയാണ് സംഭവം. മെഹ്ബൂബ് നഗറിലെ മക്തലില്‍ കേരള ടെക്‌നോ സ്‌കൂള്‍ നടത്തിവരുകയായിരുന്നു റോബിന്‍സ്. വര്‍ഷങ്ങളായി ഇവര്‍ ആന്ധ്രയിലാണ് താമസം. 30 വര്‍ഷം മുമ്പാണ് ദേവസ്യയും കുടുംബവും ഊജമ്പാടിയിലേക്ക് കുടിയേറിയത്. കോട്ടയം പൂഞ്ഞാറിലെ പള്ളിയില്‍ റോബിന്‍സിന്റെ കുട്ടിയുടെ മാമോദീസയായിരുന്നു കഴിഞ്ഞ ദിവസം. ഇതിനു ശേഷം കുടുംബാംഗങ്ങളുമായി ആന്ധ്രയിലേക്ക് തിരിച്ചുപോകവെയാണ് അപകടം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. പൂഞ്ഞാര്‍ അടിവാരം സ്വദേശിനിയാണ് ബിന്‍സ്‌മോള്‍. ദേവസ്യയുടെ സഹോദരങ്ങള്‍: തോമാച്ചന്‍, പാപ്പച്ചന്‍, ജോസ് (കോട്ടയം), എലിക്കുട്ടി, മറിയക്കുട്ടി, കുട്ടിയച്ചന്‍, റോസമ്മ, പരേതനായ ഔസേപ്പച്ചന്‍. തളിപ്പറമ്പ് നടുവില്‍ മണ്ഡപത്തെ പാലത്തിങ്കല്‍ കുടുംബാംഗമാണ് മരിച്ച ത്രേസ്യാമ്മ. സഹോദരങ്ങള്‍: ജോസ്, ശെല്‍വന്‍, ജോസി.
Next Story

RELATED STORIES

Share it