തെലങ്കാനയില്‍ കോണ്‍ഗ്രസ്, ടിഡിപി, സിപിഐ സഖ്യം

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ്, ടിഡിപി, സിപിഐ കക്ഷികള്‍ സഖ്യം രൂപീകരിച്ചു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനെ ഒരുമിച്ചു നേരിടുമെന്നു മൂന്നു കക്ഷികളും വ്യക്തമാക്കി. നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു വരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്നു പാര്‍ട്ടി നേതാക്കള്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടു. കാലാവധി പൂര്‍ത്തിയാവും മുമ്പേ നിയമസഭ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് കാവല്‍ മന്ത്രിസഭയാണ് നിലവില്‍ തെലങ്കാനയിലേത്. കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ നിയമസഭ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. 2019 മെയ് വരെ നിലവിലെ സര്‍ക്കാരിന് കാലാവധിയുണ്ടായിരുന്നു.
ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടക്കുന്ന അവസ്ഥ മറികടക്കാനായി മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നിയമസഭ പിരിച്ചുവിടുകയായിരുന്നു. മന്ത്രിസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കുകയും സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയുമായിരുന്നു. നിയമസഭ പിരിച്ചുവിട്ടതോടെ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങള്‍ക്കൊപ്പം തെലങ്കാനയിലും തിരഞ്ഞെടുപ്പ് നടക്കാമെന്ന സാധ്യതയാണ് ടിആര്‍എസ് തേടിയത്.
എന്നാല്‍, ഇതിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. തിരഞ്ഞെടുപ്പ് നേരത്തേ നടത്താനുള്ള നീക്കത്തിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. കാവല്‍ മുഖ്യമന്ത്രിയായി ചന്ദ്രശേഖര്‍ റാവു തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പ് സുതാര്യമായും നിഷ്പക്ഷമായും നടക്കില്ലെന്നു സഖ്യം അഭിപ്രായപ്പെട്ടു.
പിരിച്ചുവിട്ട നിയമസഭയില്‍ 119ല്‍ 90 സീറ്റും ടിആര്‍എസിനായിരുന്നു. അടുത്ത വര്‍ഷത്തോടെ പ്രതിപക്ഷ ഐക്യം ശക്തമാവുമെന്നു ഭയന്നാണ് ചന്ദ്രശേഖര്‍ റാവു തിരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈയിടെ പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികള്‍ മുന്‍നിര്‍ത്തി ജനവികാരം അനുകൂലമാക്കാനാണ് ഈ തന്ത്രമെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it