തെലങ്കാനയില്‍ എട്ടു മാവോവാദികളെ പോലിസ് വെടിവച്ചുകൊന്നു

ഹൈദരാബാദ്: തെലങ്കാനയിലെ ഭദ്രാദി കോതഗൂഡം ജില്ലയില്‍ പോലിസ് എട്ടു മാവോവാദികളെ വെടിവച്ചുകൊന്നു. ജില്ലയിലെ തകുലപള്ളി വനത്തില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. മരിച്ചവരില്‍ ഈസാം നരേഷ്, എം സമയ്യ, സഞ്ജീവ്, നരംസിംഹ, അമര്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പുതുതായി രൂപീകരിക്കപ്പെട്ട സിപിഐ(എംഎല്‍) ചന്ദ്രപുള്ളറെഡ്ഡി ബട്ട സംഘടനയിലെ അംഗങ്ങളാണ് മരിച്ചത്. രഹസ്യവിവരം കിട്ടിയതനുസരിച്ച് തിരച്ചില്‍ നടത്തിവന്ന പോലിസിനു നേരെ വെടിവച്ചുവെന്നും തുടര്‍ന്ന് തിരിച്ചു വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഏറ്റുമുട്ടലില്‍ പോലിസുകാര്‍ക്കു പരിക്കേറ്റിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സംഭവസ്ഥലത്തു നിന്ന് അഞ്ച് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മരിച്ചവര്‍ നക്‌സലൈറ്റുകളുടെ ജനശക്തി എന്ന സംഘടനയുമായി ബന്ധപ്പെട്ട് നേരത്തേ പ്രവര്‍ത്തിച്ചവരാണ്. കെ രജന, ബി നരസിംഹലു എന്നിവരുടെ നേതൃത്വത്തില്‍ 12 അംഗങ്ങളടങ്ങിയ പുതിയ സംഘടന രൂപീകരിച്ചത് ജൂലൈ 24നാണ്. ജയശങ്കര്‍ ഭൂപല്‍പള്ളി, മഹബൂബാബാദ്, കോതഗൂഡം, ഖമ്മം എന്നീ ജില്ലകളിലാണ് ഇവര്‍ പ്രവര്‍ത്തിച്ചുവന്നതെന്ന് പോലിസ് പറഞ്ഞു.സംഘം വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ജനകീയ പഞ്ചായത്ത് നടത്തുകയും സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കുകയും ചെയ്തുവെന്ന് പോലിസ് ആരോപിച്ചു.
Next Story

RELATED STORIES

Share it